രാമചന്ദ്രപ്രഭോ! ഇനി മറ്റാരും എനിക്കു ശരണമില്ല എന്നുപറഞ്ഞ് കരഞ്ഞുകൊണ്ട് ശ്രീരാമപാദങ്ങളില്‍ വീണ ഇന്ദ്രപുത്രന് ജയന്തനെ ശ്രീരാമദേവന് കാരുണ്യത്തോടെ പിടിച്ച് എഴുന്നേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഞാനയച്ച ദിവ്യാസ്ത്രം ഒരിക്കലും പാഴാവുകയില്ല. അതിനാല്‍ നിന്റെ ഒരു കണ്ണ് പോകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി നീ നിര്‍ഭയനായി പോവുക എന്നുപറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയച്ചു. (അന്നുമുതലാണ് കാക്കകളുടെ ദൃഷ്ടിചരിഞ്ഞുപോയതെന്നും പറയപ്പെടുന്നു.) അങ്ങനെ ഓരോ നിമിഷവും യാതൊരാപത്തിലും പെടാതെ എന്നെ രക്ഷിച്ചവന് ഇന്നുപേക്ഷിച്ചത് എന്റെ പാപത്തിന്റെ ഫലമാകും. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത ഞാന്‍ ഇതെല്ലാം അനുഭവിക്കുന്നതിന് പൂര്വ്വജന്മപാപം തന്നെയാകും.”
ഇങ്ങനെ സീതയുടെ വാക്കുകള്‍ കേട്ട് ഹനുമാന് പറഞ്ഞു : “ദേവി ഇവിടെയാണുള്ളതെന്ന കാര്യം ശ്രീരാമദേവനറിയില്ലല്ലോ. ഇനിയിപ്പോള്‍ ഞാന്‍ ചെന്നു വിവരങ്ങളെല്ലാം അറിയിച്ചാലുടന്തന്നെ രാക്ഷസ സമൂഹത്തെ ഭസ്മമാക്കുവാന്‍ വളരെവേഗം വാനരസൈന്യം ഇവിടെയെത്തും. രാക്ഷസരെയും ലങ്കാനഗരത്തെയും നശിപ്പിക്കും.” ഹനുമാന് പറഞ്ഞതുകേട്ട് വളരെ സന്തോഷത്തോടെ സീതാദേവി ചോദിച്ചു. “തീരെ ശോഷിച്ച ശരീരമാണ് അങ്ങയുടേത്. അതുപോലെതന്നെയല്ലെ മറ്റുള്ളവരും? അങ്ങനെയുള്ള നിങ്ങള്‍ എങ്ങനെ പര്വതാകാരശരീരമുള്ള രാക്ഷസന്മാരെ എതിര്‍ക്കും?”
സീതയുടെ ചോദ്യം കേട്ട ഹനുമാന് പെട്ടെന്ന് തന്റെ ശരീരം പര്‍വ്വതതുല്യം വലുതാക്കി എന്നിട്ട് സീതാദേവിയോട് പറഞ്ഞു: “ഇതുപോലെയുള്ള അനേകം കോടി വാനരപ്പടയാണ് ഇങ്ങോട്ട് വരുന്നതെന്ന കാര്യം ദേവി മനസ്സിലാക്കുക.” ഹനുമാന്റെ സൗമ്യവാക്കുകള്‍ കേട്ട സീതാദേവി പറഞ്ഞു: “പരിശുദ്ധനും അതിബലവാനും രാക്ഷസവംശത്തിനു കാലനുമാണ് നീയെന്ന കാര്യത്തില്‍ സംശയമില്ല. നേരം വെളുക്കുന്നതിനുമുമ്പ് രാക്ഷസ സ്ത്രീകള്‍ കാണാതെ എത്രയും പെട്ടെന്ന് സമുദ്രം കടന്ന് ശ്രീരാമദേവനെ കണ്ട് വിവരം ധരിപ്പിക്കുക. എന്റെ പരിതമെല്ലാം പറഞ്ഞ് ചൂഡാരത്നവും കൈയില്‍ കൊടുത്ത് ശ്രീരാമദേവനെ സമാധാനിപ്പിക്കുക. അതിനുശേഷം സുഗ്രീവനോടും സൈന്യത്തോടുംകൂടെ രാമലക്ഷ്മണന്മാരുമായി എത്രയും പെട്ടെന്ന് നീ വരിക. വഴിയില്‍ യാതൊരുവിധ തടസങ്ങളും നിനക്കുണ്ടാവുകയില്ല. നിനക്ക് നല്ലത് വരട്ടെ.”
വിനയത്തോടും ഭക്തിയോടും സന്തോഷത്തോടും കൂടി ഹനുമാന് സീതാദേവിയെ നമസ്കരിച്ച് മൂന്നുപ്രാവശ്യം ലോകമാതാവിനെ വലംവച്ചുകൊണ്ട് പറഞ്ഞു: “അല്ലയോ മാതാവേ! അടിയന് പോകാന്‍ അനുവാദം തന്നാലും. ദേവിയുടെ ദുഃഖത്തിന് താമസിയാതെ അറുതിയുണ്ടാവും. അതിനാല്‍ ദേവീ ! അവിടുന്ന് ദുഃഖത്തെ വെടിഞ്ഞാലും.” ഇതുകേട്ട സീതാദേവി ഹനുമാനെ അനുഗ്രഹിച്ച് യാത്രാനുവാദം നല്‍കിക്കൊണ്ട് പറഞ്ഞു: “മകനെ നിന്റെ വഴിയില്‍ മംഗളങ്ങള്‍ മാത്രമുണ്ടാകട്ടെ. എപ്പോഴും ശ്രീരാമചന്ദ്രനെ ധ്യാനിക്കുന്ന നീ ചിരംജീവിയായി വാഴുക. നിനക്ക് ശക്തിയും സുഖവും എപ്പോഴും ഉണ്ടാകട്ടെ.” ഇങ്ങനെ സീതാദേവിയുടെ ആശീര്വാദാനുഗ്രഹം വാങ്ങിക്കൊണ്ട് ഹനുമാന് ഇവിടെ നിന്നും പിന്‍വാങ്ങി.
സീതാദേവിയോട് യാത്രയും പറഞ്ഞുപോയ വായുപുത്രന് അല്പം അകലെ ഒരു മരക്കൊമ്പിലിരുന്ന് ചിന്തിച്ചു. ഒരു രാജാവ് ശത്രുരാജ്യത്തേക്ക് ഒരു ദൂതനെ അയച്ചാല്‍ അവന് പോയകാര്യം സാധിച്ച് തന്റെ സ്വാമിയുടെ അന്തസ്സിന് കുറവ് വരുത്താത്ത രീതിയില്‍ സ്വന്തം ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് മേറ്റ്ന്തെങ്കിലുംകൂടി സാധിച്ചുവരണം. അങ്ങനെയുള്ളവരാണ് ഉത്തമദൂതന്‍. ഞാനിവിടെ ശത്രുനഗരത്തില് നിഷ്പ്രയാസം കടന്ന് ദൂതനായിവന്ന് യാതൊരു തടസ്സവും കൂടാതെ രാമകാര്യവും സാധിച്ചു. ദശമുഖനായ രാവണനെ ചെന്നുകണ്ട് രാമദൂത് പറഞ്ഞ് ദൂതന്റെ കര്‍ത്തവ്യം ഭംഗിയായി ചെയ്തുപോവുകയാണ് ഇനി വേണ്ടത്.
രാവണസന്നിധിയില്‍ എത്താന്‍ ഏറ്റവും യോജിച്ചവഴി ഉദ്യാനം നശിപ്പിക്കുക തന്നെ എന്നു നിശ്ചയിച്ചുകൊണ്ട് ഹനുമാന് എന്റെ ജോലി ആരംഭിച്ചു. സീതാദേവി ചാരിയിരിക്കുന്ന ശിംശപാവൃക്ഷമൊഴികെ ബാക്കിയെല്ലാം ഹനുമാന് തകര്‍ത്തുതരിപ്പണമാക്കി. പൂവ്, ഇല, കായ് തുടങ്ങിയവയോട് കൂടിയ വള്ളിക്കൂട്ടങ്ങള്‍, കുറ്റിക്കാടുകള്‍, വൃക്ഷങ്ങള്‍ എന്നിവ വലിയ ശബ്ദത്തോടെ ഭൂമിയില്‍ വീണുകൊണ്ടിരുന്നു. ലങ്കാനിവാസികള്‍ക്ക് ഭയമുളവാക്കുന്ന രീതിയില്‍ പലതരം ശബ്ദങ്ങള്‍ മാരുതി പുറപ്പെടുവിച്ചു. വായുപുത്രന്റെ അലര്‍ച്ച കേട്ട് പക്ഷികള്‍ പേടിച്ച് ഉച്ചത്തില്‍ ചിറകടിച്ച് പലദിക്കിലേക്കും പറഞ്ഞു. ഇങ്ങനെ വിവിധതരത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ട് ഹനുമാന് ലങ്കാനഗരം വിറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: