തിരുവനന്തപുരം : മുന്‍ എം.എല്‍.എയും സോഷ്യലിസ്റ്റ് ചിന്തകനുമായ ആറ്റിങ്ങല്‍ ഗോപാലപിള്ള (92) അന്തരിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് മൂന്നാഴ്ചയായി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശാസ്തമംഗലം എന്‍എസ്എസ് കരയോഗ മന്ദിരത്തിനു സമീപം മഹേഷിലായിരുന്നു ഗോപാല പിള്ള താമസിച്ചിരുന്നത്. 1919 മേയ് എട്ടിന് ചിറയിന്‍കീഴ് വലിയവീട്ടില്‍ അഡ്വ. തമ്പാനൂര്‍ നാരായണപിള്ളയുടെ മകനായി ജനിച്ച ആറ്റിങ്ങല്‍ ഗോപാലപിള്ള സോഷ്യലിസ്റ്റ് ചിന്തകന്‍ റാം മനോഹര്‍ ലോഹ്യയുടെ അടുത്ത സുഹൃത്തായിരുന്നു. ബള്ഗാമില് നിന്നും നിയമബിരുദം നേടിയ അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും ചെയര്‍മാനുമായി.
തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും 1970 ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. നിയമസഭയില്‍ നാലു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായി. രാഷ്ട്രീയ അഴിമതിക്കെതിരായി അഴിമതിനിരോധന ബില്‍ അവതരിപ്പിച്ചു പ്രശംസ പിടിച്ചുപറ്റി. ‘എന്റെ സോഷ്യലിസ്റ്റ് ഓര്‍മ്മകള്‍’ എന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ശ്രദ്ധേയങ്ങളാണ്.
തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ചിനായി സമരം നടത്തി രണ്ടുവട്ടം ജയിലിലായിട്ടുണ്ട്. ഭാര്യ : ഇന്ദിരാ ഗോപാലപിള്ള, മക്കള്‍ : മനോജ് പിള്ള (എന്‍ജിനിയര്‍, ഖത്തര്‍), പരേതനായ എന്‍ജിനിയര്‍ മഹേഷ് പിള്ള. മരുമകള്‍ : ഡോ. ജ്യോതി മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: