ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിനുവേണ്ടിയുള്ള നിരാഹാര സത്യഗ്രഹത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ തള്ളി. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മധ്യ ദല്‍ഹിയിലെ ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ ഈമാസം 16 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാണ് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രണ്ടര ദിവസംകൊണ്ട് അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അസ്വീകാര്യവും ഭരണഘടനാവിരുദ്ധവുമാണെന്ന് ടീം ഹസാരെ അംഗം മനീഷ് സിസോദിയ വ്യക്തമാക്കി. ജന്തര്‍ മന്ദിറില്‍ നിരാഹാര സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച ദല്‍ഹി പോലീസാണ് പകരം ജയപ്രകാശ്നാരായണ്‍ പാര്‍ക്ക് നിര്‍ദ്ദേശിച്ചത്. ശക്തവും സമഗ്രവുമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് ഹസാരെ നടത്തുന്ന പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ കേന്ദ്രനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി പോലീസ് ഉപാധികളോടെ സത്യഗ്രഹത്തിന് അനുമതി നല്കാന് തീരുമാനിച്ചതെന്ന് കരുതുന്നു.
സത്യഗ്രഹത്തിന് അനുമതിക്കായി വ്യവസ്ഥകളും ഉറപ്പുകളും തേടുന്നത് അസംബന്ധവും ഭരണഘടനാവിരുദ്ധവുമായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പൊതുസമൂഹ പ്രതിനിധിയും ലോക്പാല്‍ ബില്‍ കരട് സമിതി അംഗവുമായ പ്രശാന്ത്ഭൂഷണ് വ്യക്തമാക്കി.
ഹസാരെയുടെ പ്രതിഷേധപരിപാടി ന്യായീകരിക്കത്തക്കതല്ലെന്നും ആരോഗ്യനില മോശമായാല്‍ ഇടപെടുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹസാരെ ജന്തര്‍മന്ദിറില്‍ നടത്തിയ നിരാഹാര സത്യഗ്രഹം സൃഷ്ടിച്ച ചലനങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന ഭീതിയിലാണ് അട്ടിമറിനീക്കങ്ങളുമായി യുപിഎ സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് രാജ്യവ്യാപക പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് കരട് ലോക്പാല്‍ ബില്ലിനായി സംയുക്ത സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
കഴിഞ്ഞ ദിവസം ടീം ഹസാരെക്ക് ദല്‍ഹി പോലീസ് കൈമാറിയ കത്തിലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈമാസം 18 ന് ആറ് മണിയോടെ അനുയായികള്‍ക്കൊപ്പം പാര്‍ക്ക് ഒഴിയുമെന്ന് മുഖ്യ സംഘാടകര്‍ ഉറപ്പുനല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അണ്ണാ ഹസാരെ, അരവിന്ദ് കേജ്രിവാള്, ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്, കിരണ്‍ ബേദി തുടങ്ങിയ പൊതുസമൂഹ പ്രതിനിധികള്‍ അതില്‍ ഒപ്പിട്ടിരിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോലീസിന്റെ മറ്റ് വ്യവസ്ഥകള്‍ ഇവയാണ്: സത്യഗ്രഹികളുടെ എണ്ണം 5000 ല്‍ കവിയാന്‍ പാടില്ല, അവരെ കൃത്യമായ വരികളില്‍ അച്ചടക്കത്തോടെ ഇരുത്തുകയും റോഡുകളില്‍ ചിതറി നടക്കുന്നത് വിലക്കുകയും വേണം. സത്യഗ്രഹികളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ദിവസേന മൂന്നുതവണയെങ്കിലും പരിശോധിക്കണം. ഏതെങ്കിലും വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അന്തിമമായി കണക്കാക്കണം. ഒരു വിധത്തിലുമുള്ള ഉച്ചഭാഷിണികളും അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു.
ഇതേസമയം, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്തില്‍ അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണെന്ന് ഹിന്ദിയില്‍ കടുത്ത ഭാഷയില്‍ എഴുതിയ കത്തില്‍ ഹസാരെ കുറ്റപ്പെടുത്തി. താന്‍ ആവശ്യപ്പെട്ട വേദിയില്‍ സത്യഗ്രത്തിന് അകാരണമായി അനുമതി നിഷേധിച്ചത് ഏകാധിപത്യ ഭരണത്തിന്റെ സൂചനയല്ലേയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
“ഭരണഘടനയെ ബലികഴിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും അനുവദിക്കില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് തങ്ങളുടെ സ്വാതന്ത്ര്യം കവരുന്ന നടപടിയാണ് സര്‍ക്കാരിേന്റത്.” രാജ്യത്തിന്റെ 65-ാം സ്വാതന്ത്ര്യദിനത്തില്‍ ഏതു മുഖവുമായാണ് താങ്കള്‍ ദേശീയപതാക ഉയര്‍ത്തുകയെന്ന് ഹസാരെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: