കോട്ടയം: കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏഴ് വീടുകള്‍ പൂര്‍ണമായും 52 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി നശിച്ചിട്ടുണ്ട്. റബ്ബര്‍, തേക്ക്, പ്ലാവ്, തുടങ്ങിയ മരങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പതിച്ചതോടെ മലയോരമേഖല ഇരുട്ടില്‍ തപ്പുന്നു. ആറോളം റോഡുകളില്‍ മണ്ണിടിഞ്ഞു വീണതു മൂലം ഗതാഗതം താറുമാറായി. നാലുകോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത്.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. നൂറുകണക്കിന് വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. പുന്നപ്രയില്‍ മത്സ്യബന്ധന വള്ളം തകര്‍ന്നു; ആറ് ലക്ഷത്തിന്റെ നഷ്ടം. പുന്നപ്ര ഗലീലിയ കടപ്പുറത്ത് നങ്കൂരമിട്ടിരുന്ന കൊച്ചുതുമ്പ എന്ന വള്ളമാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് തകര്‍ന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളം പൂര്‍ണമായും തകര്‍ന്നു. പുന്നപ്ര, പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും കടല്‍ഭിത്തി കവിഞ്ഞ് തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. നൂറുകണക്കിന് വീടുകള്‍ ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്.
പത്തനംതിട്ട ജില്ലയില്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മല്ലപ്പള്ളി , കോട്ടാങ്ങല്‍ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കോട്ടാങ്ങലില്‍ നിന്നും ചുങ്കപ്പാറ, മണിമല, മല്ലപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഇന്നലെ ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ വീടുകളിലേയും കടകളിലേയും സാധനങ്ങള്‍ നീക്കാന്‍ കഴിഞ്ഞില്ല. പുറമറ്റം പഞ്ചായത്തിലെ വെണ്ണിക്കുളം കവലക്ക് സമീപമുള്ള ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളില്‍ കുടുങ്ങിയവരെ പത്തനംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷിച്ചത്. ഇവരെ സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
പ്രദേശത്തെ ഏക്കര്‍ കണക്കിനു കൃഷിയും വെള്ളം കയറി നശിച്ചു. മല്ലപ്പള്ളി തഹസില്‍ദാര്‍ ലിജി എബ്രഹാമിന്റെ നേതൃതത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
തുടര്‍ച്ചയായി തിമിര്‍ത്തുപെയ്യുന്ന മഴ എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാക്കി. വ്യാപക കൃഷിനാശവും ഉണ്ട്. ഏലൂരില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. വടക്കുംഭാഗം കിഴിതൊടതുണ്ടയില് സുനിലിന്റെ വീടിന്റെ അടുക്കള ഭാഗമാണ് മഴയെത്തുടര്‍ന്ന് ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍, മരട് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ആഴ്ചകളായി തുടരുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി. നഷ്ടം 12 കോടി കവിഞ്ഞു. ജില്ലയിലെ ദേശീയ, സംസ്ഥാന പാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. റോഡുകള്‍ തോടുകളായി മാറിയതോടെ യാത്രാപ്രശ്നം രൂക്ഷമായി. ജില്ലയില്‍ എണ്ണൂറോളം വീടുകള്‍ പൂര്‍ണമായും 900ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 125 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 11,19,88,800 രൂപയുടെ കൃഷിനഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. മഴക്കെടുതിയില്‍ 12,62,88,800 രൂപയുടെ നഷ്ടമാണ് ആകെ കണക്കാക്കിയത്. 24 മണിക്കൂറിനിടെ 53.55 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 2281.64 മില്ലിമീറ്റര്‍ മഴയാണ് കണ്ണൂരില്‍ ഇതുവരെ ലഭിച്ചത്.
മതമ്പ, കോരുത്തോട്, കൊമ്പുകുത്തി, തെക്കെമല, പാലൂര്‍ക്കാവ്, ഇളമ്പ്രാമല, വെട്ടുകല്ലാംകുഴി എന്നിവിടങ്ങളിലാണ് കനത്ത മഴ കൂടുതല്‍ നാശം വിതച്ചത്. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴ ഞായറാഴ്ച പുലരുവോളം നിര്‍ത്താതെ പെയ്തിറങ്ങുകയായിരുന്നു. കനത്ത മണ്ണിടിച്ചിലില്‍ മതമ്പ-അന്നാസ്് റോഡ്, മതമ്പ-കണയങ്കവയല്‍ ഐഎച്ച ആര്‍ഡി കോളനി റോഡ്, തെക്കെമല-കാനമല റോഡ്, മട്ടക്ക-കൊമ്പുകുത്തി റോഡ്, തെക്കെമല- വള്ളിയാങ്കാവ് റോഡുകളിലേക്ക് മണ്ണും കല്ലുകളും മരങ്ങളും വീണ് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നാട്ടുകാരുടെ ശ്രമം വൈകിയും തുടരുകയാണ്.
മതമ്പ, കോരൂത്തോട്, കൊമ്പുകുത്തി എന്നിവിടങ്ങളിലാണ് വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. മതമ്പയില്‍ ശനിയാഴ്ച പതിനൊന്നര മുതല്‍ ഞായറാഴ്ച ആഞ്ചുമണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ പല തവണ ഉരുള്‍പൊട്ടി. പാഞ്ചാലിമേട്ടിന്റെ അടിവാരത്തുനിന്നും ഉദ്ഭവിച്ച ഉരുള്‍പൊട്ടലില്‍ വെള്ളാനി- കൊമ്പന്‍പാറ മേഖലയില്‍ വ്യാപകമായി നാശം വിതച്ചു. ചുമലേത്ത് അച്ചന്‍കുഞ്ഞ്, കപ്പലുമാക്കല്‍ കുഞ്ഞുമോന്, മുടക്കിയിയില് മോഹനന്, കല്ലുംകുന്നേല്‍ ഗണേശന്, കണ്ണാടിശ്ശേരിയില്‍ വിശ്വന്, മണയാനിക്കല് ബിസിലി, തൈപ്പറമ്പില്‍ ജോണി, ഏരുമല സതീശന്, വെട്ടിക്കല്‍ അനു എന്നിവരുടെ വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്നു.
മരുതുംമൂട്ടില്‍ കൂന്നില്‍ രവീന്ദ്രന്, കൊച്ചുതറ പ്രകാശ്, കുന്നില്‍ ബാബു എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. കോളനിക്കല്‍ വില്‍സന്റെ രണ്ടുമുറികളുടെ ഭിത്തിയും തകര്‍ന്ന് മണ്ണും കല്ലുകളും വീടിനകത്തേക്കു കയറി. മുറിയിലുണ്ടായിരുന്ന കുട്ടികള്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: