തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണ പിള്ളയ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത് ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
പിള്ളയ്‌ക്കു മോചനത്തിനു തുല്യമായ ആനുകൂല്യം നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ നിയമവാഴ്ചയെ അട്ടിമറിച്ചുവെന്നും സി.പി.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിയമ വിരുദ്ധമായാണ് പിള്ളയെ ആശുപത്രിയിലാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനുള്ള തീരുമാനം ജയില്‍ ശിക്ഷയെ അസാധുവാക്കുന്ന നടപടിയാണ്.
പരോള്‍, ചികിത്സ എന്നിവയുടെ മറവിലാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചത്. ഇത് കോടതിക്കു നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം വ്യക്തമാക്കി. അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട ആര്‍ക്കും സംസ്ഥാനത്ത് ഇതേവരെ മുന്‍കൂര്‍ വിടുതല്‍ നല്‍കിയിട്ടില്ല. പിള്ളയ്‌ക്കു അപൂര്‍വ്വ രോഗമാണെന്നു ഇതേവരെ മെഡിക്കല്‍ സംഘവും വ്യക്‌തമാക്കിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
പിള്ളയ്‌ക്ക് അത്യാധുനിക ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണമെന്നു ചൂണ്ടിക്കാട്ടി മകള്‍ ബിന്ദു ബാലകൃഷ്ണന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണു സംസ്ഥാന സര്‍ക്കാര്‍ അനുവദം നല്‍കിയത്. ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു പിള്ളയെ മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: