ബംഗളുരു: കര്‍ണാടകയില്‍ ഡി.വി സദാനന്ദ ഗൗഡ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷിയോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. നിലവില്‍ ഉഡുപ്പി ചിക്മഗളൂരില് നിന്നുള്ള എം.പിയാണ് സദാനന്ദ ഗൗഡ.
സംസ്ഥാന ബി.ജെ.പി അധ്യക്ഷനെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കാത്തുസൂക്ഷിച്ച കറപുരളാത്ത വ്യക്തിത്വമാണ് സദാനന്ദ ഗൗഡയ്ക്ക് കര്‍ണാടകത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയാകാന്‍ സാധിച്ചത്. 2008ല്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സദാനന്ദ ഗൗഡ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു.
പാര്‍ട്ടിയിലെ എല്ലാ നേതാക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ സദാനന്ദ ഗൗഡയ്ക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനത്തെ പ്രബലരായ വൊക്കലിംഗ സമുദായത്തിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദക്ഷിണ കര്‍ണാടകത്തില്‍ കേരളത്തോട് തൊട്ടുകിടക്കുന്ന പഞ്ചിക്കലിലെ ദേവരാഗുണ്ടയില് 1953ലാണ് സദാനന്ദ ഗൗഡ ജനിച്ചത്. കമല-വെങ്കപ്പ ഗൗഡ ദമ്പതികളുടെ ആറ് മക്കളില്‍ മൂന്നാമന്.
നിയമ ബിരുദം നേടിയ ഗൗഡ എ.ബി.വി.പിയിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1983ല്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി. 1994ലും 99ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 99 മുതല്‍ 2004 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2004ല്‍ പതിനാലാം ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം തന്നെ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയുമായി. 2009ല്‍ ചിക്മഗളൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് എം.പിയായി.
രാഷ്ട്രീയക്കാര്‍ക്കിടയിലെ കലാകാരന് കൂടിയാണ് സദാനന്ദ ഗൗഡ. കര്‍ണാടകയുടെ സ്വന്തം കലാരൂപമായ യക്ഷഗാനത്തില്‍ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍, ടെന്നിസ് കളിക്കാരന് കൂടിയായ സദാനന്ദ ഗൗഡ മൈസൂര്‍ സര്‍വ്വകലാശാലയുടെ ഖോ ഖോ ടീം അംഗം കൂടിയായിരുന്നു. നന്നായി മലയാളം സംസാരിക്കുന്ന ഗൗഡ കേരളത്തില്‍ ബി.ജെ.പിയുടെ ചുമതലക്കാരന് കൂടിയാണ്.
കാസര്‍കോട്ട് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സദാനന്ദ ഗൗഡയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: