ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അറുപത്തിനാല് വര്‍ഷം ഒരു നീണ്ട കാലയളവല്ല. ബ്രിട്ടീഷ് അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് അത്രയും കാലമേ ആയിട്ടുള്ളൂ. അന്നുമുതല്ക്കാണ് ജനായത്ത രീതിയിലുള്ള ഭരണക്രമം ഇന്ത്യയില്‍ ആരംഭിച്ചത്. ഭരണഘടന നിലവില്‍ വന്നിട്ട് ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടതേയുള്ളൂ. മറ്റു രാഷ്ട്രങ്ങളില്‍നിന്ന് വിഭിന്നമായി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ പ്രത്യേകിച്ച് പട്ടികജാതി-വര്‍ഗ ജനതയെ ഇതര ജാതി മതസ്ഥരുടെ സാമൂഹ്യ നിലയിലേയ്ക്ക് ഉയര്‍ത്തുന്നതായി വിവിധ വകുപ്പുകള്‍ ഭരണഘടനയില്‍ ഡോ.അംബേദ്കറുടെ പ്രവര്‍ത്തനഫലമായി എഴുതിച്ചേര്‍ക്കുകയുണ്ടായി. അതിന്റെ പ്രയോഗത്തിലൂടെ പട്ടികജാതി-വര്‍ഗ ജനതയുടെ ജീവിത നിലവാരത്തില്‍ ഉയര്‍ച്ച ദൃശ്യമായി തുടങ്ങിയപ്പോള്‍ സഹസ്രാബ്ദങ്ങളായി ഈ ജനതയെ അടിച്ചമര്‍ത്തി വച്ചിരുന്നര് വിവിധ രൂപങ്ങളില്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയും ആ അവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുന്നതിന് കുത്സിത പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനും തുടങ്ങിയിരിക്കുന്നു. ഇത് വാസ്തവത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കാലത്തുതന്നെ തുടങ്ങിയതാണ്. ഭരണക്കാരുടെ ഔദാര്യംപോലെ ഒരോ ബജറ്റിലും ചില സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കും. അതില്‍ ഏറെയും നടപ്പിലാകാതെ പോകും, നടപ്പിലാകുന്നവയില് സമൂഹത്തിന് ഗുണകരമായി ഭവിക്കുന്നത് 10 ശതമാനംപോലും വരുന്നില്ല. ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും കീശ വീര്‍ക്കുകയും ചെയ്യുന്നു.അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല. ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്ന ഉദ്യോഗങ്ങളില്‍ 10 ശതമാനം പട്ടികജാതി-വര്‍ഗ ജനതക്കവകാശപ്പെട്ടതാണ്.
എന്നാല്‍ കേരളത്തിലെ എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് സ്കൂളുകളിലും 120 ല്‍ അധികം കോളേജുകളിലും ഉള്ള പതിനായിരക്കണക്കിന് ഒഴിവുകളില്‍ ഒന്നുപോലും സംവരണം ചെയ്യുകയോ ആ സമുദായങ്ങളില്‍ ഉള്ളവര്‍ക്ക് ഉദ്യോഗങ്ങളില്‍ പ്രവേശനം നല്‍കുകയോ ചെയ്യുന്നില്ല. എയ്ഡഡ് സ്കൂളുകളിലെ തസ്തികകളില്‍ സംവരണം അനുവദിക്കുന്നതിന് കെഇആര്‍(കേരള എഡ്യൂക്കേഷന്‍ റൂള്‍സ്)ല്‍ ഉണ്ടായിരുന്ന വകുപ്പ് കേരള സര്‍ക്കാര്‍ തന്നെ നീക്കം ചെയ്തു. കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിലും സംവരണത്തിന് വകുപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന നിയമസഭ, ആ വകുപ്പില്ലാതെയാണ് നിയമം പാസ്സാക്കിയത്. ഇതൊക്കെ നടക്കുമ്പോഴും പട്ടികജാതി-വര്‍ഗ ജനതയ്ക്കവകാശപ്പെട്ട സീറ്റുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 രാഷ്ട്രീയ ചട്ടുകങ്ങള്‍ ഇതിനെല്ലാം ചൂട്ടുപിടിച്ചും മൂകസാക്ഷികളായും നിയമസഭയിലുണ്ടായിരുന്നു.
വാസ്തവത്തില്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ വിവിധ സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതും കോളേജുകള്‍ക്ക് യുജിസ് ഗ്രാന്റ് കൊടുക്കുന്നതും പട്ടികവിഭാഗങ്ങള്‍ക്കുകൂടി ജോലി സംവരണം കൊടുക്കുന്നതിനാണ്. ഇവിടുത്തെ സ്കൂളുകളും കോളേജുകളും നടത്തുന്നത് വിവിധ ജാതി-മത സംഘടനകളാണ്. അവയിലെ ഉദ്യോഗങ്ങളില്‍ 50 ശതമാനം അതതു സമുദായങ്ങള്ക്കായിത്തന്നെ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളവ മുന്നോക്ക ജാതിക്കാരും ന്യൂനപക്ഷക്കാരും പങ്കിട്ടനുഭവിക്കുന്നു. അങ്ങനെ പട്ടിക വിഭാഗ ജനതക്കവകാശപ്പെട്ട ഉദ്യോഗങ്ങള്‍ മറ്റു ജനവിഭാഗങ്ങള്‍ക്കായി മറിച്ചു കൊടുക്കുമ്പോള്‍ പട്ടിക വിഭാഗങ്ങളിലെ യോഗ്യതയുള്ള ഹതഭാഗ്യരും അവരുടെ കുടുംബങ്ങളും നിരാലംബരായി അലയുന്നു. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളാണ് മാറി മാറി വരുന്നത്. ഇത്തരത്തിലുള്ള സാമ്പത്തിക മാനദണ്ഡങ്ങളും ലാഭവും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് വിവിധ മതങ്ങളെ പ്രേരിപ്പിച്ചു. അവര്‍ രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറുകയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് എല്ലാ രാഷ്ട്രീയ കക്ഷികളിലൂടെയും യഥാര്‍ത്ഥ ജനസംഖ്യാനുപാതത്തേക്കാളേറെ സീറ്റുകള്‍ നേടി എന്നും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നു. നൂറ്റി ഇരുപത്തിയൊന്നുകോടി ജനങ്ങളുള്ള ഭാരതത്തില്‍ മൂന്നുകോടിയിലേറെ മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യാനികളും ഇന്ത്യയുടെ ഭരണത്തില്‍ വന്‍ സ്വാധീനമാണ് ചെലുത്തുന്നത്. അധികാര സ്ഥാനങ്ങളും ഗണ്യമായി അവര്‍ കൈക്കലാക്കിയിരിക്കുന്നു. എന്നാല്‍ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് അതായത് 30 കോടിയിലേറെ വരുന്ന ജനസംഖ്യയാണ് പട്ടികവിഭാഗത്തിനുള്ളത്. അവരെ സംബന്ധിച്ചിടത്തോളം അര്‍ഹമായത് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ അനുവദിച്ചതുകൂടി സര്‍ക്കാരിന്റെ ഒത്താശയോടെ മറ്റു മതസ്ഥരും ജാതിക്കാരും കൈക്കലാക്കുകയും ചെയ്യുന്നു. ഈ വഞ്ചനാത്മകമായ പ്രവൃത്തി നിലനിര്‍ത്തുന്നതിനും തുടരുന്നതിനുമായി അവര്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലും നുഴഞ്ഞുകയറുന്നു. സംഘടിത മതങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഏതു പാര്‍ട്ടിയെ പ്രതിനിധീകരിച്ചാലും ആ മതസ്ഥരായിരുന്നാല്‍ മാത്രം മതി (ഒരു രാഷ്ട്രീയപാര്‍ട്ടിയും പട്ടിക വിഭാഗത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നില്ല). അതുകൊണ്ട് തങ്ങളുടെ മതങ്ങളില്‍പ്പെട്ടവരെ ഏറ്റവും കൂടുതലായി പാര്‍ലമെന്റിലും നിയമസഭകളിലും എത്തിക്കലാണവരുടെ ലക്ഷ്യം. ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളില്‍പ്പെട്ട തൊണ്ണൂറു ശതമാനത്തിലധികം പേരും പട്ടികജാതി വര്‍ഗങ്ങളില്‍നിന്ന് മതംമാറിയവരാണ്.
സ്വതന്ത്രഭാരത നിര്‍മാണത്തിനുശേഷം മതംമാറ്റം കാര്യമായ രീതിയില്‍ നടക്കുന്നില്ല. അതിനുകാരണം മതംമാറിയാല്‍ സംവരണം നഷ്ടപ്പെടും എന്നതാണ്. അതുകൊണ്ട് മതം മാറിയാലും സംവരണം ലഭിക്കും എന്നുള്ള അവസ്ഥ സംജാതമായാല്‍ മതംമാറ്റം അനുസ്യൂതമായി നടക്കുകയും അതുവഴി ഭാരതത്തില്‍ വന്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുകയും ചെയ്യും എന്ന് മനസ്സിലാക്കിയവരുടെ പ്രവര്‍ത്തനഫലമായാണ് 1996 ല്‍ ക്രിസ്തുമതത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അന്നത്തെ ക്ഷേമകാര്യമന്ത്രി സീതാറാം കേസരി ഒരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആ ബില്ലിന് അവതരണാനുമതി നിഷേധിക്കപ്പെട്ടു. പിന്നീട് ആ വഴിക്ക് പല പരിശ്രമങ്ങളും നടന്നു. 2004 ല്‍ 180-ാം നമ്പറായി ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിലെ ആവശ്യം ക്രിസ്ത്യാനികളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ഇതിനെതിരെ വിവിധ പട്ടികജാതി സംഘടനകള്‍ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. ഈ കേസില്‍ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ രംഗനാഥ മിശ്രയെ അധ്യക്ഷനായി ഒരു കമ്മറ്റിയെ നിശ്ചയിക്കുകയും ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങുകയും ചെയ്തിരിക്കുന്നത്.
ഇതിലെ പ്രധാന ശുപാര്‍ശ ക്രിസ്ത്യാനികളേയും മുസ്ലീങ്ങളെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ്. എന്നാല്‍ സംവരണത്തിന്റെ ശതമാനത്തില്‍ മാറ്റം വരുത്തരുതെന്നും ഈ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ പ്രത്യക്ഷമായ ഫലം പരിമിതമാണെങ്കിലും ഇപ്പോള്‍ പട്ടികജാതി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന തസ്തികകളും സാമൂഹ്യസുരക്ഷാ പദ്ധതികളും അവര്‍ കൈവശപ്പെടുത്തുക എന്നതായിരിക്കും. ഏറ്റവും കൂടുതല്‍ തസ്തികകളുള്ള വിദ്യാഭ്യാസരംഗം മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ അവര്‍ കയ്യടക്കിവച്ചിരിക്കുകയാണ്. ഇത്രയും ദുരവസ്ഥ പട്ടികവിഭാഗം അനുഭവിക്കുമ്പോള്‍ അവരുടെ ചെലവില്‍ അധികാരം പങ്കിട്ടനുഭവിക്കുന്ന കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ നീക്കങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേരുകയും ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന കാഴ്ച പരമദയനീയം തന്നെയാണ്.അപ്പോള്‍ ആ പ്രസ്ഥാനങ്ങളില്നിന്നുകൊണ്ട് അതിന് ചോരയും നീരും കൊടുത്ത് ശക്തി പകരുന്ന പട്ടികവിഭാഗം ജനത ഇരിക്കുന്ന കൊമ്പു മുറിക്കുകയാണ് ചെയ്യുന്നത്.
ഈ വസ്തുതകളെല്ലാം വിരല്‍ചൂണ്ടുന്നത് പട്ടിക വിഭാഗത്തിന്റെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ അനിവാര്യതയിലേയ്ക്കാണ്. പക്ഷെ അതിനുള്ള പ്രാഥമികാവശ്യങ്ങളായ ബൗദ്ധിക നേതൃത്വം, രാഷ്ട്രീയ നേതൃത്വം, സംഘടന, സംഘടനാ നേതൃത്വം, സാമ്പത്തികം എന്നിവയുടെ അഭാവവും അവ ലഭ്യമാക്കാനുള്ള ദേശീയമോ, വൈദേശികമോ ആയ സ്രോതസ്സില്ലായ്മയും വലിയൊരു പ്രശ്നം തന്നെയാണ്. ബൗദ്ധിക നേതൃത്വവും സംഘടനാ നേതൃത്വവും ഏറ്റെടുക്കുന്നതിന് പ്രാപ്തരായ വ്യക്തിത്വങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ഇവയെല്ലാം ഒരു ചരടില്‍ കോര്ത്തിണക്കുന്നതിന് ശക്തമായ ഒരു സംഘടന ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. സംവരണത്തിലൂടെയും മറ്റും ഉന്നത ഉദ്യോഗത്തിലെത്തിപ്പെടുകയും സാമൂഹ്യസാമ്പത്തിക രംഗങ്ങളില്‍ ഉന്നതി പ്രാപിക്കുകയും ചെയ്ത ഒരു വിഭാഗം അധഃസ്ഥിതാവസ്ഥ പരിഹരിക്കുന്നതിനായി കാര്യമായൊന്നും ചെയ്യുന്നില്ലെന്നുള്ള ദുഃഖസത്യവും കാണാതിരുന്നുകൂടാ. തന്മൂലം നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഹായം സ്വീകരിക്കലല്ലാതെ ഈ ജനസമൂഹത്തിന് ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ല.
ബിജെപിയും പോഷക സംഘടനകളും കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ്. വിവിധ പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും രംഗനാഥമിശ്രാ കമ്മീഷന് റിപ്പോര്‍ട്ട് കത്തിക്കുകയും ചെയ്തുകൊണ്ട് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയും വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ പട്ടികജാതി നേതാക്കന്മാരേയും ബിജെപിയുടേയും പോഷക സംഘടനകളുടേയും ഉന്നതരായ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധ റാലികളും സത്യഗ്രഹങ്ങളും ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഒരു മുന്നേറ്റം സൃഷ്ടിക്കുകയും ഭരണകര്‍ത്താക്കളില്‍ ഒരവബോധം സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇത് ശുഭോദര്‍ക്കമാണ്. പട്ടികജാതി-വര്‍ഗ സമുദായങ്ങളില്‍ പെട്ട ഒരാള്‍ക്കും ഇത് കണ്ടില്ലെന്ന് നടിക്കാനാവുകയില്ല. പ്രത്യേകിച്ചും തനിച്ച് സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കത്തക്ക രാഷ്ട്രീയ സംഘടനയോ, സാമുദായിക കൂട്ടായ്മയോ പട്ടികവിഭാഗത്തിനില്ല എന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ. നമ്മെ ആരു സഹായിക്കുന്നുവോ അവരെ തിരിച്ചു സഹായിക്കുക എന്നത് സാമാന്യ നീതി മാത്രമാണ്.
എ.ശശിധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: