Categories: Ernakulam

കോഴിഫാമില്‍നിന്നും വിഷവാതകം ശ്വസിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം

Published by

പെരുമ്പാവൂര്‍: ഒക്കലില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന്‌ ഉയര്‍ന്ന വിഷവാതകം ശ്വസിച്ച്‌ തൊട്ടടുത്തുള്ള ശ്രീനാരായണ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. അമ്പതോളം വിദ്യാര്‍ത്ഥികളെ കാലടി, അങ്കമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.

കോഴിഫാമിലെ മാലിന്യക്കൂമ്പാരം മറ്റൊരു കുഴിയിലേക്ക്‌ മാറ്റുന്നതിനിടയില്‍ ഏതോ വിഷദ്രാവകം തളിച്ചതാണ്‌ അപകടകാരണമെന്ന്‌ പറയുന്നു. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ ഈ സമയം ദുര്‍ഗന്ധം ഉയര്‍ന്നുവെന്നും ഇത്‌ ശ്വസിച്ചതില്‍ തലചുറ്റല്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ഒക്കലില്‍ പ്രവര്‍ത്തിക്കുന്ന അരിവ്യവസായ ശാലയുടെ ഗ്യാരേജിന്‌ പിന്‍വശം പ്രവര്‍ത്തിക്കുന്ന ഈ കോഴിഫാം ഇതേ കമ്പനി മുതലാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇതിനെതിരെ പഞ്ചായത്തിലും മറ്റ്‌ അധികാര സ്ഥാപനങ്ങളിലും പലതവണ പരാതി നല്‍കിയിട്ടും യാതൊരു നിയമനടപടികളും എടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വിഷബാധയേറ്റ സ്കൂളിലെ ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയാണ്‌ ഫാം ഉടമയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ ഫാം ആരുടെ പേരിലാണെന്ന്‌ അറിവായിട്ടില്ലെന്നും നാട്ടില്‍ രോഗം പരത്തുന്ന രീതിയില്‍ ദുര്‍ഗന്ധം വമിപ്പിച്ചതിന്‌ ഉടമക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതിന്മേല്‍ അന്വേഷണം നടത്തുമെന്നും പെരുമ്പാവൂര്‍ പോലീസ്‌ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by