Categories: Kerala

വാഗ്ദാനം പാലിച്ചിരുന്നെങ്കില്‍ ഓച്ചിറ ദുരന്തം ഒഴിവാക്കാമായിരുന്നു

Published by

ആലപ്പുഴ: ആളില്ലാ ലെവല്‍ ക്രോസിങ്ങില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. വിദേശികളുള്‍പ്പെടെ നാലുപേര്‍ തീവണ്ടിയിടിച്ച്‌ മരിച്ച മാരാരിക്കുളം പൂപ്പള്ളിക്കാവില്‍ കാവല്‍ക്കാരെ നിയമിക്കുമെന്ന റെയില്‍വേ മന്ത്രിയുടെ പാഴ്‌വാക്കിന്‌ ഇന്ന്‌ ഒരു വയസ്‌.

ജര്‍മന്‍ മെയിന്‍നിക്‌ സ്വദേശി മാന്‍ഫ്രഡ്‌ ഹെര്‍ബര്‍ട്ട്‌ ഗസ്റ്റാ വോ റുഡോള്‍ഫ്‌ മറിയ (54), ഭാര്യ കാതറിന്‍ സൂസന്ന (47), കാര്‍ ഡ്രൈവര്‍ മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ 9-ാ‍ം വാര്‍ഡ്‌ തയ്യില്‍ വീട്ടില്‍ സേവ്യറിന്റെ മകന്‍ ആന്റണി (30), മാരാരിക്കുളം ബീച്ച്‌ റിസോര്‍ട്ടിലെ ജീവനക്കാരിയായ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ വിഷ്ണു വിഹാറില്‍ ഷാജിയുടെ മകള്‍ ഷാനിമോള്‍ (21) എന്നിവരാണ്‌ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പൂപ്പള്ളിക്കാവിലെ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ചത്‌.

റിസോര്‍ട്ടില്‍ നിന്ന്‌ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ പോകവേ കാറില്‍ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്‌ തീവണ്ടി ഇടിച്ചായിരുന്നു അപകടം. മണിക്കൂറുകള്‍ക്കകം സംഭവസ്ഥലം സന്ദര്‍ശിച്ച അന്നത്തെ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദും കെ.സി.വേണുഗോപാലും നിരവധി പ്രഖ്യാപനങ്ങളാണ്‌ നടത്തിയ്‌. ഇവിടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഗേറ്റ്‌ സ്ഥാപിച്ച്‌ കാവല്‍ക്കാരെ നിയമിക്കുമെന്നും തീരദേശപാതയിലെ മറ്റ്‌ ലെവല്‍ക്രോസുകളില്‍ നാലുമാസത്തിനകം കാവല്‍ക്കാരെ നിയമിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിലൊന്നുപോലും പ്രാവര്‍ത്തികമായില്ല.

ഒരുവര്‍ഷത്തിന്‌ ശേഷം സ്വന്തം മണ്ഡലത്തിലെ ഓച്ചിറയില്‍ ആളില്ലാ ലെവല്‍ക്രോസില്‍ അഞ്ച്‌ ജീവനുകള്‍ പൊലിഞ്ഞപ്പോഴും കേന്ദ്രമന്ത്രി വേണുഗോപാല്‍ ഇതേ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി. പൂപ്പള്ളിക്കാവ്‌ ദുരന്ത ദിവസം നടത്തിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കിയിരുന്നെങ്കില്‍ ഓച്ചിറയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു.

പി. ശിവപ്രസാദ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by