തൃശൂര്‍ : ജില്ലയില്‍ നിന്ന് മാത്രം ആയിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്സല്‍ മണിചെയിന്‍ തട്ടിപ്പ് കേസ് കോഴക്കേസായി ഒതുക്കാന്‍ പോലീസ് തന്നെ ശ്രമിക്കുകയാണെന്ന് ആരോപണം.
കമ്പനിയുടെ നികുതിയിളവിന് ഒന്നരക്കോടി കൈക്കൂലി കൊടുത്തുവെന്ന കമ്പനി ഡയറക്ടര്‍ പാട്രിക് തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസി. കമ്മിഷണര്‍ ജയനന്ദകുമാറിനെ പ്രതി ചേര്‍ത്തുള്ള പോലീസിന്റെ അന്വേഷണ നടപടികള്‍, കേസിലെ ഒന്നാം പ്രതിയായ കമ്പനി എം.ഡി. ഹരീഷ് മദിനേനിക്കും, കമ്പനിയുടെ ഓഹരികളുടെ അവകാശമുള്ള കുടുംബാംഗങ്ങള്‍ക്കും പോലീസ് ഇപ്പോള്‍ എടുത്തിരിക്കുന്ന കേസുകളില്‍ നിന്ന് എളുപ്പത്തില്‍ തലയൂരാന്‍ കഴിയുന്ന വിധത്തിലാണ് പോലീസിന്റെ നടപടികള്‍. വിവിധ മേഖലയില്‍ നിന്ന് കമ്പനി എം.ഡി. മദിനേനിക്കെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെയും ചെറുവിരലനക്കുന്ന നടപടികള്‍ പോലും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തൃശൂര്‍, എറാണകുളം സി.ജെ.എം കോടതികള്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകളും നടപടിയെടുക്കാതെ പോലീസ് പൂഴ്ത്തി വെച്ചിരിക്കുകയാണ്. കമ്പനി ഡയറക്ടര്‍ പാട്രിക് തോമസിനെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത് മദിനേനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീടാണ് തൃശൂരിലെ പരാതികള്‍ക്ക് ഇയാളെ വിട്ടു കിട്ടുന്നതിന് പോലീസ് ശ്രമിച്ചത്. വടക്കാഞ്ചേരി, തൃശൂര്‍ ഈസ്റ്റ് വെസ്റ്റ് പോലീസുകള്‍ കൊണ്ടുപിടിച്ച് തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റേയും പേരില്‍ നാടുമുഴുവന്‍ കറങ്ങുമ്പോഴും പാട്രിക് തോമസിന്റെയും, മറ്റ് പ്രമോട്ടര്‍മാരുടെയും പരാതിയില്‍ ഒന്നാംപ്രതിയായ മദിനേനി വിലസുകയാണ്. മദിനേനിക്കെതിരെയാണ് പാട്രിക് തോമസും കമ്പനിയിലെ മറ്റ് ജീവനക്കാരും പരാതി നല്‍കിയിരിക്കുന്നതെന്നതാണ് ശ്രദ്ദേയം. പാട്രിക് തോമസിന്റെ മൊഴിയിലെ ഒന്നു മാത്രമാണ് ഇപ്പോള്‍ പോലീസ് മഹാ സംഭവമായി അസി. കമ്മീഷണര്‍ ജയനന്ദകുമാര്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ഇയാളെ കേസിലെ പതിനൊന്നാം പ്രതിയായി ചേര്‍ക്കാന്‍ പോലീസ് മൂന്ന് ദിവസമെടുത്തു.
കമ്പനിയുടെ ചില ഏജന്റ്മാരെയും പ്രമോട്ടര്‍മാരെയും ആഘോഷ പൂര്‍വം കസ്റ്റഡിയിലെടുത്ത് ജയിലിലിട്ടതാണ് പോലീസ് അന്വേഷണത്തില്‍ ആകെ ലഭിച്ച നേട്ടം. കമ്പനി എം.ഡി. ഹരീഷ് മദിനേനിയെ അറസ്റ്റ് ചെയ്താലെ കമ്പനിയുടെ പണമൊഴുകിയ വഴികളെ കുറിച്ച് വ്യക്തമായി അറിയാനാവൂ, മാത്രമല്ല തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കണമെങ്കിലും ഹരീഷ് മദിനേനിക്കെതിരെ നടപടിയുണ്ടാകേണ്ടതുണ്ട്. എന്നാല്‍ മദിനേനിയുടെ വിഹാര കേന്ദ്രമായ ബാംഗ്ലൂരിലേക്ക് പോലീസ് എത്തി നോക്കിയത് പാട്രിക് തോമസിനെയും കൂട്ടി തെളിവെടുപ്പിന് പോയെന്ന വാര്‍ത്തയില്‍ മാത്രം.
വാണിജ്യ നികുതിയുദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയ കേസിലും പോലീസിന്റെ അന്വേഷണം എത്തിയത് സ്വര്‍ണ്ണ വ്യാപാരി വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥന് വില്‍പ്പന നടത്തിയതാണെന്ന കാര്‍ തിരിച്ചറിഞ്ഞത് മാത്രം നേട്ടം. ഇതിലും കേസ് അന്വേഷണം തുടരുമെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ജയനന്ദകുമാര്‍ കൈക്കൂലി വാങ്ങിയത് 2010ല്‍ വിജിലന്‍സ് കണ്ടെത്തിയിട്ടും നടപടിയെടുക്കാത്ത പോലീസ്് ഇപ്പോള്‍ കോഴക്കേസിലേക്ക് കേസിനെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ കേസിലെ പങ്ക് വെളിപ്പെടുന്നത്. അപ്പോള്‍ കേസിന്റെ പുരോഗതി കൈക്കൂലി കേസില്‍ ഒതുങ്ങുമെന്ന വാദവും ഒരു പക്ഷത്ത് ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: