നല്ല സ്റ്റെയിലില്‍ വേഷമണിഞ്ഞ് എത്തിയ ബുദ്ധിമതികള്‍ കൂടിയായ മിഷേല്‍ ഒബാമ, സാറാ ബ്രൗണ്‍, പിന്നെ ഫ്രാന്‍സിലെ കാര്‍ലാ ബ്രൂണി എന്നീ പ്രഥമ വനിതകളെക്കണ്ട് നമുക്ക് പരിചയമായിരിക്കുന്നു. മിഷേല്‍ വലിയ ഹിറ്റായി. ഭര്ത്താക്കന്മാരെക്കാള് ഈ പെണ്ണുങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിക്കളഞ്ഞത്. കഴിഞ്ഞയാഴ്ച ന്യൂദല്‍ഹിയിലെ മഞ്ഞവെളിച്ചത്തില്‍ കുളിച്ചത് പാക്കിസ്ഥാന്റെ പ്രഥമ മഹിളാ വിദേശകാര്യമന്ത്രിയായിരുന്നു.
34 വയസ്സുകാരി ഹിനാ റബ്ബാനി വിമാനത്തില്‍നിന്ന് പുറത്തു ചാടിയതുതന്നെ ഒരു ഫാഷന്‍ കോലാഹലത്തിന്റെ പടുതിയിലാണ്. ഈ സീസണിന് യോജിച്ച നീലനിറത്തിലുള്ള ഉടയാടകളും അമിത വലിപ്പത്തിലെ ജാക്കി കെന്നഡി-മോഡല്‍ സണ്‍ഗ്ലാസും പതിനേഴ് ലക്ഷം ഉറുപ്പിക വിലയുള്ള വലിയ ഹെര്‍മസ് ബിര്‍ക്കിന്‍ വാനിറ്റി ബാഗും മാത്രമല്ല ഒറിജിനല്‍ മുത്തുകൊണ്ടുള്ള വിശിഷ്ടാഭരണങ്ങളുംകൊണ്ട് അലംകൃതയായാണ് മന്ത്രിണി ദല്‍ഹി വിമാനത്താവളത്തില്‍ പ്രത്യക്ഷീഭവിച്ചത്. പാക് ദേശീയ വസ്ത്രമായ സാല്‍വാറും കുര്‍ത്തയ്ക്കും വിടചൊല്ലി സ്ട്രെയിറ്റ് പാന്റ്സ് അണിഞ്ഞിരിക്കുന്നതിന്റെ സങ്കോചം അല്‍പ്പം പുറത്തുകാട്ടിയിരുന്നു ഈ മന്ദസ്മിത വദന. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളാണ് ഹിനയ്ക്ക് പ്രിയമെന്ന വസ്തുത പകല്‍പോലെ വ്യക്തവുമായിരുന്നു. എങ്കിലും ആരോ കമന്റടിച്ചു, ” രാഷ്ട്രീയമായും സാമ്പത്തികമായും ഇത്രയും പരിതാപകരമായ അവസ്ഥയിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാക്കിസ്ഥാന് രാജ്യത്തിന്റെ പ്രതിനിധി ഇത്രയും ധാരാളിത്തം തുളുമ്പുന്ന രീതിയില്‍ സ്വയം അലങ്കരിക്കേണമോ? സോണിയാ ഗാന്ധിയേയും നമ്മുടെ യുവവനിതാ എംപിമാരേയുംപോലെ ലളിതവസ്ത്രധാരണം പോരായിരുന്നുവോ?”
ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പുതന്നെ, വിഘടനവാദികളുമായി കയറി ആശയവിനിയമം നടത്തിയ ഹിനയുടെ ആദ്യനീക്കംതന്നെ വളരെ മോശമായിപ്പോയി. വിദേശകാര്യമന്ത്രി എന്ന നിലയില്‍ ഹിനക്ക് എന്ത് നേട്ടം കൈവരിക്കാന്‍ കഴിയും എന്നത് നാം കാത്തിരുന്നു കാണേണ്ട കാര്യമാണ്. നമുക്ക് ആകപ്പാടെ കാണാന്‍ കഴിഞ്ഞിട്ടുള്ളത് ഈ ലാവണ്യത്തിടമ്പിന്റെ ഓരോ ചുവടുകളും ലോകം സാഹ്ലാദം വീക്ഷിക്കുന്നതു മാത്രമാണ്.
രാഷ്ട്രീയ രക്തത്തിന്റെ ലാഞ്ചനയുള്ള ഒരു ഉന്നതകുടുംബത്തില്‍നിന്നും എത്തിയിട്ടുള്ള ഹിന ഇന്നത്തെ തലമുറയുടെ പ്രസരിപ്പാര്‍ന്ന മുഖങ്ങളില്‍ ഒന്നുതന്നെ. കുര്‍ത്തയിലും ജീന്‍സിലും ഒരുപോലെ തൃപ്തയും കുതിരപ്പുറത്തിരുന്നു പോളോ കളിക്കുമ്പോഴും വിദേശകാര്യ വകുപ്പിന്റെ തലപ്പത്ത് വിരാജിക്കുമ്പോഴും ഒരേപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു ബിസിനസുകാരിയാണ് ഹിന. ഇതാണോ പാക്കിസ്ഥാന്റെ പുത്തന്‍ തലമുറ? വിദ്യാസമ്പന്ന, പാശ്ചാത്യസംസ്കാരവുമായി അടുപ്പം, പിന്നെ ഒരു നവീന മനോവിന്യാസവും. സര്‍ദാരിയുടെ പുത്രന് ബിലാവല്‍ സര്‍ദാരി ഭൂട്ടോ അടുത്ത തെരഞ്ഞെടുപ്പിനു തയ്യാറെടുക്കയാണ്. മേല്പറഞ്ഞതാണോ ഒരുക്കപ്പെട്ടുകൊണ്ടിരിക്കുന്ന അയാളുടെ പുതിയ ടീം.
ഹിനയുടെ ഈ ഇന്ത്യാസന്ദര്‍ശനം പൂവോ കായോ അണിയാത്തതിന് കാരണങ്ങളേറെ. ഭൂമിശാസ്ത്രപരമായ രാഷ്ട്രീയം വന്മാറ്റങ്ങള്ക്ക് വിധേയമാകുന്ന ഈ കാലത്ത്, പാക്കിസ്ഥാന്റെ പുതിയ യുവ വിദേശകാര്യമന്ത്രിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യക്ക് വലിയ പിടിയുണ്ടായിരുന്നില്ല. ഞാന്‍ യാഥാസ്ഥിതികയോ പുറംലോകത്തെ അറിഞ്ഞിട്ടില്ലാത്തവളോ അല്ല. പക്ഷേ, എനിക്കും ഹിനയെ എങ്ങനെ വിലയിരുത്തണമെന്ന് പിടിയില്ല.
ഞാന്‍ മാമൂല്‍പ്രിയ ആയിരുന്നെങ്കില്‍, ബുദ്ധിമതിയായ അമേരിക്കന്‍ വിദ്യാഭ്യാസം നേടിയ യുവമന്ത്രി പാക്കിസ്ഥാന് വിമാനത്തില്‍നിന്ന് കുറച്ചുകൂടി നയതന്ത്രപരമായ വേഷത്തില്‍ പുറത്തുവരുന്നത് കാണുവാന്‍ താല്പ്പര്യപ്പെട്ടേനെ. അല്‍പ്പം വിരോധാഭാസകരമാണെങ്കിലും ഹിനാ റബ്ബാനി അവളുടെ രാജ്യത്തിനെ പ്രതിനിധീകരിച്ചാണ് ഇന്ത്യയിലെത്തിയത്. അവള് ഒരു രാഷ്ട്ര നേതാവാണ്. സ്മാര്‍ട്ടായി വേഷമണിയുന്നതും ഒരു “നടുക്കുന്ന ബ്യൂട്ടിപാലസ് ഫാഷന്‍ കട” ആകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ഇന്ത്യ പലേ അന്തര്‍ദ്ദേശീയ വിശിഷ്ടവ്യക്തിത്വങ്ങള്ക്കും ആതിഥ്യമരുളിയിട്ടുണ്ട്. ജോണ്‍ എഫ് കെന്നഡി തൊട്ട് പ്രസിഡന്റ് ബറാക് ഒബാമയും സാറാപാളിനും വരെയുള്ളവര്‍ക്ക്. അവരൊക്കെ ഇന്ത്യക്കാരുടെ പ്രീതിയും ബഹുമാനവും പിടിച്ചുപറ്റി. അവരും വസ്ത്രധാരണത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയവരായിരുന്നു. പക്ഷേ അവര്‍ക്ക് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ പതിനേഴ് ലക്ഷം രൂപയുടെ ഡിസൈനര്‍ ഹാന്‍ഡ് ബാഗിന്റെ ആവശ്യം നേരിട്ടില്ല. മുഖകമലങ്ങളില്‍ അലറി വിളിക്കുന്ന ബ്യൂട്ടിക്രീമുകള് പുരട്ടേണ്ടതായും വന്നില്ല.
ഇവിടെ ഇന്ത്യയില്‍ നമുക്കും യുവ എംപിമാരുണ്ട്. മിക്കവരും പാരമ്പര്യമുള്ള സമ്പന്ന രാഷ്ട്രീയ കുടുംബങ്ങളില്‍നിന്നും വന്നവര്‍ തന്നെ. സ്വതവേയുള്ള നയതന്ത്രജ്ഞത അവര്‍ മാന്യമായ രീതിയില്‍ വേഷമണിയുന്നത് ഉറപ്പാക്കുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കും പ്രെനീത് കൗര്‍ സെല്ജാകുമാരി തുടങ്ങിയ യുവവനിതാ മന്ത്രിമാര്‍ക്കും ബിര്‍ക്കിന്‍ വാനിറ്റി ബാഗിന്റെ ആവശ്യം നേരിട്ടില്ല. ഇവരൊക്കെ കാതലുള്ള സ്ത്രീകളാണ്. അവരുടെ സമ്പത്ത് പൊതുജനത്തിന് മുന്‍പാകെ വേഷപ്പകിട്ട് കാട്ടാന്‍ വിനിയോഗിച്ചില്ല. അവരുടെ വോട്ടുബാങ്കുകള്‍ രണ്ടുനേരം തികച്ച് ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. പതിനേഴ് ലക്ഷത്തിന്റെ വാനിറ്റിബാഗ് അവരുടെ സൗന്ദര്യബോധത്തിന്റെ അവിഭാജ്യഘടകമാകുന്നില്ല.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഒരു നേതാവിന് ജനശ്രദ്ധ പിടിച്ചെടുക്കാന്‍ ഒരു ഡിസൈനര്‍ ബാഗ് തോളിലേന്തേണ്ടതില്ല. ഹിനാ റബ്ബാനിയെ ഒരു ‘ഫാഷന്‍ ഐക്കണ്‍’-ബുദ്ധിമതിയായ മന്ത്രിയായല്ല-ആയി മാധ്യമങ്ങള്‍ ലേബലൊട്ടിച്ചെങ്കില് അതില്‍ കുറ്റം പറയാനില്ല. ഹിനാ റബ്ബാനി ബുദ്ധിമതി അല്ല എന്നല്ല പറഞ്ഞുവരുന്നത്.
ഹിനാ റബ്ബാനി നിസാമുദ്ദീന്‍ ദര്‍ഗയിലും പിന്നെ അജ്മീര്‍ ദര്‍ഗയിലും ദര്‍ശനം നടത്തി. ഷോപ്പിംഗ് നടത്തണമെന്ന് അവള്‍ക്ക് പൂതിയുണ്ടായിരുന്നെങ്കിലും സമയക്കുറവ് മൂലം “അടുത്ത പ്രാവശ്യമാകട്ടെ” എന്നു മൊഴിഞ്ഞു. നമ്മുടെ വിദേശകാര്യമന്ത്രാലയവും അടുത്ത പ്രാവശ്യമെങ്കിലും ഇന്ത്യാ-പാക് ബന്ധങ്ങളില്‍ എന്തെങ്കിലും ഗുണകരമായ മാറ്റം കൈവരുത്തുവാന്‍ ഹിനാ റബ്ബാനിക്കാവുമോ എന്നു പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
ദേവി ചെറിയാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: