കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒന്നാംപ്രതി ലഷ്ക്കര്‍ ഭീകരന് തടിയന്റവിട നസീറും നാലാംപ്രതി ഷഫാസും കുറ്റക്കാരാണെന്ന് പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. കേസിലെ മൂന്നാംപ്രതി കണ്ണൂര്‍ വാഴക്കത്തെരു താഴകത്ത് വീട്ടില്‍ അബ്ദുള്‍ ഹലിമിനെയും ഒമ്പതാം പ്രതി മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി നാലകത്ത് വീട്ടില്‍ യൂസഫിനെയും വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഹാലിമിനെ വിട്ടയച്ചത്. യൂസഫിനെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ കേസാണിത്. ഏഴ് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഒന്നാംപ്രതി തടിയന്റവിട നസീറിനെ കൂടാതെ മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി.യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്ററെന്ന് കരുതപ്പെടുന്ന തടിയന്റവിട നസീറാണ് കോഴിക്കോട് ഇരട്ട സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് നസീര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തിലെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്തും മൊഫ്യൂസില്‍ ബസ്സ്റ്റാന്റിലും സ്ഫോടനങ്ങള്‍ നടന്നത്.
ഉച്ചയ്ക്ക് 12.45 നാണ് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില് ആദ്യ സ്ഫോടനം നടന്നത്. 1.05 ന് മൊഫ്യൂസില്‍ സ്റ്റാന്റില്‍ രണ്ടാമത്തെ സ്ഫോടനവും നടന്നു. സ്ഫോടനത്തിന് മുമ്പ് ഒരു സായാഹ്ന പത്രത്തിന്റെ ഓഫീസിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നു. മാറാട് സംഭവത്തിന് പ്രതികാരമായി സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ‘അല്‍ഖാനൂന്‍ കേരള’ എന്ന സംഘടനയുടെ എഴുതി തയ്യാറാക്കിയ കുറിപ്പ് ചില പത്രസ്ഥാപനങ്ങളില്‍ എത്തിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന പോലീസിന്റെ രണ്ട് സംഘങ്ങളും ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇതില്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്ന നിഗമനമാണ് എന്‍ഐഎയും നടത്തിയത്.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: