Categories: Ernakulam

വിഎസ്‌ പക്ഷത്തെ ഒതുക്കാന്‍ പുതിയ രണ്ട്‌ ഏരിയാ കമ്മറ്റികള്‍

Published by

കൊച്ചി: സിപിഎം ഔദ്യോഗികപക്ഷത്തിന്‌ മേല്‍ക്കൈ വരുന്ന തരത്തില്‍ എറണാകുളം, തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റികള്‍ വിഭജിച്ച്‌ വൈറ്റില, മുളന്തുരുത്തി ഏരിയാ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗം അംഗീകാരം നല്‍കി. വൈറ്റില ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക്‌ കെ എന്‍ ഉണ്ണികൃഷ്ണന്‍, സി കെ മണിശങ്കര്‍ എന്നിവരുടെയും മുളന്തുരുത്തി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക്‌ ടി ആര്‍ ഗോപനാഥ്‌, ജോണ്‍ ഫെര്‍ണാണ്ടസ്‌ എന്നിവരുടെയും പേരുകളാണ്‌ പരിഗണനയിലുള്ളത്‌. വൈറ്റില, പാരാരിവട്ടം, കടവന്ത്ര, ഇടപ്പള്ളി, വെണ്ണല, മരട്‌ ലോക്കല്‍ കമ്മിറ്റികളാണ്‌ വൈറ്റില ഏരിയാ കമ്മിറ്റിയുടെ ഭാഗമാകുക. എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത്‌, സൗത്ത്‌, മുളവുകാട്‌, പനമ്പുകാട്‌, വടുതല, ചേരാനല്ലൂര്‍, എളമക്കര, കലൂര്‍, ഷിപ്‌യാര്‍ഡ്‌ ലോക്കല്‍ കമ്മിറ്റികള്‍ എറണാകുളം ഏരിയാ കമ്മിറ്റിയില്‍ നിലനിര്‍ത്തും.

തിരുവാങ്കുളം, തിരുവാണിയൂര്‍, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, മുളന്തുരുത്തി, ആമ്പല്ലൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ പുതിയ മുളന്തുരുത്തി ഏരിയാ കമ്മിറ്റിയുടെ ഭാഗമായിരിക്കും. തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയില്‍ ഉദയംപേരൂര്‍, പൂത്തോട്ട, തൃപ്പൂണിത്തുറ സൗത്ത്‌, ഈസ്റ്റ്‌, വെസ്റ്റ്‌, ഏരൂര്‍, പൂണിത്തുറ, അമ്പലമേട്‌ ലോക്കല്‍ കമ്മിറ്റികളുണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗീകരിച്ച നിര്‍ദേശം ജില്ലാ കമ്മിറ്റിയും 10,11,12 തീയതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗവും അംഗീകരിക്കുന്ന മുറക്ക്‌ പുതിയ രണ്ട്‌ ഏരിയാ കമ്മിറ്റികളും നിലവില്‍ വരും. എറണാകുളം ജില്ലയിലെ ഏരിയാ കമ്മിറ്റികളുടെ എണ്ണം ഇതോടെ 19 ആകും.

എറണാകുളം ഏരിയാ കമ്മിറ്റി വിഭജിക്കുന്നതിലൂടെ വി എസ്‌ പക്ഷത്തിന്റെ ഒരു കോട്ടകൂടി പൊളിക്കുകയാണ്‌ ഔദ്യോഗിക പക്ഷം. പിണറായി പക്ഷത്തിന്‌ മേല്‍ക്കൈയുള്ള ലോക്കല്‍ കമ്മിറ്റികള്‍ ഉള്‍പ്പെടുത്തിയാണ്‌ വൈറ്റില ഏരിയാ കമ്മിറ്റിയുണ്ടാക്കുന്നത്‌. വൈറ്റില ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിക്കുന്ന കെ എന്‍ ഉണ്ണികൃഷ്ണന്‍ കടുത്ത പിണറായി പക്ഷക്കാരനാണ്‌. മണിശങ്കര്‍ വി എസ്‌ പക്ഷക്കാരനും.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന്‌ മുമ്പ്‌ അങ്കമാലി, പറവൂര്‍ ഏരിയാ കമ്മിറ്റികള്‍ വിഭജിച്ച്‌ കാലടി, നെടുമ്പാശേരി ഏരിയാ കമ്മിറ്റികള്‍ രൂപീകരിച്ച്‌ വി എസ്‌ പക്ഷം ആധിപത്യമുറപ്പിച്ചതിന്‌ സമാനമായ നീക്കമാണ്‌ ഇക്കുറി രണ്ട്‌ ഏരിയാ കമ്മിറ്റികള്‍ വിഭജിച്ചു കൊണ്ട്‌ ഔദ്യോഗിക പക്ഷം നടത്തുന്നത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by