കണ്ണൂര്‍: പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ മാസം 23 മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുവെങ്കില്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടപാടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കുണ്ടെന്ന് പ്രാഥമികമായി കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കാന്‍ പറഞ്ഞത്. ഇത് മനസിലായതിനാലാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതു കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. വിജിലന്‍സ് വകുപ്പിന്റെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്നത് പൊതുഭരണ വകുപ്പാണെന്നും അതിന്റെ ചുമതല മുഖ്യമന്ത്രിക്കാണെന്നും അനുബന്ധ വകുപ്പായ ആഭ്യന്തര വകുപ്പിന്റെയും ചുമതല മുഖ്യമന്ത്രിക്കാണെന്നും പിണറായി പറഞ്ഞു.
നിയമവ്യവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. അധികാരത്തില്‍ കടിച്ചുതൂങ്ങി നില്ക്കാന് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: