ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.വി. സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ് സത്യപ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.
ഉഡുപ്പി ചിക്മാംഗ്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ സദാനന്ദ ഗൗഡ (58)യെ കഴിഞ്ഞ ദിവസം ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. കര്‍ണാടകയുടെ ഇരുപതാമത് മുഖ്യമന്ത്രിയാണ് സദാനന്ദ ഗൗഡ.
ഖനന പ്രശ്നത്തില്‍ കര്‍ണാടക ലോകായുക്തയുടെ പ്രതികൂല പരാമര്‍ശങ്ങളെത്തുടര്‍ന്ന് ബി.എസ്.യെദ്യൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി അറിയപ്പെടുന്ന സദാനന്ദ ഗൗഡയെ തേടി പുതിയ നിയോഗമെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജഗദീഷ് ഷെട്ടറിനെയും പരിഗണിച്ചിരുന്നു.
നേരത്തെ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു ഗൗഡ. രണ്ടുതവണ നിയമസഭാംഗവും രണ്ടാംതവണ ലോക്സഭാംഗവുമായ സദാനന്ദ ഗൗഡ രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള വൊക്കലിംഗ സമുദായാംഗമാണ്.
1994, 2004 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്ന അദ്ദേഹം 2008 ല്‍ പാര്‍ട്ടി കര്‍ണാടകയില്‍ ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: