പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്.അച്യുതാനന്ദനെതിരായി നല്കിയ അപകീര്‍ത്തി കേസ് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ലതികാ സുഭാഷ് പിന്‍വലിച്ചു.
കേസ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കവെയാണ് ലതികാ സുഭാഷ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. വി.എസ്.അച്യുതാനന്ദന്റെ പ്രായം പരിഗണിച്ചും, വിവാദ പരാമര്‍ശത്തിന് വി.എസ് നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് മനസിലായതിനാലുമാണ് കേസില്‍ നിന്ന് പിന്മാറുന്നതായി ലതികാ സുഭാഷ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ അറിയിച്ചു.
പാലക്കാട് പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ വച്ചായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് ലതികാ സുഭാഷിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ലതികാ സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണെന്ന് കേട്ടിട്ടുണ്ട്. അത് ഏതു തരത്തിലാണെന്ന് നിങ്ങള്‍ (മാധ്യമ പ്രവര്‍ത്തകര്‍) അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു വി.എസിന്റെ മറുപടി.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ലതികാ സുഭാഷ് കേസ് നല്‍കിയത്. പിന്നീട് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ലതികാ സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ കഴിവ് തെളിയിച്ച വ്യക്തിയെന്നാണ് താന്‍ പറഞ്ഞതെന്ന് വി.എസ് വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: