ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്. കൃഷ്ണയ്യരുടെ പ്രശംസ. മോഡിയുടെ ‘കന്യകേളവാനി യോജന’ എന്ന പദ്ധതിയാണ് കൃഷ്ണയ്യരെ അഭിനന്ദന സന്ദേശം അയയ്ക്കാന്‍ പ്രേരിപ്പിച്ചത്.
“എത്രയും പ്രിയപ്പെട്ട മോഡി” എന്ന് അഭിസംബോധന ചെയ്യുന്ന കത്തില്‍ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന താങ്കളെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാതൃകയാക്കണമെന്നും വ്യക്തമാക്കുന്നു. ജൂലൈ 29നാണ് കൃഷ്ണയ്യര്‍ കത്തെഴുതിയത്. മോഡി 48.76 കോടി രൂപ പ്രത്യേക ഫണ്ടായി കണ്ടെത്തിയതും പെണ് സാക്ഷരതാ നിരക്ക് സംസ്ഥാനത്ത് ഉയര്‍ന്നതും കൃഷ്ണയ്യരെ ഏറെ സന്തോഷിപ്പിച്ചു.
മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലഭിച്ച സമ്മാനങ്ങളും പുരസ്കാരങ്ങളുമുള്‍പ്പെടെ ലേലത്തിലൂടെ വില്‍പ്പന നടത്തുകയും അതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് രൂപീകരിക്കുക എന്ന പദ്ധതിയാണ് ‘കന്യകേളവാനി യോജന’. പദ്ധതി പ്രകാരം മോഡിയും മന്ത്രിമാരും സ്കൂള്‍ വര്‍ഷാരംഭം പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പുസ്തകങ്ങള്‍, കിറ്റുകള്‍, ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ അവര്‍ക്ക് നല്‍കുകയും ചെയ്യും. സ്കൂളില്‍ നിന്ന് ഒരു കാരണവശാലും അവര്‍ കൊഴിഞ്ഞു പോകാതിരിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി.
2001 നവംബര്‍ മുതല്‍ 7994 പുരസ്കാരങ്ങളാണ് മോഡിക്ക് ലഭിച്ചത്. 42,944 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ലേലത്തുക ഉപയോഗിച്ചത്. ഈവര്‍ഷം ഇതുവരെ ലഭിച്ച 521 സമ്മാനങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: