ശബ്ദകോലാഹലം കേട്ട് ഭയഭീതരായി ഉണര്‍ന്ന രാക്ഷസ സ്ത്രീകള്‍ ഹനുമാനെ കണ്ടു. ഇടിനാദം പോലെ ശബ്ദമുള്ള ഇവന് അതിബലവാന്‍ തന്നെ. ഇന്‍ എന്തുജന്തുവാണ്? എന്തിനിടിവ് വന്നു? ഇങ്ങനെയെല്ലാം ചിന്തിച്ച രാക്ഷസികള്‍ സീതയോടായി ചോദിച്ചു: “ഹേ! സുന്ദരി നിന്റെ അടുക്കല്‍ വന്ന് വിശേഷങ്ങള്‍ ഇവന് പറഞ്ഞില്ലേ?” ഞങ്ങള്‍ ഇവനെ കണ്ട് ആകെ ഭയപ്പെട്ടിരിക്കുന്നു. വാനരരൂപം സ്വീകരിച്ച ഇവന് യഥാര്‍ത്ഥത്തില്‍ ആരാണ്? രാത്രിയുടെ ഇരുട്ടില്‍ ഇവന് ഇവിടെ വന്നതിന് കാരണമെന്ത്? ഇതെല്ലാം നിനക്ക് അറിഞ്ഞകൂടേ? പറയൂ. ഇവനാരാണ്?”രാക്ഷസിമാരുടെ ചോദ്യത്തിന് മറുപടിയായി സീത പറഞ്ഞു: “രാക്ഷസന്മാരുടെ മായാവിദ്യകളാണിതെല്ലാം. ഇവനെക്കണ്ട് എന്റെ മനസ്സിലും ഭയം വര്ധിക്കുന്നല്ലോ. ഞാനിനി എന്തുചെയ്യും ഈശ്വരാ!”
സീതയുടെ വാക്കുകള്‍ കേട്ട രാക്ഷസികള്‍ കൊട്ടാരത്തില്‍ ഓടിച്ചെന്ന് രാവണനോട് വിവരങ്ങള്‍ പറഞ്ഞു: “അമിതബലനാവും പര്വ്വതതുല്യശരീരമുള്ളവനുമായ ഒരു വാനരന് ഉദ്യാനമെല്ലാം നശിപ്പിച്ചു. പൊരുതുവാന്‍ തയ്യാറാവന്ന അവന് യാതൊരു ഭയവും കൂടാതെ കേളീവനത്തിലെ മാളികയും തല്ലിത്തകര്‍ത്തു. ഇരുമ്പുലക്ക പിടിച്ചുനില്‍ക്കുന്ന കാവല്‍ക്കാരേയും കൈയിലിരിക്കുന്ന ഗദകൊണ്ട് കൊന്ന അവന് ലോകത്താരെയും ഭയമില്ലാതെ അവിടെ തന്നെ നില്‍ക്കുകയാണ്. ഇതുവരെയും അവിടെ നിന്ന് പോയിട്ടില്ല.”
രാക്ഷസസ്ത്രീകളുടെ വാക്കുകള്‍ കേട്ട രാവണന് ചീറിവരുന്ന പാമ്പിനെപ്പോലെ കോപാകുലനായി ഗര്‍ജ്ജിച്ചു : “രാത്രിയുടെ ഇരുട്ടില്‍ ഭയമില്ലാതെ ലങ്കാനഗരത്തില്‍ കേറിയ അവന് നിസ്സാരനല്ലെന്ന് വ്യക്തമാണ്. വാള്, മൂര്‍ച്ചയുള്ള അമ്പുകള്‍, ഇരുമ്പുലക്ക എന്നിങ്ങനെ പലവിധത്തിലുള്ള ആയുധങ്ങള്‍ കൈയിലെടുത്ത് നൂറായിരം വീരന്മാര് അവനെ ബന്ധിക്കാനായി പോവുക.”
രാവണന്റെ ആജ്ഞപ്രകാരം ആയുധങ്ങളും കൈയിലേന്തിവരുന്ന രാക്ഷസന്മാരുടെ വരവുകണ്ട് നിര്ഭയനായിനിന്ന വായുപുത്രന് ഭൂമി മൊത്തം കുലുങ്ങും വണ്ണം ഒരു ഘോരശബ്ദം പുറപ്പെടുവിച്ചു. ആ ഗര്‍ജ്ജനം കേട്ടുപേടിച്ച രാക്ഷസരില്‍ ചിലര്‍ ബോധംകെട്ട് നിലത്തുവീണു. മറ്റുചിലര്‍ വളരെയധികം ഭയത്തോടെ ഹനുമാനെ സമീപിച്ചു.
മൂര്‍ച്ചയുള്ള കൂര്‍ത്തുമൂര്‍ത്ത ധാരാളം അസ്ത്രങ്ങള്‍ ഹനുമാന്റെ നേരെ രാക്ഷസര്‍ പ്രയോഗിച്ചു. മേല്ക്കുമേല് വന്നുകൊണ്ടിരിക്കുന്ന ആയുധങ്ങളെല്ലാം നിഷ്പ്രയാസം തന്റെ ഗദകൊണ്ട് നശിപ്പിച്ച ഹനുമാന് അനേകലക്ഷം രാക്ഷസരേയും കൊന്നുകളഞ്ഞു. ഈ വാര്‍ത്തകേട്ട് അത്യധികം കുപിതനായ രാവണന് ഹനുമാനെ തോല്പിക്കുന്നതിന് സര്വ്വസൈന്യാധിപന്മാരില് അത്യന്തം ബലവാന്മാരായ അഞ്ചുപേരെ നിയോഗിച്ചു.
യുദ്ധനിപുണനായ ഹനുമാനോടെതിര്ത്ത അഞ്ചുസൈന്യാധിപര്ക്കുമരണം സംഭവിച്ചു. ആ വാര്‍ത്ത രാവണനെ കൂടുതല്‍ കോപാകുലനാക്കി. രാവണന് പറഞ്ഞു: “അവന്റെ ബലം അതിശയം തന്നെ. അഞ്ചു സേനാധിപന്മാരും അവനോടെതിര്‍ത്തു മരിച്ചതറിഞ്ഞ് എനിക്ക് ഭയമാകുന്നു. അമിതബലവാന്മാരായ അഞ്ചുസേനാധിപന്മാരാണ് നമുക്ക് നഷ്ടപ്പെട്ടത്. അവിനെ ജീവനോടുകൂടി എന്റെ അടുത്ത് എത്രയും പെട്ടെന്ന് ബന്ധിച്ചുകൊണ്ടുവരിക. അതിനായി അതിബലവാന്മാരായ ഏഴ് മന്ത്രിപുത്രന്മാര് പുറപ്പെടുക.”
ശക്തിയും ബുദ്ധിയുമുള്ള വില സൈന്യവുമൊത്ത് മന്ത്രിപുത്രന്മാര് ഹനുമാനെ പിടിക്കാനായി പുറപ്പെട്ടു. രാവണന്റെ ആജ്ഞപ്രകാരം ഇരുമ്പുലക്ക, വാള്, അമ്പ്, വില്ല് തുടങ്ങിയ ആയുധങ്ങളുമായി പുറപ്പെട്ട രാക്ഷസ വീരന്മാര് ഹനുമാന് സമീപം എത്തി. അതുകണ്ട ഹനുമാന് നേരത്തെ അലറിയതിലും ശക്തിയായി ഭൂമി മുഴുവന്‍ കുലുങ്ങുംവിധം ഒന്നുകൂടി അലറി അവരോട് എതിര്‍ക്കാന്‍ തയ്യാറായി. തുരുതുരാ ആയുധം പ്രയോഗിക്കുന്ന അവരെ നിമിഷങ്ങള്‍ക്കകം ഹനുമാന് തന്റെ ഗദകൊണ്ട് അടിച്ച് യമപുരിക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: