കാണുന്ന പ്രശ്നങ്ങളിലൊക്കെ കയറി തലയിട്ട് വിവാദ പ്രസ്താവനകള്‍ തട്ടിവിടുന്നത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്രീമാന്‍ ദിഗ്വിജയസിംഗ് തന്റെ ഒരു ദുശ്ശീലമാക്കി മാറ്റിയിരിക്കയാണ്. അത് മിക്കപ്പോഴും പാര്‍ട്ടിയെ ഹലാക്കിലാക്കുന്നുണ്ട്. എങ്കിലും, വിരോധാഭാസമെന്നുതന്നെ പറയട്ടെ, കുറച്ച് വാരങ്ങള്ക്കുശേഷം പാര്‍ട്ടി തന്നെ അയാളുടെ ജല്പ്പനജാലങ്ങളെ സ്വന്തം നിലപാടായി അംഗീകരിക്കുകയും ചെയ്യുന്നു. അസംഖ്യം തവണ ഈ പ്രക്രിയ സംഭവിച്ചുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് അത് ഗാന്ധി കുടുംബത്തില്‍ അയാള്‍ക്കുള്ള ഗാഢമായ സ്വാധീനത്തിന്റെ സാക്ഷ്യമായിതന്നെ കാണണം.
ബട്ലാഹൗസ് ഏറ്റുമുട്ടലില്‍ പോലീസ് മുസ്ലീം തീവ്രവാദികളെ വെടിവച്ചിട്ടതിനെ ദിഗ്വിജയ്സിംഹന് ചോദ്യം ചെയ്തു. ഹിന്ദു ഭീകരതയെ ആര്‍എസ്എസുമായി കൊളുത്താനും അയാള്‍ മടിച്ചില്ല-പിന്നെ, ബുറാറി എഐസിസി സമ്മേളനത്തില്‍ പ്രസ്തുത ദിഗ്വിജയ് നിലപാടിനെ കോണ്‍ഗ്രസ് പാര്‍ട്ടി ദത്തെടുത്തു. ഇതിന് സമാനമായ വിവരക്കേടുകള്‍ വിളമ്പാന്‍ ദിഗ്വിജയ് അയാളുടെ സ്വന്തം രാഹുല്‍ഗാന്ധിക്ക് ക്ലാസെടുത്തതിന്റെ ഫലമായി രാഹുലിന്റെ വിവാദ പ്രസ്താവന വിക്കിലീക്സ് വഴി വെളിച്ചത്തായി. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്നെ മൊബെയിലില്‍ വിളിച്ച് കുശലം പറഞ്ഞതായി സിംഗ് അവകാശവാദം ഉന്നയിച്ചുകളഞ്ഞു. യോഗാഗുരു ബാബാ രാംദേവിനെ ‘അക്രമി’ എന്നാണ് അയാള്‍ സംബോധന ചെയ്തത്. പൊതുസമൂഹ പ്രതിനിധി അണ്ണാ ഹസാരെയെയും ദിഗ്വിജയ് കൈകാര്യം ചെയ്തിട്ടുണ്ട്.
2011 ജൂലൈ 13 ലെ ഭീകരാക്രമണം കഴിയുന്ന താമസം, ദിഗ്വിജയ് രംഗത്തുവന്ന് ആക്രമണത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തള്ളിക്കളയാന്‍ തനിക്കാവില്ലെന്ന് തുറന്നുപറഞ്ഞു. പത്രത്തിലും ടിവിയിലും തന്റെ സജീവസാന്നിധ്യം ഉറപ്പാക്കാനായി, ആര്‍എസ്എസ് രാജ്യമാസകലം ബോംബ് ഫാക്ടറികള്‍ സ്ഥാപിച്ചിരിക്കയാണെന്നും തട്ടിവിട്ടു. സിംഗ് ഇത്തരം വിടുവായത്തം പറയുന്ന സമയത്ത് ഭീകരവിരുദ്ധ സ്ക്വാഡും എന്‍ഐഎയും കുറ്റവാളികളെ കണ്ടെത്താനുള്ള തുമ്പുകള്‍ തെരയുകയായിരുന്നു.
ദിഗ്വിജയിന്റെ രാഷ്ട്രീയ പൊങ്ങല് വളരെ രസകരമായ ഒരു കഥയാണ്. അയാള്‍ നല്ല കൗശലക്കാരനും ബുദ്ധികൂര്‍മതയുള്ള ഒരു രാഷ്ട്രീയ മനസിന്റെ ഉടമയുമാകുന്നു. 1993 ല്‍ അയാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. 1998 ല്‍ പ്രതിപക്ഷത്തായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കവേയാണ് സോണിയാഗാന്ധിയുമായി അടുക്കുന്നത്. അടുത്തുവന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റമ്പിയതിനെത്തുടര്ന്ന് അയാള്‍ പത്ത് കൊല്ലത്തേക്ക് സന്യാസം സ്വീകരിക്കയാണെന്ന് പ്രഖ്യാപിച്ചു. പ്രസ്തുത സന്യാസപര്‍വം അവസാനിച്ചിരിക്കയാണ്. ഇപ്പോള്‍ അയാള്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായി ദേശീയ രാഷ്ട്രീയത്തില്‍ ഒരു വലിയ റോള്‍ കളിച്ചുകൊണ്ടിരിക്കുന്നു.
അപ്പോള്‍, ശ്രീ ദിഗ്വിജയ് എന്തിനാണ് ഇത്തരം വ്യാജപ്രസ്താവനകള്‍ എഴുന്നെള്ളിക്കുന്നത്? അതിന് കാരണം രണ്ടുണ്ട്ഃ ഒന്ന്, ഗാന്ധികുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റിയാലേ അയാള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പച്ചപിടിക്കാനാവൂ എന്നത്. രണ്ട്, മുസ്ലീങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവയെ രജപുത്രരുടെ സ്വാധീനവുമായി ഇണക്കിയാല്‍ അയാള്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഈ രണ്ട് ഉന്നങ്ങളുമായി സിംഗ് പാര്‍ട്ടിയിലും ദേശീയ രാഷ്ട്രീയത്തിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
ഉത്തര്‍പ്രദേശിന്റെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ദിഗ്വിജയിന്റെ തന്ത്രരൂപീകരണത്തിന് ഒരു യുപി ആംഗിളുണ്ട്. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനായി രാഹുല്‍ഗാന്ധി ദിഗ്വിജയിനെയാണ് ചാരിനില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ 100 സീറ്റുകളിലെങ്കിലും നിര്‍ണായകമായ മുസ്ലീം വോട്ടര്‍മാരുടെ വക്താവും വൈതാളികനുമാകുക വഴി പാര്‍ട്ടിയെ സഹായിക്കാമെന്നാണ് ദിഗ്വിജയിന്റെ പൂതി. അയാളുടെ ഈ തന്ത്രം ഫലിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മുസ്ലീങ്ങള്‍ അയാളെ ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുന്നുവെന്നുമാണ് യുപിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് എത്രത്തോളം കോണ്‍ഗ്രസിനുള്ള വോട്ടുകളായി മാറുമെന്നറിയാന്‍ വരുന്ന തെരഞ്ഞെടുപ്പ് കഴിയണം. പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തി മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടിയില്‍ അയാള്‍ ഒറ്റപ്പെടാന്‍ ഇടയാക്കുമെന്ന് മാത്രമല്ല, ഹിന്ദുവോട്ട് ധ്രുവീകരിക്കുന്നത് ബിജെപിക്ക് ശക്തിപകരുമെന്നും കോണ്‍ഗ്രസില്‍തന്നെ ഒരുവിഭാഗം ആശങ്കപ്പെടുന്നു.
ദിഗ്വിജയിന്റെ കുന്ത്രാണ്ട പ്രസ്താവനകള്‍ വിവാദജന്യങ്ങളാകുന്നുവെങ്കിലും കോണ്‍ഗ്രസ് അയാളെ ഒതുക്കുന്നില്ല എന്നത് അയാളുടെ പ്രാധാന്യത്തെ സ്പഷ്ടമാക്കുന്നു. മാവോ വാദികളെ നേരിടുന്ന കാര്യത്തില്‍ അയാള്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെയും ഒരു കാച്ചുകാച്ചി. ബാബാ രാംദേവിനെ വിമാനത്താവളത്തില്‍പോയി സ്വീകരിച്ചതിന് നാല് മന്ത്രിമാരെ വിമര്‍ശിച്ചു. എന്നിട്ടും, ധനമന്ത്രിയോ സോണിയാഗാന്ധിയോ അയാളെ ശാസിച്ച ലക്ഷണമൊന്നുമില്ല.
വലിയ രാഷ്ട്രീയാഭിലാഷണങ്ങള് പേറുന്ന ഒരു വ്യക്തിത്വമാണ് ദിഗ്വിജയ സിംഹന്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്നപക്ഷം മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കയാണ് അയാളെന്ന് കരുതുന്നവരുണ്ട്. സത്യത്തില്‍, രാഹുലന് ഒരു നോമിനിയെ തേടുകയാണെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ തന്നെ നോട്ടമിടാന്‍ അയാള്‍ മടിക്കുന്നില്ല. അതുവരെ അയാളുടെ കുന്ത്രാണ്ടപരമായ പ്രസ്താവനകള്‍ അഭംഗുരം തുടരുന്നതാണ്.
കല്യാണി ശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: