മഴുവിന്റെ കാലത്ത് മഴു. കൊഴുവിന്റെ കാലത്ത് കൊഴു. ആവിയുടെ കാലത്ത് ആവി. വിദ്യുച്ഛക്തിയുടെ കാലത്ത് വിദ്യുച്ഛക്തി. അണുവിന്റെ കാലത്ത് അണു. കാലത്തിനനുസരിച്ച് ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗവും മാറിക്കൊണ്ടേയിരിക്കും. പ്രസ്ഥാനങ്ങളില്‍ പുഴുക്കുത്തു വീഴുമ്പോള്‍ പണ്ടൊക്കെ എഴുത്തും ഏഷണിയുമായിരുന്നു. ഇന്നതു മാറി. കാലം മാറിയപ്പോള്‍ കത്തിനു പകരം ക്യാമറകളായി. ഒളിക്യാമറകളാണ് സിപിഎമ്മിനെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്ന മുഖ്യ വിഷയം. കൊച്ചിയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആപ്പീസില് ചേലല്ലാത്ത കാര്യം ചെയ്തതല്ല, അതൊപ്പിയെടുത്തതാണ് കൊടും കുറ്റമായി ചിലരെങ്കിലും കൊട്ടിപ്പാടി നടക്കുന്നത്. പാര്‍ട്ടി സംഘടനാരീതിക്കും മര്യാദയ്ക്കും ചേരാത്ത നടപടിയായിപ്പോയി ഇത് എന്നാണ് രഹസ്യമായും പരസ്യമായും പറഞ്ഞു കൊണ്ടിരിക്കുന്നത്. രോഗവും അനാരോഗ്യപ്രവണതകളും ഒരുപോലെ കുറ്റകരമായ സംഘടനാ വീഴ്ചകളാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അതിന്റെ പേരില്‍ നടപടി സ്വീകരിച്ചു വരുന്നു. താഴേക്കിടയിലുള്ള സഖാക്കള്‍ മുതല്‍ തലയെടുപ്പുള്ള നേതാക്കള്‍ വരെ നടപടികള്‍ക്ക് വിധേയരാകുന്നു. ഇത് ഒരു കേഡര്‍ പാര്‍ട്ടിയായതിന്റെ കെടുതിയാണെന്നു വേണമെങ്കില്‍ കണ്ടെത്താം. ആ പാര്‍ട്ടിയില്‍ അത്രയെങ്കിലും നടക്കുന്നല്ലോ എന്നാശ്വസിക്കുകയും ചെയ്യാം. മണ്ണും പെണ്ണും മണലും പണവും കൊണ്ട് അമ്മാനമാടുന്ന പലരും പല പാര്‍ട്ടികളിലും അമരക്കാരായിരിക്കുന്ന രാജ്യമാണിത്. അതില്‍ ചിലര്‍ പിടിക്കപ്പെടുന്നു മറ്റു ചിലര്‍ തടിതപ്പുന്നു.
രോഗം സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെങ്കില്‍ പ്രസ്ഥാനത്തില്‍ നിന്ന് ആദ്യം പുറത്തുപോകേണ്ടി വരിക കാറല്‍ മാര്‍ക്സ് തന്നെയാണെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം രോഗിയായിരുന്നു എന്നു മാത്രമല്ല മക്കളും മാറാവ്യാധികള്‍ കൊണ്ട് ഏറെ കഷ്ടപ്പെട്ടതാണ്. പട്ടിണി കൊണ്ട് രോഗവും രോഗം കൊണ്ട് മരണവും കണ്ട് മനസ്സു മരവിച്ച അവസ്ഥയില്‍ പോലും മാര്ക്സിന് കഴിയേണ്ടി വന്നിട്ടുണ്ട്. പെണ്‍വിഷയം അതിലും വലിയ സംഘടനാ പ്രശ്നമാണെങ്കില്‍ അക്കാര്യത്തിലും പിടിക്കപ്പെടേണ്ട ആളായിരുന്നു മാര്‍ക്സ്. തന്നെക്കാള്‍ പ്രായവും സാമൂഹ്യ ഉന്നതിയും സൗന്ദര്യവും ഉള്ള സ്ത്രീയായിരുന്നു മാര്‍ക്സിന്റെ കാമുകി. ഏഴു വര്‍ഷക്കാലം ഒളിഞ്ഞും തെളിഞ്ഞും പ്രണയിച്ച ശേഷമാണ് ഭാര്യാഭര്‍തൃ ബന്ധത്തിലേക്ക് എത്തിയത്.
പിറന്ന നാട്ടില്‍ നിന്നും പുറന്തള്ളപ്പെട്ട് പരദേശിയായി പല സ്ഥലത്തും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ലണ്ടനില്‍ അഭയം തേടി. സാഹസികവും സഹതാപാര്‍ഹവുമായ ജീവിതം നയിച്ചാണ് തന്റെ ‘ഇസ’ത്തിന് രൂപം നല്‍കിയത്. ബൂര്‍ഷ്വാ സമൂഹമായിരുന്നെങ്കിലും അല്പം ജനാധിപത്യ സ്വാതന്ത്ര്യം ബ്രിട്ടനില്‍ നിലനിന്നതു കൊണ്ടാണ് ജര്‍മന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും മാര്ക്സിന് ലണ്ടനില്‍ കഴിഞ്ഞു കൂടാന്‍ വഴിയൊരുങ്ങിയത്. ഭാവി തലമുറയുടെ പ്രശ്നങ്ങളും പ്രതിവിധികളും കുറിച്ചു വച്ച മാര്‍ക്സിനു പക്ഷേ തന്റെ തലവിധിയെ കുറിച്ച് പരിതപിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയായിരുന്നു. ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ സ്രഷ്ടാവ് ജീവിച്ചിരുന്നപ്പോള്‍ പരിഗണിക്കപ്പെടാതെ പോയി എന്നത് യാഥാര്‍ഥ്യമാണ്. അദ്ദേഹം മരിച്ചപ്പോള്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെറും പതിനൊന്നു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് പരിമിതിയായി ഇന്ന് തോന്നിയേക്കാം. ചിലരങ്ങനെയാണ്. മരണം ജീവിതകാലത്തെ വെളിച്ചമാകാറുണ്ട്.
പട്ടിണി കിടന്ന് പ്രത്യയശാസ്ത്രമെഴുതുമ്പോള് മാര്‍ക്സിനെ അറിഞ്ഞു സഹായിക്കാന്‍ ആരുമുണ്ടായില്ല. എഴുത്തു മേശയില്‍ മരിച്ചു കിടന്ന മാര്‍ക്സ് പിന്നെ ലോകം അറിയുന്ന ചരിത്രകാരനായി, ചര്‍ച്ചാ വിഷയമായി. മനുഷ്യവര്ഗമുള്ള ലോകത്തെല്ലാം അനുകൂലമായും പ്രതികൂലമായും മാര്‍ക്സ് ചര്‍ച്ച ചെയ്യപ്പെടുന്നു. മാര്‍ക്സിന്റെ പ്രത്യയശാസ്ത്രം പച്ച പിടിച്ച സ്ഥലങ്ങളിലും ചര്‍ച്ചകള്‍ പലവിധമാണ്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല, പ്രത്യേകിച്ചും കേരളത്തില്‍. വര്‍ഗരഹിത സമൂഹത്തിനായി തുനിഞ്ഞിറങ്ങിയവര്‍ വര്‍ഗങ്ങളായി ചേരി തിരിഞ്ഞ് പോരടിക്കുന്നു. അടിമത്തമില്ലാത്ത ലോകം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റ് സമൂഹത്തിലും അടിമകളും ഉടമകളും വിഹരിക്കുന്നു. ബൂര്‍ഷ്വാ സമൂഹത്തിലെ എല്ലാ കെട്ടവാസനകളും വ്യാപരിക്കുന്നു. പെണ്ണും പണവും യഥേഷ്ടം ഉപയോഗപ്പെടുത്തുന്നു.
അപ്പോള്‍ ക്യാമറകള്‍ക്കും ഒളിക്യാമറകള്ക്കും പ്രാധാന്യമേറുന്നത് സ്വാഭാവികം. ഏറ്റവും ഒടുവിലത്തെ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു ബര്‍ലിനാണ്. ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ ബാലസംഘത്തിന്റെ ജാഥ നയിച്ചത് വിപ്ലവത്തിന്റെ പന്തം പേറിക്കൊണ്ടാണത്രേ. ആ കഥയറിയുമ്പോഴാണ് സഖാക്കളില്‍ പലരും പന്തം കണ്ട പെരുച്ചാഴിയെ പോലെ ചാടുന്നത്. പുന്നപ്രയിലും വയലാറിലും പന്തത്തെക്കാള്‍ വലിയ വാരിക്കുന്തങ്ങള്‍ കണ്ടതു കൊണ്ടാകാം വി.എസ്.അച്യുതാനന്ദന് ബര്‍ലിനെ കാണാനും ഭയമില്ലാതായത്.
കേരളത്തിലെ “വര്‍ഗസമര”ത്തിന്റെ പന്തം ഇപ്പോള്‍ വി.എസിന്റെയും വിജയന്റെയും കൈകളിലാണ്. ഇടയ്ക്കിടയ്ക്കത് ഉരസിക്കൊണ്ടിരിക്കും. അപ്പോഴാണ് എരിപൊരികള് ഉതിരുന്നത്. വര്‍ഗവൈരത്തിന് വീര്യം കൂട്ടാന്‍ പണവും പെണ്ണും എന്നും ആയുധമായിരുന്നു. അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത് ഐസ്ക്രീം കേസായിരുന്നു. ഈ കേസൊതുക്കാന്‍ വിജയന് വിഭാഗം നന്നായി പരിശ്രമിച്ചു എന്ന് മറുഭാഗം വാദിച്ചിരുന്നു. കോടികള്‍ ഇതിനായി കീശയിലാക്കി എന്നും ആരോപണം വന്നു. അതല്ല ശരി, അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നായനാരുടെ സാന്നിധ്യത്തില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോവിന്ദന് കൂടി പങ്കെടുത്ത യോഗത്തിലാണ് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതെന്നും പ്രചരിപ്പിച്ചിരുന്നു. ആ യോഗം എജിയും ഡിജിപിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനായിരുന്നു എന്നാണ് അച്യുതാനന്ദന്റെ ഭാഷ്യം. ഐസ്ക്രീം പാര്‍ലര്‍ കേസ് ചൂണ്ടിക്കാണിച്ച് മുസ്ലീം ലീഗിനെ ഒതുക്കി നിര്‍ത്താനും ഒരു തിരഞ്ഞെടുപ്പിലെങ്കിലും (പഞ്ചായത്ത്) അവരെ ഒക്കത്തിരുത്താനും കഴിഞ്ഞു എന്നത് അനിഷേധ്യവുമാണ്. അടവുനയം പഠിച്ചും പഠിപ്പിച്ചും മുന്നേറിയ പാര്‍ട്ടി “വാവടുക്കുമ്പോള്‍ വലിവു രോഗികള്‍” അനുഭവിക്കുന്ന രോഗം പോലെ പാര്‍ട്ടി സമ്മേളനം വരുമ്പോള്‍ വല്ലാതെ വിയര്‍ക്കുകയാണ്.
ആരോപണങ്ങള്‍, ആക്ഷേപങ്ങള്‍, അവകാശവാദങ്ങള്‍ എന്നിവയാല്‍ രംഗം കൊഴുക്കുകയാണ്. ഇതിനൊക്കെ ഇടവേളകള്‍ ലഭിക്കുന്നത് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുറുകുമ്പോഴോ കോടതികള്‍ സഹായിക്കുമ്പോഴോ മാത്രമാണ്. അത് കെട്ടടങ്ങുമ്പോള്‍ വീണ്ടും പാര്‍ട്ടിയിലെ വിഴുപ്പു ഭാണ്ഡങ്ങള്‍ തുറക്കുകയായി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തെ കമ്മ്യൂണിസം കയ്യടക്കാന്‍ പോകുന്നതായിട്ടാണ് തോന്നിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടു രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം. ഒരു ഡസനോളം രാജ്യങ്ങളില്‍ ഭരണ നേതൃത്വം. ശക്തമായ സംഘടനാ ശേഷിയുള്ള ഏകശാസനാ നേതൃത്വം, കൂറ്റന്‍ സൈനിക വ്യൂഹങ്ങള്‍, അണുവായുധ വിദ്യയില്‍ അമേരിക്കയ്ക്കൊപ്പത്തിനൊപ്പം നില്ക്കുന്ന സോവിയറ്റ് യൂണിയന്. ഒറ്റക്കുതിപ്പിലൂടെ കമ്മ്യൂണിസം ലോകാധിപത്യം നേടുമെന്ന് ആരും ആശിച്ചു പോകും. അമേരിക്കയ്ക്കും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇത് ഭയപ്പാടുണ്ടാക്കി. കമ്മ്യൂണിസം, സോഷ്യലിസത്തിന്റെ പേരില്‍ അമേരിക്കയെ അതിര്‍വര്‍ത്തിക്കാന്‍ ശ്രമിച്ച പ്രസ്ഥാനം ഉപഭോഗ വിഷയത്തില്‍ അമേരിക്കയോടൊപ്പമെത്താന്‍ ശ്രമിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒരുകാലത്ത് സോവിയറ്റ് യൂണിയനും ഉണ്ടായിരുന്നു. ഈ പോക്ക് ശരിയല്ലെന്ന് അന്നേ പലരും പറഞ്ഞതാണ്. എടുത്താല്‍ തീരാത്ത ഒന്നും ലോകത്ത് ഒരിടത്തുമില്ല. മനുഷ്യ ക്ഷേമ വിഷയത്തില്‍ ലേകത്തിന്റെ – കമ്മ്യൂണിസത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് മുറവിളി പണ്ടേ ഉയര്‍ന്നതാണ്.
സോഷ്യലിസം ഉണ്ടാകണമെങ്കില്‍ ജനാധിപത്യം പുലര്‍ന്നേ പറ്റൂ. ജനാധിപത്യവും കമ്മ്യൂണിസവും പൂരകങ്ങളല്ല. അതു കൊണ്ടാണ് അജയ്യമെന്ന് കരുതപ്പെട്ട കമ്മ്യൂണിസ്റ്റ് ആധിപത്യം കാല്‍നൂറ്റാണ്ടായി ഊര്‍ധ്വശ്വാസം വലിക്കുന്നത്. ഇത് വെറും ആരോപണ പ്രചരണമല്ല. ലോകസത്യമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. നേരിയ പ്രതീക്ഷ ഉണ്ടായിരുന്ന ചൈന പോലും അമേരിക്കയാകാന്‍ മത്സരിക്കുകയാണ്. അന്നേരമാണ് പാര്‍ട്ടിയിലെ പിടിമുറുക്കാന്‍ ഇവിടെ ചിലര്‍ രണ്ടും കല്പിച്ച് ഇറങ്ങുന്നത്.
പാര്‍ട്ടി പരിപാടികളെക്കാളും ജനകീയാസൂത്രണത്തെക്കാളും ചര്‍ച്ചാ വിഷയമാകുന്നത് ലൈംഗികാപവാദവും സ്ത്രീപീഡനങ്ങളും ആകുന്നത് കേരളീയ സമൂഹത്തിന് ഒട്ടും ഗുണം നല്‍കുന്നതല്ലെന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യ മുന്നേറ്റത്തിന് ആക്കം കൂട്ടിയെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയെ പെണ്‍വിഷയത്തില്‍ താറടിക്കേണ്ടി വരുന്നത് ഒട്ടും അഭികാമ്യമല്ല. ലക്ഷ്യമാണ് പ്രധാനം മാര്‍ഗം പ്രശ്നമല്ല എന്നു പറയുന്ന പ്രസ്ഥാനക്കാര്‍ക്ക് ഗ്രൂപ്പു പോരില്‍ എന്തും ആയുധമാകുന്നതില്‍ അദ്ഭുതപ്പെട്ടിട്ടു കാര്യമില്ല. വിതച്ചതേ കൊയ്യാനൊക്കൂ. പക്ഷേ എല്ലാറ്റിനും ഒരു അതിര്‍വരമ്പ് അനിവാര്യമാണ്. പിന്നെ ജാത്യാലുള്ളതു തൂത്താല്‍ പോകില്ല എന്ന പ്രമാണത്തിന് മരണമില്ലാത്തതിനാല്‍ മുദ്രാവാക്യം ആവര്‍ത്തിച്ചു വിളിക്കാം, സഖാക്കളേ മുന്നോട്ട്!
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: