വളരെ വ്യക്തമായും വിശദമായും ഞാന്‍ കാര്യങ്ങള്‍ പറയാം. കേട്ടാലും മൂഢപ്രഭോ! ലോകാരാധ്യനായ ശ്രീരാമദേവന്റെ ദൂതനാണ് ഞാന്‍. സര്‍വലോകത്തിനും അധിപനും പുണ്യപുരുഷനും ഇന്ദ്രനാല്‍ പൂജിക്കപ്പെടുന്നവനും അനന്തശായിയും അസുരശത്രുവും ലൗകികസുഖവും മോക്ഷവും നല്കുന്നവനുമാണ് എന്റെ സ്വാമി.
ശിവന്റെ ഹൃദയത്തില്‍ വസിക്കുന്നവനും ശിവനാല്‍ സേവിക്കപ്പെടുന്നവനും പഞ്ചഭൂതങ്ങള്‍ക്കും നാഥനും ഗരുഡന് കൊടിയടയാളമായുള്ളവനും ശിവന് തുല്യനുമാണ് ശ്രീരാമദേവന്.
സ്വന്തം പിതാവിന്റെ വാക്കുകള്‍ സത്യമാക്കുന്നതിന് വേണ്ടി ശ്രീരാമദേവന് ഭാര്യയായ സീതാദേവിയോടും സഹോദരന് ലക്ഷ്മണനോടുംകുടി കാനനവാസത്തിന് പുറപ്പെട്ടു. അങ്ങനെ അവര്‍ അവിടെ താമസിക്കുമ്പോള്‍ നീ കപടവേഷത്തില് ആശ്രമത്തില്‍ചെന്ന് സീതാദേവിയെ കട്ടുകൊണ്ടുവന്നു. നീ തന്നെ നിന്റെ മരണത്തിന് കാരണക്കാരനായി. ബ്രഹ്മകല്പിതവും ഇതുതന്നെയാണ്.
സീതയെ കാണാത്തതില്‍ ദുഃഖിതരായ ശ്രീരാമദേവനും ലക്ഷ്മണനും കുടി മതംഗമുനിയുടെ ആശ്രമത്തില്‍ പോകുന്നവഴി സുഗ്രീവനെ കണ്ടുമുട്ടുകയും അവര്‍ തമ്മില്‍ സഖ്യം ചെയ്യുകയും ചെയ്തു. ആ സഖ്യത്തിന്റെ ഫലമായി ശ്രീരാമദേവന് ഇന്ദ്രപുത്രനായ ബാലിയെ കൊന്ന് കിഷ്കിന്ധാരാജ്യം സൂര്യപുത്രനായ സുഗ്രീവന് നല്കി.
സുഗ്രീവന്റെ എതിരാളിയെ കൊന്ന് സങ്കടം തീര്‍ത്ത ശ്രീരാമദേവന് പ്രത്യുപകാരമായി സീതയെ അന്വേഷിക്കാന്‍ നാലുദിക്കിലേയ്ക്കും ഓരോ ലക്ഷം വാനരവീരന്മാരെ സുഗ്രീവന് അയച്ചു. അതില്‍ ഒരുവനായ ഞാന്‍ വളരെ എളുപ്പത്തില്‍ ഇവിടെ വന്ന് സീതാദേവിയെ കണ്ടെത്തുകയും ചെയ്തു.
ഉദ്യാനവൃക്ഷങ്ങള് നശിപ്പിക്കുക വാനരരുടെ പ്രകൃതിസ്വഭാവമാണ്.യുദ്ധത്തില്‍ രാക്ഷസവീരരെ വധിച്ചത് എന്നെ വധിക്കാനായി വന്നത്കെഗാണ്ട് മാത്രമാണ്. ഈ ലോകത്തുള്ള ഏതൊരു ജീവികളടേയും മനസ്സില്‍ മരണഭയം ഉണ്ട്. എന്നാല്‍ രാവണാ! എന്റെ മനസ്സില്‍ മരണത്തെക്കുറിച്ച് യാതൊരു ഭയവുമില്ല. എന്റെ ദേഹരക്ഷയ്ക്ക് വേണ്ടി ഞാന്‍ നിന്റെ ഭൃത്യരെയെല്ലാം വധിച്ചു.
നൂറുകോടി വയസ്സുവരെ ജീവിച്ചാലും ആത്മാവുകള്‍ക്ക് പ്രിയം ദേഹം തന്നെയാണ് എന്ന് നീ മനസ്സിലാക്കുക. നിന്റെ മകന് അയച്ച ബ്രഹ്മാസ്തത്തിനാല് ഞാന്‍ കാല് നിമിഷം മാത്രമാണ് ബന്ധനസ്ഥനായി കിടന്നത്. ബ്രഹ്മാദിദേവന്മാരുടെ വരബലത്തിനാല് എനിക്ക് യാതൊരു ക്ഷീണവും തളര്‍ച്ചയും മരണവും ഉണ്ടാവുകയില്ല. നിന്റെ മുമ്പില്‍ വരാന്‍ വേണ്ടി ഞാന്‍ ബന്ധിതനായതുപോലെ കിടന്നുവെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: