കാസര്‍കോട്: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമ കേസുകള്‍ പോലീസും ഡോക്ടര്‍മാരും വേണ്ട ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ശില്‍പ്പശാല എഡിഎം എച്ച്.ദിനേശന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പട്ടിക വിഭാഗക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമം ശക്തമാണെങ്കിലും ഇതു പ്രായോഗിക തലത്തില്‍ നടപ്പാവുന്നില്ല. കേസുകള്‍ വിചാരണ ചെയ്താലും അക്രമികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണുളളത്. പട്ടിക വിഭാഗക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ചു അന്വേഷണം നടത്തേണ്ടത് ഡി വൈ എസ് പി യോ അതിനു മുകളിലോ ഉളള പോലീസ് ഉദ്യോഗസ്ഥനാണ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രത്യേക കോടതിയാണ് വിചാരണ നടത്തേണ്ടത്. ഇതിനായി പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിക്കും. കൂടാതെ കേസിനുളള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്തെ പല ജില്ലകളിലും ഒരു കേസില്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുളളത്. ബലാല്‍സംഗത്തിനിരയായ പട്ടിക വിഭാഗ പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നുണ്ട്. ഇതുകാരണം കേസുകള്‍ കോടതികളിലെത്തുമ്പോള്‍ തെളിവുകളില്ലാതെ തളളിപ്പോകുന്നു. പതിനെട്ട് വയസ്സായ ഒരു പെണ്‍കുട്ടിയെ 15 മീറ്ററോളം ദൂരത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഒരു കേസില്‍ പെണ്‍കുട്ടിക്കുണ്ടായ പരിക്കുകളുടെ വിവരമൊന്നും ഡോക്ടര്‍ രേഖപ്പെടുത്തിയില്ല. ബലാല്‍സംഗം നടന്ന മറ്റൊരു സംഭവത്തില്‍ ഇരയെ ഡോക്ടര്‍മാരുടെ അടുത്ത് എത്തിച്ചെങ്കിലും അത്യാവശ്യമായി നടത്തേണ്ട മെഡിക്കല്‍ പരിശോധന നടത്തിയില്ലെന്നും സെമിനാറില്‍ ക്ളാസ്സെടുത്ത ജില്ലാ ഗവണ്‍മെണ്റ്റ് പ്ളീഡര്‍ ഒ കെ കുഞ്ഞികൃഷ്ണന് പറഞ്ഞു. പട്ടികവര്‍ഗ്ഗക്കാര്‍ സാമ്പത്തികമായും, സാമൂഹ്യ പരമായും പിന്നോക്കം നില്‍ക്കുന്നതാണ് എല്ലാ അവഗണനയ്ക്കും കാരണമെന്ന് ശില്പശാല ചൂണ്ടിക്കാട്ടി. അതിക്രമങ്ങള്‍ക്ക് ഇരയായവരെ പുനരധിവസിപ്പിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമങ്ങള്‍ ശക്തമാണെങ്കിലും പട്ടികവിഭാഗക്കാര്‍ക്കെതിരെ കാലാകാലങ്ങളിലായി പീഡനവും ചൂഷണവും തുടരുകയാണ്. പട്ടിക വിഭാഗക്കാരുടെ ദൗര്‍ബല്യം മനസ്സിലാക്കി മദ്യവും, മയക്ക്മരുന്നും നല്കി അവരെകൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണ്. ഈ വിഭാഗക്കാരുടെ ആയുസ്സിനെ പോലും കുറയ്ക്കുന്ന ഇത്തരത്തിലുളള ചൂഷണം തടയാന്‍ സമൂഹം കൂടുതല്‍ ബോധവാന്മാരാവണമെന്ന് ശില്പശാല ചൂണ്ടിക്കാട്ടി. അഡീഷണല്‍ ഗവണ്‍മെണ്റ്റ് പ്ളീഡര്‍ ആണ്റ്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ പി വി ജയരാജന് ക്ളാസ്സെടുത്തു. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി വൈ എസ് പി. സി ഡി ശ്രീനിവാസന് ചര്‍ച്ച നയിച്ചു. ജില്ലാ അസിസ്റ്റണ്റ്റ് പട്ടികജാതി വികസന ഓഫീസര്‍ സി ലീലാവതി സ്വാഗതവും പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ പി വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: