Categories: Ernakulam

കൊച്ചി തുറമുഖത്ത്‌ തൊഴിലാളികള്‍ പണിമുടക്കി: എഫ്‌ എ സി റ്റി യിലേക്കുള്ള രാസവള നീക്കം നിലച്ചു

Published by

പള്ളുരുത്തി: ക്ഷേമബോര്‍ഡിന്‍കീഴിലുള്ള ചുമട്ടുതൊഴിലാളികള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന്‌ എഫ്‌എസിറ്റിയിലേക്കുള്ള രാസവള നീക്കം സ്തംഭിച്ചു. കഴിഞ്ഞ നാലുദിവസമായിത്തുടരുന്ന സ്തംഭനം നീക്കുവാന്‍ അധികൃതര്‍ നടപടിസ്വീകരിച്ചില്ലെന്ന്‌ അക്ഷേപം ഉയര്‍ന്നു. എഫ്‌എസിടിയിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള 8000, ടണ്‍ യൂറിയ സമരം മൂലം തുറമുഖത്തെ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്‌. യൂറിയ കട്ടപിടിച്ചുകിടക്കുന്നതിനാല്‍ ചാക്കില്‍ നിറക്കുന്ന ജോലികള്‍ ബുദ്ധിമുട്ടായിമാറിയതായി തൊഴിലാളികള്‍ പരാതിപ്പെട്ടു. വെള്ളം വീണതുമൂലമാണ്‌ യൂറിയ കട്ടപിടിച്ചതെന്നും പറയുന്നു. ബുദ്ധിമുട്ടേറിയ ഈ ജോലി ചെയ്യുന്നതിന്‌ അധികകൂലി ലഭിക്കണമെന്നാണ്‌ തൊഴിലാളികളുടെ നിലപാട്‌. കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവരുമ്പോഴും സാധാരണ ദിവസങ്ങളിലെ കൂലിപോലും ലഭിക്കുന്നില്ലെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളാണ്‌ സമരരംഗത്തുള്ളത്‌. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ തൊഴിലാളികള്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്‌ പരാതിയും നല്‍കി. സിടിടിയു, സിഐടിയു വിഭാഗം തൊഴിലാളികളാണ്‌ പണിമുടക്കില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. 33,000 ടണ്‍ യൂറിയയാണ്‌ തുറമുഖത്ത്‌ ഇറക്കുമതിചെയ്തിട്ടുള്ളത്‌. 25,000 ടണ്‍ യൂറിയ എഫ്‌എസിടിയിലേക്ക്‌ പോയിട്ടുമുണ്ട്‌. ശേഷിക്കുന്നവയാണ്‌ കട്ടപിടിച്ചനിലയില്‍ കാണപ്പെട്ടിരിക്കുന്നത്‌. യൂറിയയുമായി ഒരു കപ്പല്‍ കൂടി തുറമുഖത്ത്‌ ഉടന്‍ എത്തും. സമരം പരിഹരിക്കാന്‍ നടപടിയൊന്നും ഇതുവരെ സ്വീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ ഒരു പ്രതിസന്ധി കൂടു തുറമുഖത്ത്‌ രൂപപ്പെട്ടിരിക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by