ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സീതാറാം യെച്ചൂരി, ബസുദേവ ആചാര്യ, ഡി.രാജ, പി.കരുണാകരന് തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര കൃഷിമന്ത്രാലയം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇടത് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയത്.
എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. സ്റ്റോഖ്ഹോം കണ്‍വെന്‍ഷണില്‍ 84 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ എതിര് നിന്നപ്പോള്‍ അവര്‍ക്കൊപ്പം നിന്ന ഇന്ത്യ ഇപ്പോള്‍ നിലപാട് മാറ്റുന്നത് ശരിയല്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലും കര്‍ണാടകത്തിലും മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ മതിയെന്ന ഐ.സി.എം.ആര് റിപ്പോര്‍ട്ട് ശരിയല്ലെന്നും ഇടത് എം.പിമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: