ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ കച്ചവടം മതമാണ്. മരുന്നും ചികിത്സയുമാണ് രണ്ടാമത്. വിദ്യാഭ്യാസത്തിന് മൂന്നാം റാങ്കാണ്.
ഡോക്ടര്‍മാരെ ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് രോഗികളും ബന്ധുക്കളും കണ്ടിരുന്നത്. ഒരുപക്ഷേ കാണുന്നത്. എന്നാല്‍ ഇന്ന് ഡോക്ടര്‍മാരുടെ തലയ്ക്ക് ചുറ്റുമുള്ള ദൈവിക പ്രഭാവലയം മങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവരെയും വ്യാപാരികളായി ജനം തിരിച്ചറിയുന്നു. തങ്ങള്‍ സ്വായത്തമാക്കിയ ചികിത്സാ രീതികള്‍ വിനിമയം ചെയ്യുന്നവര്‍. ഇന്ന് മരുന്ന് വ്യാപാരം വന്‍ വ്യവസായമായി വളര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ ഔഷധനിര്‍മാണ കമ്പനികളുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ച് ആരോഗ്യരംഗം കൈയടക്കിയിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്, വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. ഇന്ന് രോഗം ഇവര്‍ക്ക് മൂല്യമുള്ള ഒരു വസ്തുവായി മാറിയിരിക്കുന്നു. ഹിപ്രോക്രാറ്റസിന്റെ കാലം മുതല്‍ ഡോക്ടര്‍മാര്‍ക്ക് ദിവ്യപരിവേഷമുണ്ട്. അവര്‍ക്ക് ഇന്ദ്രിയാതീതമായ ശക്തികള്‍പോലും ഉണ്ടെന്ന ധാരണയും നിലനിന്നിരുന്നു. ഈ ദിവ്യ പരിവേഷമാണ് ഇന്ന് വ്യാവസായിക പരിവേഷത്തിന് കീഴടങ്ങിയിരിക്കുന്നത്.
സമൂഹം രോഗാതുരമായപ്പോള്‍ ആരോഗ്യ ഉപഭോഗ സംസ്ക്കാരം രൂപപ്പെട്ടുകഴിഞ്ഞു. ഡോക്ടര്‍-രോഗി ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെട്ടപ്പോള്‍ അത് കരാര്‍ വ്യവസ്ഥയിലുള്ള ബന്ധമായി മാറുമ്പോള്‍ ഡോക്ടര്‍-രോഗി ബന്ധത്തിന്റെ വിശുദ്ധി നശിക്കുന്നു. ദൈവികമായ വിശ്വാസ്യതക്ക് പകരം ഒരു ഉപഭോക്തൃ ബന്ധമായി അത് രൂപപ്പെട്ടിരിക്കുന്നു. ഉപഭോഗ സംസ്ക്കാരം ലക്ഷ്യമിടുന്നത് ലാഭത്തിലാണ്. ആരോഗ്യ-ഉപഭോഗ സംസ്ക്കാരവും മറിച്ചല്ല. അതിന് ഒരു കാരണം ഇന്നത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ കൊള്ളയാണ്. വിദ്യാഭ്യാസം ലോകത്തിലെ മൂന്നാമത്തെ വ്യവസായമാണെങ്കില്‍ അതിന്റെ ഉച്ചശ്രേണിയിലാണ് മെഡിക്കല്‍ വിദ്യാഭ്യാസം.
മെഡിക്കല്‍ കണ്സള്ട്ടേഷനില് രോഗി ഒരു ചികിത്സാ വിദഗ്ധന്റെ സഹായമാണ് തേടുന്നത്. ഒരു ഡോക്ടര്‍ക്ക് വേണ്ടത് മനുഷ്യത്വവും മെഡിക്കല്‍ പ്രാക്ടീസിലുള്ള താല്‍പ്പര്യവുമാണ്. പക്ഷേ ഇന്ത്യയില്‍ ഇന്ന് രോഗലക്ഷണപ്രകാരമുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നതിന് പകരം ധനാര്‍ത്തിമൂത്ത ഫാര്‍മസികള്‍ നിര്‍ദേശിക്കുന്ന മരുന്നുകളാകും നിര്‍ദേശിക്കപ്പെടുന്നത്. ഇതിനുള്ള കാരണം ആരോഗ്യരംഗത്ത് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം നേടിയ മേല്‍കൈയാണ്. കോര്‍പ്പറേറ്റുകള്‍ ലാഭത്തിനുവേണ്ടിയാണ് ബിസിനസ് ചെയ്യുന്നത്; കോര്‍പ്പറേറ്റ് ആശുപത്രികളും. ഇവര്‍ കൈകോര്‍ക്കുമ്പോള്‍ മെഡിക്കല്‍ വ്യവസായം തഴയ്ക്കുന്നു.
ആരോഗ്യരംഗം ഈവിധം ചൂഷണവിധേയമാകുന്നത് ഔഷധ കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്കുന്ന പ്രലോഭനങ്ങളാണ്. വന്‍ കമ്മീഷനുകള്‍, വന്‍ സമ്മാനങ്ങള്‍, രാജ്യാന്തര വിദേശ യാത്രകള്‍ മുതലായവയാണ് ഓരോ മരുന്ന് കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നത്തെ രോഗികളുടെ വിപണിയിലെത്തിക്കാന്‍ ചെലവാക്കുന്നത്. വന്‍തുക മുടക്കി മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നവര്‍ പലരും ഈ വിധം പ്രലോഭനങ്ങള്ക്കടിമപ്പെട്ട് അനാവശ്യ ടെസ്റ്റുകളും മരുന്നുകളും നിര്‍ദേശിക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്. ഇതിലും വ്യത്യസ്തര്‍ ഇല്ലെന്നല്ല.
എംആര്‍പി എന്ന പേരിലും വന്‍ ചൂഷണത്തിന് രോഗികള്‍ ഇരയാകുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എല്ലാം ഇന്ന് അമിതമായ വില ഈടാക്കുമ്പോള്‍ ഈ രംഗം നിയന്ത്രണാതീതമായി രോഗികളെ ചൂഷണവിധേയരാക്കുന്നു. ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ പലവിധ ടെസ്റ്റുകള്‍ നടത്തപ്പെടും. പക്ഷേ രോഗികള്‍ക്ക് പല ആശുപത്രികളും ഈ രേഖ കൈമാറാത്ത കാരണം അവര്‍ക്ക് രണ്ടാമതും പരിശോധനാ വിധേയരാകേണ്ടി വരുന്നു. കഠിനമായ രോഗം ബാധിച്ചവര്‍ ഏത് വിധേനയും രോഗവിമുക്തരാകാന്‍ ആഗ്രഹിക്കുമ്പോള്‍ ഡോക്ടര്‍-ഫാര്‍മസിസ്റ്റ് ലോബിയുടെ ഇരകളായി മാറുന്നു.
ഞാനും ഇത് അനുഭവിച്ച രോഗിയാണ്. എനിക്ക് ഫേഷ്യല്‍ പാല്‍സി എന്ന രോഗം വന്നപ്പോള്‍ ഞാന്‍ പ്രവേശിച്ച ആശുപത്രി എന്നെ സകലമാന പരിശോധനകള്‍ക്കും വിധേയയാക്കി ശേഷം രോഗം ഇന്നതാണ് എന്നുപറഞ്ഞ് അതിനാവശ്യമായ ഒരു ഇഞ്ചക്ഷന്‍പോലും തരാതെ വിട്ടപ്പോള്‍ എന്റെ മുഖവൈകൃതം തീരാശാപമായി മാറുകയായിരുന്നു.
ഇപ്പോള്‍ ഒരേ രോഗത്തിന് തന്നെ പലതരം ബ്രാന്റ് പേരുകളില്‍ മരുന്ന് നല്കുന്നു. മരുന്നിന്റെ ഉല്‍പ്പാദന-വിതരണ-ഗുണനിവാര മേഖല നിയന്ത്രിക്കുന്ന കെമിസ്റ്റ്സ് ആന്റ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്റെ ദുര്‍ഭരണമാണ് ഈ രംഗത്ത് അരങ്ങേറുന്നത്. അമിതവില ഈടാക്കുന്ന മരുന്ന് ലോബിയെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തത് ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് നിയമം കേന്ദ്രവിഷയമായതുകൊണ്ടാണത്രെ.
മലയാളി അകാരണമായ രോഗഭീതിയുള്ളവരാണ്. ഇല്ലാത്ത രോഗവും ഉണ്ടെന്ന് ഭീതിയില്‍ കഴിയുന്നവര്‍. മറ്റൊരു കാര്യം കാന്‍സര്‍ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ ഈ വിപണിയിലേക്ക് വ്യാജന്മാരുടെ കടന്നുകയറ്റവും ഉണ്ട്. എച്ച്ഐവി കടന്നാക്രമണം തുടങ്ങിയ കാലഘട്ടത്തില്‍ അതിന് ലോകാരോഗ്യ സംഘടനപോലും പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത കാലത്ത് ഒരു വ്യാജന് എറണാകുളത്ത് വ്യാജമരുന്ന് വിറ്റ് കോടികള്‍ തട്ടിയ കഥ മാധ്യമ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ നെറ്റ്വര്‍ക്ക് മെഡിസിന് എന്ന പേരിലും ആംവേ പോലുള്ള കമ്പനികള്‍ നിലവാരമോ ഗുണമോ ഇല്ലാത്ത സാധനങ്ങള്‍ മരുന്നാണെന്ന് പറഞ്ഞ് വിറ്റഴിച്ചതും വാര്‍ത്തയായിരുന്നു. ഈ രംഗത്തെ വ്യാജന്മാരില് അലോപ്പതിക്കാര് മാത്രമല്ല ആയുര്‍വേദ വൈദ്യന്മാരുമുണ്ട്. വണ്ണം കുറയ്ക്കാന്‍, കൂട്ടാന്‍, വെളുക്കാന്‍, ഉദ്ധാരണശേഷി വര്‍ധിക്കാന്‍, ബുദ്ധി വികസിക്കാന്‍, കരള്‍ സുരക്ഷിതമാക്കാന്‍ തുടങ്ങി പലവിധ വ്യാജന്മാരും ഈ രംഗം കയ്യടക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ മോഡലുകളെ ഉപയോഗിച്ചുള്ള വന്‍ പരസ്യങ്ങളിലൂടെയും അവര്‍ വിപണി കീഴടക്കുന്നു. തടിക്കാനുള്ള ച്യവനപ്രാശത്തില്‍ ചേര്‍ക്കുന്നതും ആസ്തമയ്ക്കുള്ള മരുന്നില്‍ ചേര്‍ക്കുന്നതും കോര്‍ട്ടിസോണ്‍ ആണത്രെ. അലോപ്പതി മരുന്നും ആയുര്‍വേദത്തിന്റെ പേരില്‍ വിറ്റഴിക്കപ്പെടുന്നു.
മായം ഇന്ന് സര്‍വവ്യാപിയാകുമ്പോള്‍ അരിഷ്ടത്തിന്റെ പേരില്‍ നല്‍കുന്നത് മദ്യമാണ്. ഈ അരിഷ്ടം വാങ്ങിക്കഴിച്ച് സ്കൂളില്‍ പോകുന്ന കുട്ടികള്‍ വരെയുണ്ട്. പണ്ട് മദ്യഷോപ്പുകള്‍ ഇത്ര സുലഭമല്ലാതിരുന്ന, അവയുടെ പ്രവര്‍ത്തനസമയം കൃത്യമാക്കിയിരുന്ന കാലത്ത് മദ്യപര്‍ ആശ്രയിച്ചിരുന്നതും ഈ അരിഷ്ട മദ്യത്തെയാണ്.
ഈ രംഗത്ത് ഒരു വെല്ലുവിളിയുമായി ആദ്യം കടന്നുവന്നത് ഗാനഗന്ധര്വന് യേശുദാസ് നയിക്കുന്ന ജനപക്ഷം എന്ന സംഘടനയാണ്. എംആര്‍പി എന്ന ചൂഷണ ഉപാധിയുടെ തനിനിറം പുറത്തുകൊണ്ടുവരാന്‍ ജനപക്ഷം സെക്രട്ടറി ബെന്നി ജോസഫ് യേശുദാസിന്റെ ചെലവില്‍ 20 കോടി രൂപയുടെ മരുന്നിന് കരാര്‍ ഉണ്ടാക്കിയപ്പോഴാണ് ഉള്‍ക്കളികള്‍ വെളിയില്‍ വന്നത്. 13,000 രൂപയ്ക്കുള്ളില്‍ എന്തുവിലയ്ക്കും എംആര്‍പി അനുസരിച്ച് മരുന്ന് വില്‍ക്കാം. അതുപോലെ ഒരു ഇഞ്ചക്ഷന് വാങ്ങിയാല്‍ 100 ഇഞ്ചക്ഷന് ഫ്രീയായി ലഭിക്കാനും ഈ കരാര്‍ അവസരമൊരുക്കി. “ജനപക്ഷം 65,000 രൂപയുടെ മരുന്ന് 7000 രൂപയ്ക്ക് വാങ്ങി രോഗികള്‍ക്ക് വിതരണം ചെയ്തത് ഈ ചീട്ട് വച്ചിട്ടാണ്” എന്നാണ് ബെന്നി പറയുന്നത്.
പക്ഷേ തെളിവുകള്‍ സഹിതം ഉപഭോക്തൃ കോടതിയില്‍ കേസ് നല്‍കിയിട്ടും ഇതുവരെ വിധി വന്നിട്ടില്ല. മരുന്ന് ലോബിക്കെതിരെ ആദ്യമായി വ്യവഹാരത്തിന് പോയതും ജനപക്ഷമായിരുന്നു.
ഈ മരുന്ന് മാഫിയ ദേശവ്യാപകമാണ്. അവരുടെ സ്വാധീനം വളരെ വലുതാണ്. തെരഞ്ഞെടുപ്പില്‍വരെ നേതാക്കള്‍ക്ക് പണമൊഴുക്കുന്ന ഇവര്‍ക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും രംഗത്ത് വരുന്നില്ല.
ഡോക്ടര്‍മാര്‍ക്ക് മരുന്നുലോബി മരുന്ന് എംആര്‍പി ഇല്ലാതെയാണ് നല്‍കുന്നത്. പല പ്രസിദ്ധ സ്വകാര്യ ആശുപത്രികളും കോടിക്കണക്കിന് രൂപയുടെ മരുന്ന് വാങ്ങി എംആര്‍പി വിലയ്ക്ക് നല്കി ലാഭം കൊയ്യുന്നുണ്ട്. മരുന്ന് ലോബിയുടെ മരുന്നുകള്‍ തന്നെ കുറയ്ക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് സ്വര്‍ണ മാലയും വളയും മറ്റുമാണത്രെ.
ഈ ഇടപാടിലെ ഗുണം തിരിച്ചറിഞ്ഞ് ഇന്ന് വീടുകളില്‍പ്പോലും മരുന്ന് വ്യാപാരം നടത്തുന്നുവെന്നാണ് ശ്രുതി. ഡോക്ടര്‍മാര്‍ സ്വന്തം കാറിന്റെ ഡിക്കിയില്‍ കിഡ്നിയ്ക്കും ഹൃദയത്തിനും മറ്റുമുള്ള മരുന്നുകള്‍ കൊണ്ടുവന്ന് എംആര്‍പി വിലയേക്കാള്‍ അല്‍പ്പം കുറച്ച് രോഗികള്‍ക്ക് കൊടുക്കുന്നതും സാധാരണമാണ്.
കേരളം ആരോഗ്യരംഗത്ത് മുന്നിലാണെങ്കിലും മരുന്ന് മാഫിയയോടുള്ള വിധേയത്വത്തില്‍നിന്നും മുക്തമല്ല. ഉല്‍പ്പാദകനും വിതരണക്കാരനും ഡോക്ടറും റീട്ടേയില്‍ ഔട്ട്ലെറ്റുകളും ഉള്‍പ്പെടെയുള്ള മരുന്ന് വിതരണ ശൃംഖലയിലെ അവിഹിത ഇടപെടല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്.
വി.ഡി.സതീശന് എംഎല്‍എ പറയുന്നപോലെ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുടെ നടപടികള്‍ ശക്തമാക്കുകയും സര്‍ക്കാര്‍ ഏജന്‍സികള്‍ അവിഹിത ഇടപെടലുകള്‍ തടഞ്ഞ് ഫലപ്രദമായി മരുന്ന് വിപണിയില്‍ ഇടപെടുകയും ചെയ്യേണ്ടതാണ്. ഇപ്പോള്‍ സപ്ലൈകോയില്‍നിന്നും നീതി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും മരുന്ന് വാങ്ങിയാല്‍ വില കുറവാണ്. പക്ഷേ ഈ വില്‍പ്പന കേന്ദ്രങ്ങള്‍ ഇപ്പോള്‍ പരിമിതമാണ്.
കേരളം വികേന്ദ്രീകൃത സമഗ്ര ആരോഗ്യപദ്ധതി തയ്യാറാക്കുന്നത് ആശാജനകമാണ്. ഇന്ന് കേരളം രോഗഗ്രസ്തമാണ്. ഇന്നത്തെ ചൂഷണ വിധേയമായ സാഹചര്യത്തില്‍ ചികിത്സാ ചെലവ് ദുര്‍വഹമാണ്. പത്ത് ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്ത് രോഗികളെ ഡോക്ടര്‍-ഔഷധകമ്പനി-മാഫിയയുടെ കൈകളില്‍നിന്നും രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ആരോഗ്യരംഗത്തെ അമിത ചികിത്സാ ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ കേരളം നാശോന്മുഖമാകും.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: