Categories: Ernakulam

ബാലദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published by

മട്ടാഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്‌ ഒരുക്കങ്ങളായി. പൈതൃകനഗരിയായ മട്ടാഞ്ചേരിയിലും കരുവേലിപ്പടി രാമേശ്വരം ഭാഗത്തുമായി രണ്ട്‌ ആഘോഷപരിപാടി കളാണ്‌ നടക്കുക. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധയിനം പരിപാടികളോടെയാണ്‌ ശ്രീകൃഷ്ണ ജയന്തി ആഘോഷം അരങ്ങേറുന്നത്‌. ആഘോഷത്തിനായി സിഐഎസ്‌എഫ്‌ റിട്ട. ഡിജിപി പ്രേമാനന്ദപ്രഭു പ്രസിഡന്റ്‌, രാജേഷ്‌ അഗര്‍വാള്‍ സെക്രട്ടറി, പ്രഭാകര പ്രഭു ട്രഷററുമായുള്ള 51 അംഗ സമിതി രൂപീകരിച്ചുകഴിഞ്ഞു.

ശ്രീകൃഷ്ണജയന്തി- ബാലദിനാഘോഷത്തോടനുബന്ധിച്ച്‌ ആഗസ്റ്റ്‌ 13ന്‌ കൃഷ്ണഗീതി, ഗാനാലാപന മത്സരം, 15ന്‌ ശ്രീകൃഷ്ണഗാനാമൃതം സംഗീതസന്ധ്യ, ടിഡിക്ഷേത്രത്തില്‍ 17ന്‌ രാവിലെ പതാകദിനവും, ഗോപൂജയും, വൈകിട്ട്‌ വൈഎന്‍പി ട്രസ്റ്റില്‍ കുടുംബസംഗമം, 21ന്‌ ഞായറാഴ്ച രാവിലെ നഗരസങ്കീര്‍ത്തനം, പതാക ഉയര്‍ത്തല്‍, വൈകിട്ട്‌ നഗരത്തെ അമ്പാടിയാക്കി ശോഭായാത്രകളും നടക്കും. മട്ടാഞ്ചേരി മേഖലയില്‍ 12 ശോഭായാത്രകളാണ്‌ വിവിധ കേന്ദ്രങ്ങളില്‍നിന്നും തുടങ്ങുന്നത്‌. ഫോര്‍ട്ടുകൊച്ചി കാര്‍ത്തികേയക്ഷേത്രം, വെളി മാരിയമ്മന്‍ ക്ഷേത്രം, അമരാവതി ജനാര്‍ദ്ദനക്ഷേത്രം, ചെറളായി ഷഷ്ഠിപറമ്പ്‌ ദാമോദരക്ഷേത്രം, തുണ്ടിപ്പറമ്പ്‌ ഗോപാലകൃഷ്ണ ക്ഷേത്രം, തെക്കെചെറളായി, കേരളേശ്വര്‍ ക്ഷേത്രം, കൂവപ്പാടം കാമാക്ഷിയമ്മന്‍ കോവില്‍, അജന്താഭാഗം, പാണ്ടിക്കുടി മാരിയമ്മന്‍ ക്ഷേത്രം, ആനവാതില്‍ ഗോപാലകൃഷ്ണക്ഷേത്രം, പാലസ്‌ റോഡ്‌ സാമുദ്രി സദന്‍, പനയപ്പിള്ളി ശിവപാര്‍വതിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൂവപ്പാടത്ത്‌ സംഗമിച്ച്‌ മഹാശോഭായാത്രയായി ടിഡി ഹൈസ്കൂളിലെത്തി സമാപിക്കും.

കരുവേലിപ്പടി രാമേശ്വരം ഭാഗത്ത്‌ അഞ്ച്‌ ശോഭായാത്രകള്‍ നടക്കും. രാമേശ്വരം ഭരദേവതാക്ഷേത്രം, കഴുത്തുമുട്ട്‌ ബാലസുബ്രഹ്മണ്യ ക്ഷേത്രം, ചക്കനാട്‌ മഹേശ്വരി ക്ഷേത്രം, എഡിപുരം കുരുംബ ഭഗവതി ക്ഷേത്രം, ആര്യകാട്‌ ശ്രീരാമക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ രാമേശ്വരംശിവക്ഷേത്രത്തിലെത്തി സമാപിക്കും. ശോഭായാത്രയില്‍ കൃഷ്ണ-ഗോപികാ വേഷങ്ങള്‍, കോലാട്ടം, ദാണ്ഡിയനൃത്തം, യോഗ്ചാപ്‌, ഭജന സംഘങ്ങള്‍, പുരാണകഥാവിഷ്ക്കാര നിശ്ചലദൃശ്യങ്ങള്‍, പുരാണകഥാവേഷങ്ങള്‍, പൂത്താലം, രഥങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ അണിനിരക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by