കൊച്ചി: ഡ്രൈവര്‍മാരുടെ കുറവും അധികൃതരുടെ പിടിപ്പുകേടും മൂലം കൊച്ചിയിലെ ‘തിരുകൊച്ചി’ ബസ് സര്‍വീസുകള്‍ പ്രതിസന്ധിയിലേക്ക്. നിരത്തിലിറക്കി രണ്ടാംവര്‍ഷത്തേക്ക് കടക്കുമ്പോഴാണ് പരാതികളും പരാധീനതകളുമായി കെഎസ്ആര്‍ടിസിയുടെ ഈ ജനപ്രിയ സര്‍വീസിന് താളംതെറ്റല്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ നഗര ബസുകള്‍ തുടക്കത്തില്‍ ഏറെ അംഗീകാരവും നേടിയിരുന്നു.
മുന്‍ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ പുതിയ 100 തിരുകൊച്ചി ബസ്സുകള്‍ കൂടി നിരത്തിലിറക്കാന്‍ ആലോചന നടത്തിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലായിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ പദ്ധതി ഉപേക്ഷിച്ചതായാണ് അറിയാന്‍ കഴിയുന്നത്. എങ്കിലും പുതുതായി 50 ബസ്സുകളെങ്കിലും നിരത്തിലിറക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ഇതിന് നാലുമാസം കാലതാമസം ഉണ്ടാവുമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലുള്ള സര്‍വീസുകള്‍ തന്നെ മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ പ്രതിദിനം 40 മുതല്‍ 50വരെ ട്രിപ്പുകള്‍ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതില്‍ വരുന്ന കാലതാമസമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്വകാര്യ ബസ്സുകളുടെ കുത്തകയായിരുന്ന പല റൂട്ടുകളിലും തിരുകൊച്ചി ഓടാന്‍ തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് വരുമാനത്തില്‍ ഇടിവുണ്ടായതിനാല്‍ 100 ല്‍പ്പരം സിറ്റിബസ്സുകള്‍ സറണ്ടര്‍ ചെയ്ത് നിരത്തില്‍നിന്നും പിന്മാറി. ഈ സാഹചര്യത്തിലാണ് തിരുകൊച്ചി ബസ്സുകള്‍ ട്രിപ്പുമുടക്കം തുടങ്ങിയത്. ഇതാകട്ടെ പല റൂട്ടുകളിലെയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്തു. ആവശ്യത്തിന് ഡ്രൈവര്‍മാരും അധികം ബസ്സുകളും നിരത്തിലെത്തിയില്ലെങ്കില് തിരുകൊച്ചിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: