ആയിരം നാവുള്ള അനന്തന് എന്ന് കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്നത് കുഞ്ഞനന്തനെയാണ്. കമ്മ്യൂണിസത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് ആയിരമില്ലെങ്കിലും ഒരു നൂറ് നാവെങ്കിലും കാണാതിരിക്കുമോ? ലോകകമ്മ്യൂണിസത്തിന്റെ മിടിപ്പുകള്‍ അപ്പപ്പോള്‍ അറിഞ്ഞിരുന്ന ആ പഴയകാല പത്രപ്രവര്ത്തകന് ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ പാര്‍ട്ടി ചുരുട്ടി ഒതുക്കി “ബ. കു. ന” ആക്കി മാറ്റിയതിന് പിന്നില്‍ കമ്മ്യൂണിസത്തിന്റെ അപചയത്തിന്റെ ചരിത്രമുണ്ട്.
ജനിച്ചതും മുഷ്ടി ചുരുട്ടി ഉറക്കെ കരഞ്ഞ കുഞ്ഞനന്തന് സ്വാഭാവികമായും കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. പിന്നീട് പോസ്റ്റര്‍ ഒട്ടിച്ച് പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. “പതുക്കെ പറഞ്ഞാലും പറവൂരില്‍ കേള്‍ക്കുന്ന” ശബ്ദമായതുകൊണ്ട് സഖാക്കള്‍ മെഗാഫോണ്‍ കുഞ്ഞനന്തനെ ഏല്‍പ്പിച്ചു. ഒരു പാട്ട, കുമ്പിള്പോലെ കുത്തിയതാണ് മെഗാഫോണ്‍. ഒരുവശത്തുകൂടി പതുക്കെ പറഞ്ഞാല്‍ മറുവശത്ത് വളരെ ഉയര്‍ന്ന ശബ്ദത്തില്‍ കേള്‍ക്കാനാവുമെന്ന് മറ്റൊരു ഗതിയുമില്ലാത്ത ശുദ്ധ നാട്ടുംപുറത്തുകാര്‍ അക്കാലത്ത് അവകാശപ്പെട്ടിരുന്ന അമൂല്യവസ്തു. യഥാര്‍ത്ഥത്തില്‍ ഈ മെഗാഫോണ്‍ കുഞ്ഞനന്തന് നായരുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ പ്രതീകമാണ്. തന്റെ മനസ്സിലെ കുഞ്ഞുനൊമ്പരങ്ങള് താന്‍ കൂടി ചോരയും വിയര്‍പ്പും നല്കി പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ അപഥസഞ്ചാരത്തിനെതിരെയുള്ള വലിയ പ്രതിഷേധ ശബ്ദമായി ഇവിടെ മാറുന്നു. പിന്നീട് അക്കാലത്തെ അത്യന്താധുനികനായ ഉച്ചഭാഷിണികള്‍ രംഗപ്രവേശനം ചെയ്തതോടെ അതും വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ പഠിച്ച് നേതാക്കളുടെ പ്രിയങ്കരനായി. ഇതിനിടയില്‍ പരിശ്രമശാലിയായ കുഞ്ഞനന്തന് ഇംഗ്ലീഷ് പഠനം ആരംഭിച്ചു. തന്റെ ആശയങ്ങളെ ടൈപ്പ്റൈറ്റിലൂടെ കടത്തിവിട്ട് മനോഹാരിതയോടെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും അഭ്യസിച്ചു. ഇതെല്ലാംകണ്ട് മനസ്സ് നിറഞ്ഞ സഖാവ് പി.കൃഷ്ണപിള്ള കുഞ്ഞനന്തന് പാര്‍ട്ടി അംഗത്വവും നല്കി.
കമ്മ്യൂണിസ്റ്റുകാരിലെ അഭ്യസ്തവിദ്യനായിരിക്കുമ്പോഴാണ് ‘ബ്ലിറ്റ്സ്’ വാരികയുടെ ഇന്ത്യയില്‍നിന്നുള്ള ലേഖകന്‍ മടങ്ങിയെത്തിയത്. ബ്ലിറ്റ്സിലെ ആര്.കെ.കരണ്ജിയോട് കുഞ്ഞനന്തന് ആ ചുമതല ഏല്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശുപാര്‍ശ ചെയ്തു. അങ്ങനെ ബ്ലിറ്റ്സ് പത്രത്തിന്റെ യൂറോപ്യന്‍ ലേഖകനായി കുഞ്ഞനന്തന് ബര്‍ലിനിലെത്തി. ഇന്ത്യയിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച കുഞ്ഞനന്തനെ ജര്‍മ്മനി എല്ലാ അര്‍ത്ഥത്തിലും സ്വാധീനിക്കുകയും ആഗോളമായ കാഴ്ചപ്പാട് ആ മനസ്സില്‍ സൃഷ്ടിക്കുകയും ചെയ്തു. ജര്‍മ്മനി കുഞ്ഞനന്തനിലെ കമ്മ്യൂണിസ്റ്റുകാരനെയും പരിപക്വമാക്കി. ബ്ലിറ്റ്സിന് പുറമേ ജര്‍മ്മനിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പത്രങ്ങളിലും വാരികകളിലും ഏഷ്യയിലെയും ഇന്ത്യയിലെയും കമ്മ്യൂണിസത്തിന്റെ വളര്‍ച്ച, വേരോട്ടം, നേരിടുന്ന പ്രശ്നങ്ങള്‍ ഇവയെക്കുറിച്ച് ആധികാരികതയോടെ എഴുതി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ലോക കമ്മ്യൂണിസ്റ്റ് നേതാക്കളായ ക്രൂഷ്ചേവ്, ബ്രഷ്ണോവ് മുതലായവരുമായി അടുത്ത് ഇടപഴകാനും അവസരമുണ്ടായി. അങ്ങനെ കുഞ്ഞനന്തന് വളര്‍ന്ന് അറിയപ്പെടുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്നായരായി.
ഇതിനിടയില്‍ 1957 മാര്‍ച്ച് 16-ാം തീയതി ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. കേരള മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ അനൗദ്യോഗിക സെക്രട്ടറിയാകാനുള്ള അന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.എന്‍.ഗോവിന്ദന് നായരുടെ അഭ്യര്‍ത്ഥനയുണ്ടായി. പിന്നീട് 1957 ഏപ്രില്‍ അഞ്ചിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ബര്‍ലിന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കുഞ്ഞനന്തന് നായര്‍ പങ്കാളിയാകുകയും ചെയ്തു. ഇഎംഎസ് മന്ത്രിസഭയ്ക്കുനേരെ വിമോചനസമരം ആഞ്ഞടിക്കുകയായിരുന്നു. പ്ലോട്ട് ടു ടോപ്പിള്‍ ഇഎംഎസ് ഗവണ്മെന്റ് എന്ന പേരില്‍ അത്തരം ശ്രമങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരുവാനും പ്രതിരോധങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ഒരു ലഘുലേഖ തയ്യാറാക്കി എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മറ്റും വിതരണം ചെയ്തു.
പൊളിച്ചെഴുത്ത് എന്ന തന്റെ കൃതിയില്‍ സിഐഎ ചാരന്മാര് വിമോചനസമരത്തെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്ന് കുഞ്ഞനന്തന് നായര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിഭൂമി തരിശിട്ട് ഭക്ഷ്യക്ഷാമം ഉണ്ടാക്കുവാനുള്ള നീക്കംപോലും ഭൂഉടമകള്‍ നടത്തി. കുട്ടനാട്ടിലെ കായല്‍ രാജാക്കന്മാരായ കെ.എം.കോര, നിരണം ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമം. ഈ നീക്കത്തെ പ്രധാനമന്ത്രി നെഹ്റുപോലും അപലപിച്ചു. തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നെഹ്റു കോരക്ക് എഴുതിയ കത്ത് തപാലില്നിന്നും പുറത്തെടുത്ത് അതിന്റെ കോപ്പികള്‍ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ഇഎംഎസിന് അയച്ചുകൊടുത്തതായി ബര്‍ലിന്‍ പരാമര്‍ശിക്കുന്നു. 1959 ജൂലൈ 31-ാം തീയതി ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം കേന്ദ്രം ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടു.
ബര്‍ലിന്‍ മതില് പൊളിയുകയും യൂറോപ്യന്‍ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെ കുഞ്ഞനന്തന് നായര്‍ കേരളത്തിലേക്ക് തിരിച്ചുവന്നു.
കേരളത്തിലെ പാര്‍ട്ടിയുടെ അധാര്‍മികതയും നയങ്ങളില്‍നിന്നുള്ള വ്യതിചലനവും ബര്‍ലിനെ കുപിതനാക്കി. പാര്‍ട്ടി നാലാംലോക വാദത്തിന്റെ പിടിയിലാണെന്നും നേതാക്കള്‍ക്കും പാര്‍ട്ടിക്കും കൂടി 8000 കോടി രൂപയുടെ ആസ്തിയുണ്ടെന്നും കുഞ്ഞനന്തന് നായര്‍ തുറന്നുപറഞ്ഞു. മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരാണ് പിണറായി വിജയനും ബേബിയും തോമസ് ഐസക്കുമെന്ന് ചൂണ്ടിക്കാട്ടിയ ബര്‍ലിനെ 2005 ല്‍ പാര്‍ട്ടി പുറത്താക്കി. അതിനുശേഷം അദ്ദേഹം ഒരുകാലത്ത് ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിച്ചിരുന്ന പത്രങ്ങളിലൂടെ പാര്‍ട്ടിയുടെ ഗതിമാറ്റത്തെ നിശിതം വിമര്‍ശിക്കുകയാണ്. വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കില്‍ 64 പേര്‍ക്ക് നിയമനം ലഭിക്കുമ്പോള്‍ രണ്ട് ലക്ഷം ലിറ്റര്‍ കുടിവെള്ളം നിത്യേന അവിടെ വേണ്ടിവരുമെന്നും 6000 പേര്‍ക്ക് കുടിവെള്ളക്ഷാമം അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇപ്പോള്‍ ബര്‍ലിന്‍ മാധ്യമശ്രദ്ധയെ ആകര്‍ഷിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ വിലക്ക് ലംഘിച്ച് വി.എസ്.അച്യുതാനന്ദന് കൂടിക്കാഴ്ച നടത്തിയതോടെയാണ്. വെറുമൊരു കൂടിക്കാഴ്ചക്കപ്പുറം എക്കാലത്തേയും തന്റെ ആത്മമിത്രമായി. ഒരു തികഞ്ഞ സ്റ്റാലിനിസ്റ്റായി ബര്‍ലിന്‍ കണക്കാക്കുന്ന അച്യുതാനന്ദന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ കൂടിയാണ് അദ്ദേഹം തന്റെ ‘പൊളിച്ചെഴുത്ത്’ എന്ന ആത്മകഥയുടെ രണ്ടാംഭാഗം പുറത്തുവിടുന്നത്.
പിണറായി വിജയന്റെ മകള്‍ക്ക് തന്റെ പാര്‍ട്ടി ആള്‍ദൈവമെന്ന് പരിഹസിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അധീനതയിലുള്ള സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയെടുക്കുമ്പോള്‍ ഇവിടെ ഇടതുപക്ഷത്തിന്റെ വിദ്യാര്‍ത്ഥികള്‍ അത്തരം കോളേജുകള്‍ക്കെതിരെയുള്ള സമരത്തിലായിരുന്നുവെന്ന് ഒരു മലയാള വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലെ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ധനത്തോടുള്ള പാര്‍ട്ടി സെക്രട്ടറിയുടെ അമിതാവേശം അടിവരയിട്ടു പറയുന്ന അഭിമുഖം തികച്ചും നിഷ്പക്ഷമാണെന്ന് കരുതുകവയ്യ. പാര്‍ട്ടി എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന പഴയ പന്ഥാവില്നിന്ന് അണുവിട വ്യതിചലിച്ചിട്ടില്ലെന്നും നീചമായ ധനമോഹത്തിന്റെ കേവലമായ ആദര്ശവല്ക്കരണമാണെന്നുമാണ് കുഞ്ഞനന്തന് സംഭവങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ തന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന് മുന്‍തൂക്കമുണ്ടാകുമെങ്കിലും കുഞ്ഞനന്തന് നായരുടെ വെളിപ്പെടുത്തലുകള്‍ക്കായി നമുക്ക് കാതോര്‍ത്തിരിക്കാം.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: