സൗമ്യനും സാധാരണക്കാരനുമായ മുഖ്യമന്ത്രിയാകും ഇനി കര്‍ണാടകത്തിന്. എല്ലാവരോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന സദാനന്ദഗൗഡ കര്‍ണാടകത്തിന്റെ 26-ാമത്തെ മുഖ്യമന്ത്രിയായാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചൊല്ലുന്നത്. തുളുവാണ് മാതൃഭാഷയെങ്കിലും മലയാളത്തിന്റെ ചേലും ശീലവും ഉള്ളയാളാണ് സദാനന്ദഗൗഡ. ഇന്നലെ ഉച്ച തിരിഞ്ഞ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഈ 58കാരനെ ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ് മുഖ്യമന്ത്രിയായി നിയമിക്കുകയും മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു.
ഇപ്പോള്‍ ചിക്കമംഗലൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ സദാനന്ദ ഗൗഡ 1953 മാര്‍ച്ച് പതിനെട്ടിനാണു ജനിച്ചത്. 2008ല്‍ ബിജെപിയെ കര്‍ണാടകയില്‍ അധികാരത്തിലെത്തിച്ചത് ഗൗഡ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ്. കേരള അതിര്‍ത്തിയില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ സുള്ളിയാ താലൂക്കിലെ മണ്ടേക്കോട് ഗ്രാമത്തില്‍ ‘ദേവനഗുഡെയില്’ വെങ്കപ്പ ഗൗഡ-കമല ദമ്പതികളുടെ മകനായാണ് ജനിച്ചത്.
പ്രാദേശിക തലം മുതല്‍ പാര്‍ട്ടി പദവികള്‍ ഓരോന്നും വഹിച്ച വ്യക്തിയാണ് ഗൗഡ. സംസ്ഥാന പ്രസിഡന്റ് സ്ഥാനം
ഈശ്വരപ്പയ്ക്ക് കൈമാറിയ സദാനന്ദ ഗൗഡ ഇപ്പോള്‍ അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളാണ്. നിയമസഭാംഗമെന്ന നിലയില്‍ നിയമനിര്‍മാണത്തില്‍ മികച്ച സംഭാവന തന്നെ നല്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ണാടക നിയമസഭ പാസാക്കിയ കരടു ബില്‍ തയ്യാറാക്കിയത് ഗൗഡയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. വിവിധ നിയമസഭാ കമ്മറ്റികളിലും ലോകസഭാ കമ്മിറ്റികളിലും പ്രശംസനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നന്നായി മലയാളം അറിയുന്ന കര്‍ണാടക മുഖ്യമന്ത്രി കേരളത്തിനുകൂടി പ്രയോജനം ലഭിക്കുന്ന രീതിയിലുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്ന് ആശിക്കാം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: