മരട്: റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച പോലീസ് വാഹനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട കൗണ്‍സിലര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. വൈറ്റില ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അനിഷ്ട സംഭവത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ എന്‍.ഡി.പ്രേമചന്ദ്രനെയാണ് എആര്‍ ക്യാമ്പിലെ വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മര്‍ദ്ദിച്ചത്.
സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കൗണ്‍സിലര്‍ മാര്‍ഗതടസം സൃഷ്ടിച്ച് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനം അരികിലേക്ക് നീക്കിയിടാന്‍ ആവശ്യപ്പെട്ടതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. കാറില്‍നിന്നും വലിച്ചിറക്കിയ പോലീസ് പ്രദേശത്തെ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായ പ്രേമചന്ദ്രനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പോലീസ് വാഹനം തടഞ്ഞിട്ടു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൗണ്‍സിലറുടെ വസ്ത്രങ്ങളും മറ്റും രക്തം പുരണ്ട നിലയിലായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബെന്നി ബെഹനാന് എംഎല്‍എയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വഴിമുടക്കിക്കിടന്ന പോലീസ് വാഹനം റോഡില്‍നിന്നും നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസി. കമ്മീഷണറുമായി സംസാരിച്ച എംഎല്‍എ, കൗണ്‍സിലറെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത എആര്‍ ക്യാമ്പിലെ സുനില്‍ എന്ന പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൗണ്‍സിലറെ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: