തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് കൂട്ടി. മിനിമം ചാര്‍ജ് അഞ്ച് രൂപയായി ഉയര്‍ത്തുന്നതിനുള്ള വിദഗ്ധ സമിതി ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നുമായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് ബസുടകള്‍ പ്രതികരിച്ചു.ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം.ബസ് ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇപ്പോഴുള്ള നിരക്കുവര്‍ധന കെഎസ്ആര്‍ടിസിയെ സഹായിക്കാനാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലെ മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് രണ്ടര കിലോമീറ്ററിന് 4 രൂപയായിരുന്നത് അഞ്ചു കിലോമീറ്ററിന് 5 രൂപയാക്കി വര്‍ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം ചാര്‍ജ് 5 രൂപയായിരുന്നത് 7 രൂപയാക്കി. ഇതിലും മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന കിലോമീറ്റര്‍ 5 ആക്കിയിട്ടുണ്ട്. എന്നാല്‍ കിലോമീറ്റര്‍ നിരക്കുകളില്‍ വര്‍ധന ഉണ്ടായിട്ടില്ല. സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മറ്റു ബസ് സര്‍വീസുകളുടെ യാത്രാ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. സൂപ്പര്‍ഫാസ്റ്റ് സര്‍വീസില്‍ ആദ്യ 10 കിലോമീറ്ററിന് ഒരു പുതിയ ഫെയര്‍ സ്റ്റേജ് കൂടി നിര്‍ണയിച്ചു. ഇത് 10 രൂപയാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്. ചാര്‍ജ് വര്‍ധന ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 2.5 കിലോമീറ്ററിന് 50 പൈസ ആയിരുന്നത് വര്‍ധിപ്പിച്ചില്ല. കൂടാതെ കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളിലും കണ്സെഷന് ലഭ്യമാകും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ 2.5 കിലോമീറ്ററിനു ശേഷം വരുന്ന രണ്ടു ഫെയര്‍ സ്റ്റേജുകള്‍ ഒരുമിപ്പിച്ച് 50 പൈസ ഏര്‍പ്പെടുത്തി. ആദ്യ 2.5 കിലോമീറ്ററിന് 50 പൈസയും തുടര്‍ന്ന് 7.5 കിലോമീറ്റര്‍ വരെ ഒരു രൂപയും 12.5 കിലോമീറ്റര്‍ വരെ 1 രൂപ 50 പൈസയും ചാര്‍ജ് നല്‍കേണ്ടി വരും. വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്താണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.
പുതിയ ചാര്‍ജ് നിലവില്‍ വരുമ്പോള്‍ മിനിമം ചാര്‍ജ് നിലനിര്‍ത്തി അഞ്ചു കിലോമീറ്ററിനു ശേഷമുള്ള ഓരോ ഫെയര്‍ സ്റ്റേജിനും നിലവിലുള്ള നിരക്കനുസരിച്ച് വര്‍ധിക്കും. കിലോമീറ്ററിന് 55 പൈസ നിരക്കിലാണ് വര്‍ധന. ആദ്യ പത്തു കിലോമീറ്ററിന് മിനിമം ചാര്‍ജായ അഞ്ചുരൂപയും തുടര്‍ന്നുള്ള അഞ്ചു കിലോമീറ്ററിന് (കിലോമീറ്റര്‍ 55 പൈസ നിരക്കില്‍) 2.75 രൂപയും ചേര്‍ത്ത് ആകെ 7.75 രൂപയാകും. നിലവില്‍ 25 പൈസ നാണയം ഇല്ലാത്തതിനാല്‍ ഇത് എട്ടു രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ആകെ നൂറു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ഓര്‍ഡിനറി ബസിന് 57 രൂപയായിരിക്കും നല്‍കേണ്ടത്. നിലവില്‍ ഇത് 55 രൂപയാണ്.
ഡീസല്‍ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ധനവില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. നിരക്കു വര്‍ധന സംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്വകാര്യ ബസുടമകള്‍ക്ക് ഇതിനോട് യോജിപ്പില്ലെന്നും അവര്‍ സമരത്തിന് തയ്യാറെടുക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന് ഇതില്‍ കൂടുതലായി ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: