ന്യൂദല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ്ഗാന്ധി ട്രസ്റ്റ് ഭൂമി കയ്യേറിയ സംഭവം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് വഴിതെളിച്ചു. ഭൂമി കയ്യേറ്റ പ്രശ്നത്തില്‍ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് സമീപനം കൈക്കൊള്ളുന്നതിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു.
ഇന്നലെ രാജ്യസഭയിലെ ശൂന്യവേള ആരംഭിക്കുന്നതായി ഡെപ്യൂട്ടി ചെയര്മാന് കെ.റഹ്മാന് ഖാന് അറിയിച്ചയുടന്‍ ബിജെപി അംഗം മായാ സിംഗാണ് വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് മറ്റ് അംഗങ്ങളും കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. ഇത് സംസ്ഥാന വിഷയമായതിനാല്‍ സഭയില്‍ ഉന്നയിക്കാന്‍ പറ്റില്ലെന്ന ഖാന്റെ നിലപാട് അംഗങ്ങള്‍ തള്ളി. ബഹളം തുടര്‍ന്നതോടെ സഭ പത്ത് മിനിറ്റ് നിര്‍ത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളത്തിന് ശമനമുണ്ടായില്ല. തുടര്‍ന്ന് രണ്ട് മണിവരെ സഭ നിര്‍ത്തിവെച്ചു.
സോണിയാഗാന്ധി, മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ ട്രസ്റ്റിമാരായ രാജീവ്ഗാന്ധി ട്രസ്റ്റ് ഗുര്‍ഗാവില്‍ ഭൂമി കയ്യേറിയ സംഭവമാണ് വന്‍ വിവാദമായത്. ഇതിനെതിരെ അഞ്ജലി ഇളമേനോന് ഉള്‍പ്പെടെയുള്ള ഭൂവുടമകള്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ട്രസ്റ്റിനുവേണ്ടി ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങളും ട്രസ്റ്റിമാരുടെ പേരുകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമി കയ്യേറിയതിനെതിരെ ഹര്‍ജിക്കാരുടെ പരാതി പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ബിഎസ്പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഹരിയാനയില്‍ സോണിയ ഭൂമി കയ്യേറിയ സംഭവം പുറത്തുവന്നത്.
ഇതിനിടെ, രാജീവ്ഗാന്ധി ട്രസ്റ്റിന് ഭൂമി കയ്യേറാന്‍ അവസരമൊരുക്കിയ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഹരിയാനയിലെ ഉല്ലാഹവാസ് ഗ്രാമത്തില്‍ അഞ്ചേക്കറോളം പഞ്ചായത്ത് ഭൂമി സോണിയയും മകളും ചേര്‍ന്ന് തട്ടിയെടുത്തതായി ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തി. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് 50 കോടി രൂപയുടെ ഭൂമി ഹൂഡ സര്‍ക്കാര്‍ ഗാന്ധി കുടുംബത്തിന് കൈമാറിയിരിക്കുന്നത്.
ഭൂമി പ്രശ്നത്തില്‍ യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ടവര്‍ ഹൂഡയുടെ നടപടിയില്‍ മൗനം പാലിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ഭൂമി ഇടപാടിന്റെ എല്ലാ വശങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബിജെപി ഹരിയാന ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കും. ഉത്തര്‍പ്രദേശിലെ ഭൂമിയിടപാടുകളും അന്വേഷിക്കാന്‍ ആവശ്യപ്പെടും. രാജീവ്ഗാന്ധി ട്രസ്റ്റിലെ ട്രസ്റ്റിമാരായ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരുകള്‍ കോടതിയില്‍ വെളിപ്പെടുത്താന്‍ അഭിഭാഷകര്‍ വിമുഖത പ്രകടിപ്പിച്ച കാര്യവും ഗഡ്കരി ചൂണ്ടിക്കാട്ടി.
രാജീവ്ഗാന്ധി ട്രസ്റ്റിന് സ്ഥലം ഏറ്റെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാമെന്ന് ഹരിയാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം സുതാര്യമായിരുന്നെങ്കില്‍ ഇത്തരമൊരു സത്യവാങ്മൂലത്തിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് ബിജെപി നേതാവ് ചോദിച്ചു. ഗ്രാമസഭയുടെ വകയായിരുന്ന സ്ഥലം ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിര്‍ബന്ധമായി ഏറ്റെടുത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഭൂമി ലഭിക്കാനായി നിയമങ്ങള്‍ വളച്ചൊടിച്ചതായി കുറ്റപ്പെടുത്തിയ പ്രസാദ് കൃഷിസ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതില്‍ എല്ലായിടത്തും ഇൗ നിലപാടുതന്നെയാണോ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, ട്രസ്റ്റിന് ഭൂമി ഏറ്റെടുത്തത് ഗ്രാമപഞ്ചായത്തിന്റെ പൂര്ണസമ്മതത്തോടെയായിരുന്നുവെന്നും 33 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതായി അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പുമന്ത്രി അംബികാസോണി പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താലേഖകരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: