തിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിവിധി വന്നപാടേ ഉമ്മന്‍ചാണ്ടിയോട് മൃദുസമീപനമായിരുന്നു പ്രതിപക്ഷത്തിന്. ഒരുദിവസം പിന്നിട്ടപ്പോള്‍ വീണ്ടുവിചാരമായി. അവര്‍ നിലപാട് കടുപ്പിക്കുവാന്‍ നിശ്ചയിച്ചു. യോജിച്ച നീക്കത്തിനാണ് അവര്‍ ഒരുങ്ങുന്നത്. ഇന്ന് അടിയന്തര ഇടത് മുന്നണിയോഗം കൂടുകയാണ്.
കോടതിവിധി വന്ന ഉടനെ പ്രതിപക്ഷ ഉപനേതാവും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് കൈ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഒപ്പം വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎം സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് അച്യുതാനന്ദനും അല്പംകൂടി ശക്തമായ രീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്. രാജിയാണ് ഉചിതമെന്ന് പിണറായിയും മറ്റ് പോംവഴിയില്ലെന്ന് അച്യുതാനന്ദനും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മൂന്നുപേരും രാജിതന്നെ വേണമെന്നാണ് ആവശ്യപ്പെട്ടത്. കോടിയേരി ഇന്നലെ നിലപാട് മാറ്റി. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പുതിയ ആവശ്യം. ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞ് തടിതപ്പാന്‍ നോക്കുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു.
പാമോയില്‍ കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം ഒഴിയണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം ആണ് ആവശ്യം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും. രാഷ്ട്രീയ അന്തസുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഴിമതി കേസില്‍ ഒരു മുഖ്യമന്ത്രിക്കെതിരെ കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പങ്ക് കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി കുറ്റക്കാരനാണെന്ന് പ്രഥമദൃഷ്ട്യാ കോടതി കണ്ടെത്തിയെന്നതിനു തെളിവാണതെന്നും പിണറായി പറഞ്ഞു. വിജിലന്‍സ് വകുപ്പ് മറ്റൊരു മന്ത്രിയെ ഏല്പ്പിച്ചതുകൊണ്ട് കേസന്വേഷണത്തില്‍ സാങ്കേതികമായി ഇടപെടാനുള്ള മുഖ്യമന്ത്രിയുടെ ധാര്‍മിക അവകാശം ഇല്ലാതാകുന്നില്ല. ഉദ്യോഗസ്ഥരെല്ലാം മുഖ്യമന്ത്രിയുടെ കീഴിലാണ്. ഒരു വകുപ്പ് ഒഴിഞ്ഞ ചെപ്പടി വിദ്യയിലൂടെ അധികാരത്തില്‍ കടിച്ചു തൂങ്ങാതെ എത്രയും വേഗം ഉമ്മന്‍ചാണ്ടി രാജിവയ്ക്കുകയാണു വേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന് ആവശ്യപ്പെട്ടു. എല്ലാ വകുപ്പിന്റെയും മുകളില്‍ ആയ മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞത് പരിഹാസ്യമാണെന്നും ജയരാജന് പറഞ്ഞു. സിപിഐയും ആര്‍എസ്പിയും ഇതേ നിലാപാടാണ് എടുത്തത്. പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ ആടിയുലഞ്ഞ സിപിഎമ്മിന് ശ്രദ്ധതിരിച്ചുവിടാന്‍ വിജിലന്‍സ് കോടതി ഉത്തരവ് സഹായമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ്സിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘടിത ശ്രമമുണ്ടെങ്കിലും രാജി ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഒരുവേള രമേശ് ചെന്നിത്തല തന്നെ ആ രീതിയില്‍ ചിന്തിച്ചതായി പലരും സംശയിക്കുന്നുണ്ട്. എ.കെ.ആന്റണിയുടെ കടുത്ത നിലപാടാണ് ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണപിന്തുണ നല്കാന് രമേശിനെ പ്രേരിപ്പിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞാല്‍ പകരക്കാരനെ കണ്ടെത്തുന്നത് എളുപ്പമല്ല. കെ.മുരളീധരന് വിഷയത്തില്‍ മൗനംപാലിക്കുന്നത് ശ്രദ്ധേയമാണ്. രമേശ്ചെന്നിത്തലയെക്കാള് മുതിര്‍ന്ന നേതാക്കള്‍ വേറെയും അവസരം കാത്തുനില്പുണ്ട്. നേരിയ ഭൂരിപക്ഷത്തില്‍ നില്ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫ് നിയമസഭാകക്ഷിയോഗത്തില്‍ സമവായത്തിലൊരു നേതാവിനെ നിശ്ചയിക്കുക എളുപ്പ പണിയല്ല. കോണ്‍ഗ്രസ്സില്‍ മാത്രമല്ല കെ.എം.മാണിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുന്നതുപോലെ മറ്റൊരാളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായേക്കില്ല. അതുകൊണ്ടാണ് പെട്ടെന്ന് രാജിവച്ചേക്കരുതെന്നും കോണ്‍ഗ്രസ്സിന്റെയും മുന്നണിയുടെയും രക്ഷയാണ് മുഖ്യമെന്ന മുന്നറിയിപ്പ് ആന്റണി നല്‍കിയത്. ഇന്നത്തെ സാഹചര്യത്തില്‍ രാജിവച്ചാല്‍ ആകെ കുഴഞ്ഞുപോകുമെന്ന കണക്കുകൂട്ടല്‍ ഫലത്തില്‍ ഉമ്മന്‍ചാണ്ടിക്ക് താത്കാലികാശ്വാസം നല്‍കിയിരിക്കുകയാണ്. ഭരണമുന്നണിയുടെ ദുര്‍ബലാവസ്ഥ മുതലാക്കുന്നതാകും പ്രതിപക്ഷം പ്രയോഗിക്കുന്ന തന്ത്രം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: