ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ ഭാഷ്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്പാല്‍ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ അപൂര്‍ണ്ണമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. സമഗ്രമായ ലോക്പാലിന് വേണ്ടി വാദിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെയുടെ അനുയായികള്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കത്തിച്ചു.
ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണ സ്വാമിയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. അഴിമതി നിരോധന നിയമം, ക്രിമിനല്‍ നിയമം തുടങ്ങിയവ പ്രകാരം പ്രോസിക്യൂഷന് നടപടികളില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ലോക്പാലിന്റെ പരിധിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ചോദിച്ചു.
ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണെന്നും ആര്‍ക്കും ഐപിസി, ക്രിമിനല്‍ നടപടിച്ചട്ടം, അഴിമതി നിരോധന നിയമം തുടങ്ങിയവയില്‍ നിന്ന് പ്രത്യേക പരിരക്ഷയില്ലെന്നും അവര്‍ പറഞ്ഞു. ചട്ടം 72 പ്രകാരം പ്രതിപക്ഷ നേതാവിന് ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ അനുമതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ ഒഴിവാക്കി എല്ലാ കേന്ദ്രമന്ത്രിമാരെയും ബില്ലിന് കീഴില്‍ കൊണ്ടുവന്നിരിക്കയാണ്. ഇതെന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. ഒരു സ്ഥാനവും വിശുദ്ധ പദവിയാകുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന ലോക്പാല്‍ ബില്ലിന്റെ കാര്യം പരാമര്‍ശിക്കവെ തന്നെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ അര്‍ത്ഥശൂന്യമാണെന്ന നിലപാടാണ് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി സ്വീകരിച്ചതെന്ന് സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി. ലോക്പാലിന് കീഴില്‍ പ്രധാനമന്ത്രി വരണമെന്ന നിലപാടാണ് അന്ന് ആഭ്യന്തരകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷനായിരുന്ന പ്രണാബ് മുഖര്‍ജി സ്വീകരിച്ചിരുന്നതത്രെ.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ഇതേ നിലപാടാണെന്ന് പറയുന്നുണ്ടെങ്കിലും മന്ത്രിസഭ അത് വകവെക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. പാര്‍ലമെന്റാണ് പരമോന്നതമെന്നും സുഷമാ സ്വരാജിന്റെ പ്രതിഷേധം നിലനില്‍ക്കില്ലെന്നും നാരായണസ്വാമി പറഞ്ഞത് വന്‍ ബഹളത്തിനിടയാക്കി. ബില്‍ ഇനി പാര്‍ലമെന്റിന്റെ സ്റ്റാന്റിങ്ങ് കമ്മറ്റി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ദരിദ്രര്‍ക്കും ദളിതര്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി ടീം അണ്ണാ ഹസാരെ അതിന്റെ പകര്‍പ്പുകള്‍ കത്തിച്ചു. ശക്തമായ ബില്‍ അവതരിപ്പിക്കുന്നതുവരെ ഈ മാസം 16ന്തുടങ്ങുന്ന നിരാഹാര സത്യഗ്രഹം തുടരുമെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലാണ് ഹസാരെയും സംഘവും ബില്ലിന്റെ പകര്‍പ്പുകള്‍ കത്തിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കൗശംബി മേഖലയില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് പൊതുസമൂഹ പ്രതിനിധികളായ അരവിന്ദ് കേജ്രിവാള്, പ്രശാന്ത് ഭൂഷണ്, കിരണ്‍ബേദി തുടങ്ങിയവര്‍ നേതൃത്വം നല്കി. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കാനുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ ശക്തമായ ലോക്പാല്‍ ബില്ലിന് വേണ്ടി എല്ലായിടത്തും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് ആഹ്വാനം ചെയ്തു.
‘പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത് ദുര്‍ബലവും മോശപ്പെട്ടതുമായ ബില്ലാണ്. ശക്തമായ പുതിയ ബില്ലാണ് വേണ്ടത്. ശക്തമായ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ താന്‍ സത്യഗ്രഹം അവസാനിപ്പിച്ചത്. മൂന്നുദിവസം കൂടി അത് തുടര്‍ന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. അവര്‍ എന്നെ വഞ്ചിക്കുകയാണ് ചെയ്തത്,’ ഹസാരെ കുറ്റപ്പെടുത്തി. 16ന് തുടങ്ങുന്ന സത്യഗ്രഹം എന്തെങ്കിലും ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കില്ല. സത്യഗ്രഹങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കാത്ത സര്‍ക്കാരിന് ജനങ്ങളുടെ ശബ്ദത്തെ ഭയമാണ്. ഈ അധികാരം ഉപയോഗിച്ച് സര്‍ക്കാരുകളെ താഴെയിറക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം. സര്‍ക്കാരിനെയല്ല സംവിധാനത്തെ മാറ്റാനാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.
ദുര്‍ബലമായ ലോക്പാല്‍ ബില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് കേജ്രിവാള് ആരോപിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റിയില്‍ ബില്‍ ചര്‍ച്ച ചെയ്യാവുന്നതാണെന്ന വാദത്തെ അദ്ദേഹം എതിര്‍ത്തു. ബില്ലിലെ വ്യവസ്ഥകള്‍ തിരുത്താനോ മാറ്റാനോ കമ്മറ്റിക്ക് കഴിയില്ല. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മാത്രമേ കഴിയൂവെന്നും കേജ്രിവാള് ചൂണ്ടിക്കാട്ടി. അഴിമതി അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സി വേണമെന്ന് ഭൂഷണും ബേദിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: