Categories: Ernakulam

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ബിന്ദുവാക്കണം: മന്ത്രി കെ.വി.തോമസ്‌

Published by

കൊച്ചി: പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമമുണ്ടാവണമെന്ന്‌ കേന്ദ്ര പൊതുവിതരണ വകുപ്പ്‌ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന്‌ ഈ സ്ഥാനത്തിനുള്ള എല്ലാ യോഗ്യതകളുമുണ്ടെങ്കിലും കച്ചവടവല്‍ക്കരണം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തളര്‍ത്തിയിട്ടുണ്ടെന്ന്‌ നിറ്റക്‌(കാലിക്കറ്റ്‌ എന്‍ഐടി പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്‍) ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രൊഫ. തോമസ്‌ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള ചെലവ്‌ ഇക്കാലത്ത്‌ ഭാരിച്ചതാണെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട കേന്ദ്രങ്ങളായി മാറിയിരിക്കുകയാണിപ്പോള്‍. ക്രൈസ്തവ സഭകള്‍ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മത്സ്യത്തൊഴിലാളികളുടേയും മറ്റ്‌ അവശ വിഭാഗങ്ങളുടേയും കുട്ടികളെ സൗജന്യമായി നേരത്തെ പഠിപ്പിച്ചിരുന്നതില്‍ നിന്ന്‌ തികച്ചും വ്യത്യസ്തമാണ്‌ ഇപ്പോഴത്തെ സ്ഥിതിയെന്ന്‌ മന്ത്രി പറഞ്ഞു.

നിറ്റ്ക കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ വി.എം.ഫസല്‍ അലി അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഡൊമിനിക്ക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കോഴിക്കോട്‌ എന്‍ഐടി ഡയറക്റ്റര്‍ പ്രൊഫ.സന്ദീപ്‌ സഞ്ജേഥി, സംഘാടക സമിതി ചെയര്‍മാന്‍ ജോസഫ്‌ ഫിലിപ്പ്‌, നിറ്റ്ക കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി സന്ദീപ്‌ കൃഷ്ണന്‍, ഡോ.ബാബു ടി.ജോസ്‌, പ്രൊഫ.ശങ്കരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by