കോഴിക്കോട് ഇരട്ട സ്ഫോടനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ലഷ്കറെ തൊയ്ബ ഭീകരന് തടിയന്റവിട നസീറിനും ഷഫാസിനും എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ്. കോഴിക്കോട് ഇരട്ടസ്ഫോടനം ഭീകരാക്രമണമായിരുന്നു എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യദ്രോഹം, ഗൂഢാലോന, വധശ്രമം, സര്‍ക്കാര്‍വിരുദ്ധ സമരം, മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമം തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് കരുതപ്പെടുന്ന നസീറാണ് 2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലും മൊഫുസില്‍ ബസ്സറ്റാന്റിലും നടത്തിയ ഇരട്ട സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. ബംഗളൂരു സ്ഫോടനത്തിന്റെ പരീക്ഷണം ആണ് കോഴിക്കോട്ട് അരങ്ങേറിയത് എന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ബംഗളൂരു സ്ഫോടനക്കേസിലും നസീര്‍ പ്രതിയാണ്.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് നസീര്‍ അറസ്റ്റിലായതിനുശേഷമാണ് കേസന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. രണ്ടാം മാറാട് കേസില്‍ മുസ്ലീങ്ങളായ പ്രതികള്‍ക്ക് ജാമ്യം കൊടുക്കാതിരുന്നതിന്റെ പ്രതികാരമായിരുന്നു ഈ ബോംബാക്രമണം. ഇരുവിഭാഗം ജനങ്ങളില്‍ മതവിദ്വേഷം പടര്‍ത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച ഇസ്ലാംമതവിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന സമയം നോക്കി സ്ഫോടനം നടത്തിയത് അവരെ അനിഷ്ട സംഭവങ്ങളില്‍നിന്നും ഒഴിവാക്കാനായിരുന്നു എന്നും കോടതി പറഞ്ഞു.
കേരളം ഭീകരരുടെ ലക്ഷ്യത്തില്‍ നിലനില്ക്കുന്നു എന്നതിന് അടിവരയിടുന്നതാണ് കോഴിക്കോട് സ്ഫോടനത്തിലെ കണ്ടെത്തല്‍. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്, വാഗമണ്‍, പാനായിക്കുളം സിമി, കൈപ്പത്തി കേസ് മുതലായവയും എന്‍ഐഎ അന്വേഷിച്ചതാണ്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച് കുറ്റപത്രം നല്കി വിധികല്‍പ്പിച്ച ആദ്യത്തെ കേസ് കൂടിയാണിത്. കൊച്ചി കളക്ടറേറ്റ് സ്ഫോടനക്കേസില്‍ അബ്ദുള്‍ ഹാലിം അറസ്റ്റിലായ ശേഷമാണ് ഈ കേസില്‍ വഴിത്തിരിവുണ്ടായത്. മാവൂര്‍ റോഡിലെ രണ്ട് ബസ്സ്റ്റാന്റുകളില് സ്ഫോടനം നടത്തുന്നതിന് മുന്‍പ് കളക്ടറേറ്റിലേക്കും ഒരു സായാഹ്ന പത്രത്തിന്റെ ഓഫീസിലേക്കും ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഉത്തരവാദിത്തമേറ്റെടുത്ത് ഒരു പ്രത്യേക സംഘടന ഒരു കുറിപ്പും പത്രം ഓഫീസുകളില്‍ എത്തിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന നടന്നത് കോഴിക്കോട് മര്‍ക്കസ് പള്ളിയിലാണ്.
കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്നത് ഒരു തുടര്‍ക്കഥയാണ്. ഇപ്പോള്‍ കാസര്‍കോട് വെടിവെപ്പില്‍ ജസ്റ്റിസ് നിസാര്‍ കമ്മീഷനിലെ മൊഴികള്‍ പുറത്തുവന്നപ്പോഴും മുസ്ലീംലീഗ് വര്‍ഗീയകലാപം സൃഷ്ടിക്കാനായി മനഃപൂര്‍വം ആസൂത്രണം ചെയ്ത് നടത്തിയ അക്രമമായിരുന്നു കാസര്‍കോട്ട് അരങ്ങേറിയത് എന്നാണ്. കാസര്‍കോട്ട് മുസ്ലീംലീഗ് സമ്മേളനം നടത്താന്‍ മാത്രമായിരുന്നു പോലീസ് അനുമതി നല്‍കിയിരുന്നതെങ്കിലും അനുമതിയില്ലാതെ നടത്തിയ റാലിയില്‍ പങ്കെടുത്തവരാണ് അമേയ കോളനിക്കും ഷണ്മുഖ ഭജനമഠത്തിനും നേരെ അക്രമം നടത്തിയതെന്നും കാസര്‍കോട് എസ്പി രാംദാസ് പോത്തനാണ് നിസാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്. ഭജനമഠത്തിലെ ത്രിശൂലം പിഴുതെറിയപ്പെട്ടു. മതമൗലികവാദികളുടെ പങ്കാളിത്തം ഇതില്‍ പ്രകടമാണെന്നും ഇതേ ദിവസംതന്നെ കാസര്‍കോട് ജില്ലയിലും നാദാപുരത്തും തളിപ്പറമ്പിലും സമാന സംഭവങ്ങള്‍ നടന്നത് ഇത് തെളിയിക്കുന്നു എന്നും എസ്പി പറഞ്ഞു.
മലബാറില്‍ കലാപമുണ്ടാക്കാന്‍ ലീഗ് പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുസ്ലീംലീഗ് മന്ത്രിമാര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്ന് ബിജെപി സൂചിപ്പിച്ചുകഴിഞ്ഞു. ലീഗ് അവകാശപ്പെടുന്ന മതേതര പ്രതിഛായക്കാണ് ഈ വെളിപ്പെടുത്തലുകള്‍ കോട്ടം വരുത്തിയിരിക്കുന്നത്. ഈ അക്രമം റാലിയില്‍ നുഴഞ്ഞുകയറിയ എന്‍ഡിഎഫുകാര്‍ നടത്തിയതാണെന്നാണ് ലീഗ് ഭാഷ്യം.
മലബാറില്‍ വ്യാപകമായി സാമുദായിക കലാപം അഴിച്ചുവിടാനുള്ള തന്ത്രമായിരുന്നു ഇത് എന്നാണ് തെളിയുന്നത്. തളിപ്പറമ്പിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിച്ചിരുന്നു എന്നാണ് മൊഴി. കാസര്‍കോട് പോലീസിന് നേരെ എറിഞ്ഞ മിനുസമുള്ള കല്ലുകള്‍ പോലും സംഘടിപ്പിച്ച് കൊണ്ടുവന്നതാണെന്നും കാസര്‍കോട്ട് കാണുന്ന തരം കല്ലല്ല അതെന്നും മൊഴിയില്‍ പറയുന്നു. ഇതില്‍നിന്നെല്ലാം ലീഗ്-പോപ്പുലര്‍ ഫ്രണ്ടുകാര്‍ ലക്ഷ്യമിട്ടത് സാമുദായിക കലാപംതന്നെ എന്ന് വ്യക്തമാകുകയാണ്. പോലീസ് വെടിവെപ്പാണ് സാമുദായിക കലാപം തടഞ്ഞതെന്നും രാംദാസ് പോത്തന് മൊഴി നല്‍കിയിട്ടുണ്ട്.
സിറ്റിംഗ് ജഡ്ജി ഈ കേസന്വേഷിക്കണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടെങ്കിലും അന്ന് ഭരണം കയ്യാളിയിരുന്ന ഇടതുസര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായ ജസ്റ്റിസ് നിസാറിനെയാണ് കമ്മീഷനായി നിയോഗിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മുസ്ലീംലീഗ് മന്ത്രിമാരെ സംരക്ഷിക്കാനുള്ള മുന്‍കൂര്‍ നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രതികളുടെ മൊഴി പുഛിച്ചുതള്ളുന്നു എന്ന് ലീഗ് വക്താവ് പറയുമ്പോഴും റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്നും നിസാര്‍ കമ്മീഷനില്‍നിന്ന് നിഷ്പക്ഷ അന്വേഷണം പ്രതീക്ഷിച്ചിരുന്നില്ലെന്നും ലീഗ് വക്താവ് പറയുന്നു. പ്രകോപനപരമായി ഒന്നും നടന്നില്ല എന്നവകാശപ്പെടുന്ന ലീഗ് ഹിന്ദു ഭജനാലയത്തിനെതിരെയും ഹൈന്ദവ വ്യാപാരികളുടെ കടകള്‍ക്കെതിരെയും നടത്തിയ അക്രമത്തിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ അവഗണിക്കുകയാണ്.
എന്‍ഐഎ കോടതിവിധിയും കാസര്‍കോട് വെടിവെപ്പന്വേഷണത്തിലെ മൊഴിയും തെളിയിക്കുന്നത് കേരളത്തിലെ ഹൈന്ദവ വിഭാഗത്തോട് മുസ്ലീം സമുദായം വെച്ചുപുലര്‍ത്തുന്ന സ്പര്‍ധയാണ്. ഇന്ന് കേരളം യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മുസ്ലീംലീഗ് ആണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇതൊക്കെ ആശങ്കാജനകമാണ്. ലീഗ് മന്ത്രിമാരെ സംരക്ഷിക്കാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: