മുംബൈ: ഭാരതത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ പ്രധാനിയും ശ്രീരാമകൃഷ്ണ മിഷന്റെ സ്ഥാപകനുമായ സ്വാമി വിവേകാനന്ദന്റെ ജീവിതം ത്രീഡി അനിമേഷന്‍ സിനിമയാകുന്നു. നൂറ്റിയമ്പതാമത് വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2013 ഓടുകൂടി ഈ ചിത്രം ലോകവ്യാപകമായി പുറത്തിറങ്ങും.
സ്വാമി വിവേകാനന്ദന് ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടുന്നതു മുതല്ക്കുള്ള കാര്യങ്ങളാണ് സിനിമയില്‍ കൂടുതലായി പരാമര്‍ശിക്കപ്പെടുന്നതെന്നും അദ്ദേഹത്തിന്റെ അറിവിലും ജ്ഞാനത്തിലും ഉള്‍ക്കൊള്ളുന്ന ലോകം തിരിച്ചറിയാതെ പോയ ചില വസ്തുതകള്‍ കൂടി ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുമെന്നും ശ്രീരാമകൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കള്‍ച്ചറല്‍ സെക്രട്ടറി സ്വാമി സര്വഭൂതാനന്ദ അറിയിച്ചു.
അനിമേഷന്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലുള്‍പ്പെടുന്ന ചിത്രത്തിന് 90 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഏഴ് കോടി രൂപയോളം ചെലവഴിച്ചാണ് ഇത് പൂര്‍ത്തിയാക്കുന്നത്. ഔറ സിനിമാറ്റിക്സിന്റെ സുകന്കന് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിമേഷന്‍ സിനിമകള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം മുന്‍നിര്‍ത്തിയാണ് ചരിത്രപുരുഷനായ വിവേകാനന്ദന്റെ ജീവിതവും ത്രീഡി അനിമേഷന്‍ സങ്കേതത്തില്‍ രൂപപ്പെടുന്നത്. ചിത്രത്തിനായി കൂടുതല്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്തേണ്ടതായും വന്നു, റോയ് പറഞ്ഞു. മൂന്ന് മിനിറ്റോളം നീളുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയ അവസരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം ചിത്രത്തിന്റെ വിതരണത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയായതും ഇതിന്റെ ഡിവിഡി, വിസിഡി രൂപങ്ങളും പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഒരു ഡോക്യുമെന്ററിയും ഉടന്‍ പൂര്‍ത്തിയാകുമെന്ന് സ്വാമി സര്വഭൂതാനന്ദ പറഞ്ഞു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച ഒരുക്കങ്ങളുടെ ഭാഗമായി പ്രമുഖ സംവിധായകന് ഗൗതം ഘോഷ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. വിവേകാനന്ദന്റെ പ്രസംഗങ്ങളും തത്വശാസ്ത്രവും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ത്രീഡി ഫീച്ചര്‍ ഫിലിമും ഡോക്യുമെന്ററിയും ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താനും ശ്രീരാമകൃഷ്ണ മിഷന് ഇന്‍സ്റ്റിറ്റിയൂട്ടിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: