കൊച്ചി: ഒരു ലക്ഷം രൂപയ്ക്കു താഴെയുളള റവന്യൂ റിക്കവറി കേസുകളില്‍ ബാങ്കുകളുടെ സഹായത്തോടെ പ്രത്യേക അദാലത്ത് നടത്തി ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഇത്തരം ചെറിയ തുകയ്ക്കുളള റവന്യൂ റിക്കവറി ആവശ്യം ധാരാളമായി വരുന്ന പശ്ചാത്തലത്തിലാണിത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമഗ്ര സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുമ്പോള്‍ ത്തന്നെ ബാങ്കുകളെക്കുറിച്ചുളള പരാതികളും കൂടുന്നുണ്ട്. വിദ്യാഭ്യാസ വായ്പപോലുളളവയില് ഒരേ പദ്ധതിയില്‍ പലനിരക്കില് പലിശ ഈടാക്കുന്നതായും പരാതിയുണ്ട്. ഇത്തരം കാര്യങ്ങളില്‍ സംശയദുരീകരണവും ഇരുഭാഗത്തുനിന്നുമുളള സഹകരണവും വേണമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് ധാരാളം അക്കൗണ്ട് ലഭിച്ചെങ്കിലും പണിചെയ്തവര്‍ക്ക് ചെക്ക് പാസാക്കി നല്കുന്നതില് പല ബാങ്കുകളും അലംഭാവം കാണിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റായ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ വഴി കൂടുതല്‍ ജനം ബാങ്കുകളിലെത്തി. എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്ന പേരിലും മറ്റും തൊഴിലുറപ്പു തുക അനുവദിക്കുന്നില്ലെന്നത് കുറ്റകരമാണ്. ജോലി ചെയ്താല്‍ 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥയെന്നതിനാല്‍ പലരും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വീഴ്ചയായാണ് ഇതിനെ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ വിദ്യാഭ്യാസ വായ്പ, വായ്പ വിതരണത്തിനായി സര്‍വീസ് പ്രദേശത്തിലെ വാര്ഡടിസ്ഥാന വിഭജനം, തൊഴിലുറപ്പ് പദ്ധതി കൂലി നല്‍കുന്നത് വൈകല്‍ തുടങ്ങിയവ ഉന്നയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാര്‍ഗരേഖകള്‍ ബാങ്കു ശാഖകള്‍ക്ക് നല്‍കണമെന്ന് ആവശ്യമുയര്‍ന്നു.
വായ്പകളില്‍ ഉപഭോക്താവ് ഹാജരാക്കേണ്ട രേഖളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകളില്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടത്തണമെന്നും ആവശ്യപ്പെട്ടു.
മോശം പെരുമാറ്റത്തിന്റെ പേരില്‍ ചോറ്റാനിക്കരയിലെ ബാങ്ക് ശാഖാ മാനേജരെ സ്ഥലം മാറ്റിയതായി ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ ലീഡ് മാനേജര്‍ ജയപ്രകാശ് പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച് മലയാളത്തില്‍ പോസ്റ്ററുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാര്‍ഗരേഖകള്‍ ശാഖകള്‍ക്കു നല്‍കും. വാര്‍ഡ് വിഭജനത്തിലെ അപാകതകള്‍ പരിഹരിക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി.
യോഗത്തില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഡിജിഎം മയന് മേത്ത, ആര്‍ബിഐ എജിഎം കെ.ഡി. ജോസഫ്, നബാര്‍ഡ്. എജിഎം വേണുമേനോന്‍, കൊച്ചി നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ എസ്സി ജോസഫ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: