ന്യൂദല്‍ഹി : വോട്ടിനു കോഴക്കേസ് അന്വേഷിച്ച ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ ശാസന. കേസന്വേഷണത്തില്‍ മനപ്പൂര്‍വം കാലതാമസം വരുത്തുകയാണോ എന്ന് കോടതി ആരാഞ്ഞു. അന്വേഷണം മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഇടപെടലുകള്‍ തള്ളിക്കളഞ്ഞു നിയമത്തെ അനുസരിക്കാന്‍ കോടതി ദല്‍ഹി പോലീസിനോട് നിര്‍ദ്ദേശിച്ചു. കോടതിയാണ് കേസ് നിരീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടപെടലുകള്‍ എന്ന പ്രശ്നം ഉയരുന്നില്ല. കൈക്കൂലിയായി ലഭിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താനും കോടതി ഉത്തരവിട്ടു.
പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ ഇടപെടാന്‍ മധ്യസ്ഥര്‍ ശ്രമിക്കുന്നത് പരിതാപകരമാണ്. ചിലര്‍ ഇതില്‍ വിജയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ദല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണു കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
2008 ലെ വിശ്വാസ വോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാരിനു വേണ്ടി വോട്ട് ചെയ്യാന്‍ മൂന്നു ബി.ജെ.പി എം.എല്‍.എമാര്‍ക്കു കൈക്കൂലി നല്‍കിയെന്നാണു കേസ്. കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ അമര്‍സിങ്ങിനെ ദല്‍ഹിയില്‍ ക്രൈംബ്രാഞ്ച് ജൂലായ് 21-ന് ചോദ്യം ചെയ്തിരുന്നു.
കേസില്‍ അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ് സക്സേനയെ ദല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഇടപെടലുകള്‍ സംബന്ധിച്ചും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: