ഗുവാഹതി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്ക് തുടക്കമിട്ട ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. ദീക്ഷിതിനെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് ഇരട്ടത്താപ്പുനയം സ്വീകരിക്കുകയാണെന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തി.
ലോകായുക്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജിക്കായി മുറവിളി കൂട്ടിയ കോണ്‍ഗ്രസ് നേതൃത്വം ഷീലാ ദീക്ഷിതിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഗെയിംസ് അഴിമതിയുടെ കാരണക്കാരായി സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന ഷീലാ ദീക്ഷിതിനെ പുറത്താക്കാനുള്ള മാന്യത കോണ്‍ഗ്രസ് പ്രകടിപ്പിക്കണം, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗെയിംസിനോടനുബന്ധിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നടത്തിയ അഴിമതിയിലും വിദേശത്തുനിന്നും ഉപകരണങ്ങള്‍ അനധികൃതമായി ഇറക്കുമതി നടത്തിയതിലും ദല്‍ഹി മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അഴിമതിക്കഥകള്‍ മൂടിവെച്ച് സിഎജിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുവാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ ധാര്‍ഷ്ട്യം അനുവദിക്കാനാകില്ല, ഗഡ്കരി തുറന്നടിച്ചു. സ്വന്തം പാര്‍ട്ടിയുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് ഇരട്ടത്താപ്പ് നയം പിന്തുടരുകയാണെന്നും 12,000 കോടിരൂപയുടെ അഴിമതി നടത്തിയ സുരേഷ് കല്‍മാഡിയെ അറസ്റ്റ് ചെയ്യാമെങ്കില്‍ 20,000 കോടിരൂപ ദുര്‍വ്യയം നടത്തിയ ഷീലാ ദീക്ഷിതിനെതിരായും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ടനുസരിച്ച് ഷീലാ ദീക്ഷിത് ഇതേവരെ പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഇതേസമയം സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി മുമ്പാകെ ഹാജരാക്കിയാല്‍ മാത്രമേ ഇതിനെക്കുറിച്ച് പ്രതികരിക്കാനാകൂ എന്നാണ് ദല്‍ഹി സര്‍ക്കാരിന്റെ നിലപാട്. ഇതോടൊപ്പം ഗെയിംസ് അഴിമതിയില്‍ ദല്‍ഹി സര്‍ക്കാരിന് പങ്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സിഎജി റിപ്പോര്‍ട്ടില്‍ പേരുള്പ്പെട്ടതിന്റെ പേരില്‍ ഷീലാ ദീക്ഷിത് രാജിവെക്കേണ്ടുന്ന സാഹചര്യം നിലവിലില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
ഇതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സക്കായി വിദേശത്തേക്ക് പോയ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ അഭാവത്തിലായിരുന്നു യോഗം. റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത കോണ്‍ഗ്രസ് നേതൃത്വം ഷീലാ ദീക്ഷിതിന് പിന്തുണ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി, പാര്‍ട്ടി വക്താവ് ജനാര്ദ്ദനന് ദ്വിവേദി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി എന്നിവരാണ് സോണിയയുടെ അഭാവത്തില്‍ പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: