തിരുവനന്തപുരം: വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതു കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു കൊണ്ട് അന്വേഷണത്തെ നേരിടുന്നത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും പിണറായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതു ചെപ്പടിവിദ്യ മാത്രമാണ്. നീതിന്യായ വ്യവസ്ഥയോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി അടിയന്തരമായി അധികാരം ഒഴിയണം. പാമോയില്‍ കേസിലെ കോടതി വിധിയുടെ ഗൗരവ പ്രാധാന്യം മുഖ്യമന്ത്രിക്കു പോലും നിരാകരിക്കാന്‍ കഴിയില്ലെന്നതിനു തെളിവാണ് അദ്ദേഹം വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞത്.
കോടതിയുടേതു വെറുമൊരു പരാമര്‍ശമല്ല. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അക്കമിട്ടു നിരത്തിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിസഭയിലെ ഏറ്റവും വിശ്വസ്തനായ ആള്‍ക്ക് വിജിലന്‍സ് വകുപ്പ് വിട്ടുകൊടുത്തുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമാകില്ല. ജനാധിപത്യ ബോധമുളള എല്ലാവരും ഇതിനെതിരേ ശബ്ദമുയര്‍ത്തണമെന്നും പിണറായി പറഞ്ഞു.
എന്നാല്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതു കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. പൊതുഭരണ വകുപ്പിന് കീഴിലാണ് വിജിലന്‍സ് വകുപ്പ് വരുന്നത്. ആ പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. ഈ വകുപ്പുകളെല്ലാം തന്നെ ആഭ്യന്തര വകുപ്പിന് കീഴിലും. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ കൈവശമാണ്. അങ്ങനെ ഒരു സാഹചര്യമുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ വേറെ വഴിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതു കേസന്വേഷണം അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അതിനാല്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞാല്‍ മതിയെന്നായിരുന്നു കോടിയേരി ഇന്നലെ ആവശ്യപ്പെട്ടിരുന്നത്.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു സി.പി.എം നേതാവ് ഇ.പി.ജയരാജനും ആവശ്യപ്പെട്ടു. എല്ലാ വകുപ്പിന്റെയും മുകളില്‍ ആയ മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ആവശ്യപ്പെട്ടു. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്ടു മാത്രം പാമോലിന്‍ കേസന്വേഷണം ശരിയായ ദിശയില്‍ പോകില്ല. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞുവെന്നു പറയുന്നതു വസ്തുതാപരമായി ശരിയല്ല. പാമോയില്‍ കേസ് ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് നാളെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: