കാസര്‍കോട്: ബെദ്രഡുക്ക ശ്രീ പൂമാണി -കിന്നിമാണി ക്ഷേത്രത്തില്‍ നിന്നു 9൦൦ വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. പാലക്കുന്നിലെ അനക്സ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷൈജു (28), എറണാകുളം, ഏലൂറ്‍ ലക്ഷ്മി നിവാസില്‍ സന്തോഷ് (35) എന്നിവരെയാണ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ എച്ച്സിഐ എം.വി.അനില്‍കുമാറും സംഘവും അറസ്റ്റ്ചെയ്തത്. ചെര്‍ക്കളയിലെ ഒരു ടെക്സ്റ്റല്‍സില്‍ നിന്നു മോഷ്ടിച്ച 1,29,500 രൂപയുടെ തുണിത്തരങ്ങള്‍ തലശ്ശേരിയില്‍ ഫുട്പാത്തില്‍ കച്ചവടത്തിനു ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്. വിലയേറിയ തുണിത്തരങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് സംശയം തോന്നിയതിനെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്കാരാണെന്നു വ്യക്തമായത്. വിവിധ കവര്‍ച്ചാകേസുകളില്‍ അറസ്റ്റിലായി റിമാണ്റ്റില് കഴിഞ്ഞിരുന്ന ഷൈജുവും കൂട്ടാളിയും ഇക്കഴിഞ്ഞ മെയ് 27ന് ആണ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. പയ്യന്നൂരിലെ കോളേജ് പ്രൊഫസറുടെ വീട്ടില്‍നിന്നു 35 പവന് കവര്‍ന്ന കേസിലാണ് ഷൈജുവിനെ പോലീസ് ഏറ്റവും ഒടുവില്‍ അറസ്റ്റു ചെയ്തത്. കാസര്‍കോട്, ഏരിയാല്‍ കൊറുവയല്‍ ശ്രീദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നിന്നു പഞ്ചലോഹവിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസ്, കോളിയടുക്കത്തെഗള്‍ഫുകാരണ്റ്റെ വീട്ടില്‍നിന്നു 30 പവന് സ്വര്‍ണം, ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ എരോല്‍ വൈഷ്ണവി ക്ഷേത്രം എന്നിവിടങ്ങളിലെ കവര്‍ച്ചാക്കേസിലും ഷൈജു അറസ്റ്റിലായിരുന്നു. മൈലാട്ടി ഞെക്ളിയിലെ അയ്യപ്പഭജന മന്ദിരം, ദേളി ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതി കവര്‍ച്ച ശ്രമിച്ചിരുന്നതായി സിഐ എം.വി.അനില്‍കുമാര്‍ പറഞ്ഞു. സ്ത്രീയുടെ കഴുത്തില്‍ നിന്നു മാല തട്ടിപ്പറിച്ചതിനു പരിയാരം പോലീസിലും ഷൈജുവിനെതിരെ കേസുണ്ട്. മംഗലാപുരം ബി.സി.റോഡിലെ ഒരു ക്ഷേത്രത്തില്‍ നിന്നു അടുത്തിടെ ദ്വാരപാലക ദൈവത്തിണ്റ്റെ വിഗ്രഹം കവര്‍ന്നത് താനാണെന്നു ഷൈജു പോലീസിനോടു സമ്മതിച്ചു. ക്ഷേത്രത്തില്‍ നടത്തിയ കവര്‍ച്ചയില്‍ കാര്യമായ സാധനങ്ങള്‍ കിട്ടാത്തതിനെതുടര്‍ന്ന് ക്ഷേത്രത്തിനു പുറത്തു വച്ചിരുന്ന വിഗ്രഹം പഞ്ചലോഹം ആണെന്ന സംശയത്തെത്തുടര്‍ന്ന് കൈക്കലാക്കുകയായിരുന്നുവത്രെ. പിന്നീട് വിഗ്രഹത്തിണ്റ്റെ കാല് മുറിച്ചെടുത്ത് കൊണ്ടുപോയി പരിശോധന നടത്തി. പരിശോധനയില്‍ വിഗ്രഹം ഓടാണെന്നു തെളിഞ്ഞു. ഇതേത്തുടര്‍ന്ന് വിഗ്രഹം ചന്ദ്രഗിരി പുഴയില്‍ എറിഞ്ഞതായി ഷൈജു വെളിപ്പെടുത്തിയെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: