തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ ഹൈക്കോടതി വിധി ഇന്ന് വരുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാരും മെഡിക്കല്‍കോളേജ് മാനേജ്മെന്റ് അസോസിയേഷനും നടത്തിയ ഒളിച്ചുകളി പാളി. വിധി വരാഞ്ഞതാണ് കാരണം. ഫീസ്, പ്രവേശനം എന്നിവ സംബന്ധിച്ച് വ്യാഴാഴ്ച രാത്രി തന്നെ സര്‍ക്കാരും അസോസിയേഷനും കരാറില്‍ ഒപ്പിട്ടിരുന്നു. നേരത്തെ ഉണ്ടാക്കിയ ധാരണ പൊളിച്ചുള്ള പുതിയ കരാര്‍ ഒപ്പിട്ട കാര്യം രഹസ്യമായി വയ്‌ക്കാനായിരുന്നു തീരുമാനം. ഹൈക്കോടതിയിലുള്ള കേസില്‍ വിധി വന്നശേഷം കരാര്‍ വെളിപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ധാരണ. സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇന്നലെ വിധി വരുമെന്നു പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ മാധ്യമങ്ങള്‍ രഹസ്യകരാറിന്റെ കാര്യം പരസ്യമാക്കി. മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികളും സര്‍ക്കാരിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇന്നലെ കരാര്‍ ഒപ്പിട്ട കാര്യം സമ്മതിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും തയാറായില്ല. ധാരണയൊന്നും ഉണ്ടായിട്ടില്ലെന്നും വൈകുന്നേരം അസോസിയേഷനുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നുമാണ് ആരോഗ്യമന്ത്രി രാവിലെ പറഞ്ഞത്.
ചര്‍ച്ചയുടെ സമയം എപ്പോഴെന്നു ചോദിച്ചപ്പോള്‍ അത് പറയാറായിട്ടില്ലെന്നുമായിരുന്നു മറുപടി. ഹൈക്കോടതി വിധി വന്നതിനു ശേഷം കരാറിന്റെ കാര്യം പരസ്യമാക്കാമെന്നായിരുന്നു ഉദ്ദേശ്യം. ഹൈക്കോടതി വിധി സര്‍ക്കാരിന് എതിരായേക്കുമെന്നു സര്‍ക്കാരിനു രഹസ്യമായി നിയമോപദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു മാനെജ്മെന്റുകളുമായി സര്‍ക്കാര്‍ അടിയന്തര ചര്‍ച്ച നടത്തിയത്. വിധി സര്‍ക്കാരിന് എതിരായാല്‍ മാനേജ്മെന്റുകള്‍ക്ക് എല്ലാ സീറ്റുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ കഴിയും. ഇത് ഒഴിവാക്കാനാണു മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന ഫീസ് അനുവദിച്ചു കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്നലെ അസോസിയേഷന്‍ പ്രതിനിധികള്‍ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും കോടതിവിധി വരാതിരുന്നതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ മടങ്ങി. പുതിയ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 20 ശതമാനം സീറ്റുകളില്‍ 25,000 രൂപയ്‌ക്കു കുട്ടികളെ പഠിപ്പിക്കും. പകരം എന്‍ആര്‍ഐ ക്വാട്ട ഒഴികെയുള്ള 65ശതമാനം സീറ്റില്‍ 4.5 ലക്ഷം ഫീസായി വാങ്ങും. 25,000 രൂപയ്‌ക്കു പഠിപ്പിക്കുന്ന കുട്ടികളെ എസ്സി, എസ്ടി, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നു സര്‍ക്കാര്‍ കണ്ടെത്തണം. 15ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ഒമ്പതുലക്ഷം ഫീസ് വാങ്ങും. ഇതോടെ 50ശതമാനം സീറ്റില്‍ കുറഞ്ഞ നിരക്കില്‍ ഫീസെന്ന ധാരണ ഇല്ലാതായി. 50ശതമാനം സീറ്റിലേക്കു പ്രവേശനപരീക്ഷാ കമ്മിഷണറായിരിക്കും പ്രവേശനം നടത്തുക. സര്‍ക്കാരിനു വേണ്ടി ആരോഗ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഷാജി മോഹനും മാനേജ്മെന്റ് അസോസിയേഷനു വേണ്ടി സെക്രട്ടറി അബ്ദുള്‍ ജബ്ബാറുമാണു കരാറില്‍ ഒപ്പിട്ടത്. പുതിയ കരാര്‍ നിലവില്‍ വന്നതോടെ മെരിറ്റ് സീറ്റില്‍ ഫീസ് കുത്തനെ ഉയരും. 50ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുകൊടുക്കാമെന്നും ഈ സീറ്റില്‍ കുറഞ്ഞ ഫീസില്‍ പഠിപ്പിക്കാമെന്നുമായിരുന്നു മാനെജ്മെന്റും സര്‍ക്കാരും ആദ്യം ധാരണയിലെത്തിയിരുന്നത്. എന്നാല്‍ ഈ ധാരണയില്‍നിന്നാണ് മാനെജ്മെന്റുകള്‍ പിന്‍മാറിയത്. കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന നഷ്ടം മറ്റു സീറ്റുകളില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നതായിരുന്നു അസോസിയേഷന്റെ ആവശ്യം. സര്‍ക്കാരിനു വിട്ടുനല്‍കുന്ന 50ശതമാനം സീറ്റിലെ 20ശതമാനത്തില്‍ 25,000 രൂപ ഫീസില്‍ കുട്ടികളെ പഠിപ്പിക്കാമെന്നായിരുന്നു ആദ്യമുണ്ടാക്കിയ ധാരണ. ബാക്കി 30ശതമാനം മെറിറ്റ് സീറ്റില്‍ 1.38 ലക്ഷം രൂപ ഫീസായി വാങ്ങാന്‍ അനുവദിക്കും. മാനേജ്മെന്റ് പ്രവേശനം നടത്തുന്ന സീറ്റുകളില്‍ 5.5 ലക്ഷം രൂപ ഫീസും അഞ്ചുലക്ഷം നിക്ഷേപവുമായി വാങ്ങും. ഈ ധാരണയില്‍ നിന്നാണു മാനേജ്മെന്റുകള്‍ പിന്‍മാറിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: