കഴിഞ്ഞ ഒരു ദശാബ്ദമായി ലോകരാഷ്ട്രങ്ങള്‍ കടന്നുപോകുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം പല രാജ്യങ്ങളും ലോകബാങ്കിന്റെ സഹായം അഭ്യര്ത്ഥിച്ചുകൊണ്ടിരിക്കുമ്പോള് ഈ സാമ്പത്തിക പ്രതിസന്ധി ലേശംപോലും അനുഭവപ്പെടാത്ത ചുരുക്കം രാജ്യങ്ങള്‍ ആണ് ഇന്ത്യയും ചൈനയും. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത വളരെ ശക്തമായിരിക്കുന്നതിനെപ്പറ്റി അമേരിക്കയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് അടുത്ത ഒരു ദശാബ്ദം പിന്നിടുമ്പോള്‍ ഇന്ത്യ ചൈനയെ സാമ്പത്തികമായി പിന്നിലാക്കുമെന്നാണ്. ഇന്ത്യന്‍ സാമ്പത്തികരംഗം ഇത്രമാത്രം ശക്തമായിരുന്നിട്ടും അതിന്റെ അലയടി സാധാരണക്കാരനിലെത്തിച്ചേര്ന്നിട്ടില്ല. ഒരു ദിവസം 20 രൂപാപോലും വരുമാനം ഇല്ലാത്ത ഒരു നല്ല വിഭാഗം ജനങ്ങള്‍ ഇപ്പോഴും അധിവസിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇതിന് കാരണം ഇന്ത്യയില്‍ അനധികൃതമായി ചില ആളുകള്‍ക്ക് ലഭിക്കുന്ന പണം ആദായനികുതിപോലും നല്‍കാതെ വിദേശ ബാങ്കുകളിലെ അവരുടെ ബിനാമി അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. അതു മുഴുവനും കള്ളപ്പണമായി വിദേശബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശത്തേക്ക് ഒഴുകിയ കള്ളപ്പണത്തെപ്പറ്റി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയിലെ പല ഘടക കക്ഷികളും പ്രചരണം നടത്തുന്നുണ്ടായിരുന്നു. പക്ഷേ ജനവിധി എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നില്ല.
സുപ്രീംകോടതിയില്‍ മറ്റൊരു കേസ്സിന്റെ വിചാരണക്കിടെ സര്‍ക്കാര്‍ അഭിഭാഷകന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഭാരതത്തില്‍നിന്നും വിദേശബാങ്കുകളിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുള്ള കള്ളപ്പണം ഏതാണ്ട് 700 ലക്ഷം കോടി രൂപയുണ്ടെന്നായിരുന്നു. ആ തുക സുപ്രീംകോടതി ജഡ്ജിമാര്‍പോലും അതിശയിക്കുന്ന തരത്തിലുള്ള വന്‍തുകയായിരുന്നു. ഈ തുകയിലെത്ര പൂജ്യമുണ്ട് എന്ന് സുപ്രീംകോടതി ജഡ്ജിപോലും ചോദിച്ചിരുന്നു. ഈ തുകയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ അതിലെത്ര പൂജ്യമുണ്ടെന്ന് അറിയണം. 7 കഴിഞ്ഞ് 14 പൂജ്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഏഴ് നൂറ് ലക്ഷം കോടിയായി. ആ തുക ആരുടെയൊക്കെ പേരിലാണെന്നും ഭീമമായ ഈ തുക രാജ്യത്തുനിന്നും വിദേശത്തേക്ക് കടത്തിയ രാജ്യദ്രോഹികള്‍ ആരാണെന്നും കണ്ടുപിടിച്ചാല്‍ ഇന്നത്തെ കേന്ദ്രസര്‍ക്കാരിന് ക്ഷീണം സംഭവിച്ചേക്കാം. അങ്ങനെ വന്നാല്‍ അതിനെ വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയെന്ന് വിശേഷിപ്പിക്കാം. വിദേശബാങ്കുകളില്നിന്നും ഈ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അതേ ആവശ്യവുമായി സത്യഗ്രഹ സമരത്തിന് ഇറങ്ങുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ അന്നാഹസാരെയും ആത്മീയഗുരു ബാബാ രാംദേവും ആവശ്യപ്പെട്ടതുപോലെ വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെ നാട്ടില്‍ എത്തിച്ചാല്‍ എന്തു സംഭവിക്കാം.
1. ഇന്ത്യ സാമ്പത്തികമായി ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചുകയറും; അമേരിക്കയേയും ചൈനയേയും പിന്നിലാക്കും.
2. ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്ന പിഞ്ചുകുട്ടികള്‍ അടക്കമുള്ള 120 കോടി ഇന്ത്യക്കാര്‍ക്കായി ഈ തുക തുല്യമായി വിഭജിച്ചാല്‍ ഓരോരുത്തര്‍ക്കും ആറുലക്ഷംരൂപാ വീതം ലഭിക്കും.
3. ഇന്ത്യയിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 60 കോടി രൂപാ വീതം ലഭിക്കുന്നു.
4. ഇന്ത്യയിലെ ഓരോ ജില്ലയ്ക്കും 30,000 കോടി രൂപാ വീതം ലഭിക്കുന്നു.
5. ഇന്ത്യയില്‍ 15000 കിലോമീറ്റര്‍ ദൂരത്തില്‍ ലോകനിലവാരത്തിലുള്ള ഒന്നാന്തരം റോഡുകള്‍ പണിയുന്നതിന് കഴിയും.
ഇതെല്ലാം നമുക്ക് നഷ്ടപ്പെടുത്തിക്കൊണ്ട് ഈ നാട് ഭരിക്കുന്ന ഒരു സര്‍ക്കാരിനെ നമുക്ക് ആവശ്യമുണ്ടോ? സര്‍ക്കാരിന്റെ അറിവ് കൂടാതെ ഇത്ര ഭീമമായ തുക വിദേശത്തോട് ഒഴുകുക സാധ്യമല്ല.
പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അടിയ്ക്കടി വര്‍ദ്ധിപ്പിക്കുന്നതിന് പെട്രോള്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്കിയതുകൊണ്ട് കമ്പനികള്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം വില കണക്കുകള്‍ ഇല്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്നു. ഈ പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലായിരുന്നു എന്നാണ് അവരുടെ പരാതി. പക്ഷെ പെട്രോളിന് അഞ്ചുവര്‍ഷംമുമ്പ് ലിറ്ററിന് 35 രൂപാ മാത്രം വിലയുണ്ടായിരുന്നപ്പോഴും കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. അന്ന് രാജ്യാന്തരവില ബാരലിന് 140 ഡോളറായിരുന്നു. ഇന്ന് ക്രൂഡ് ഓയിലിന് ഒരു ബാരലിന് 90 ഡോളര്‍ ആയി കുറഞ്ഞപ്പോള്‍ ഇവിടെ പെട്രോള്‍ വില 68 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. ഇവിടെ ഇന്ത്യയിലെ പൊതുമേഖല ഓയില്‍ കമ്പനികള്‍ അവര്‍ക്ക് ആവശ്യമുള്ള മുഴുവന്‍ ക്രൂഡ് ഓയിലും വിദേശത്തുനിന്നും വാങ്ങേണ്ടതില്ല. ഒരു നല്ല ഭാഗം പെട്രോളിയം ഇന്ത്യയില്‍ത്തന്നെ ലഭിക്കുന്നതാണ്. ആസ്സാമിലും ബോംബെയ്ക്കടുത്ത് കടലില്‍നിന്നും ധാരാളം ക്രൂഡ് ഓയില്‍ നാം ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന് വിദേശത്തുനിന്നും വരുന്ന ക്രൂഡ് ഓയിലിന്റെയത്ര വില കൊടുക്കേണ്ടി വരുന്നില്ല. ഇതെല്ലാമായിട്ടും പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാണെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം ആണ്. നമ്മുടെ അയല്‍ രാജ്യങ്ങളിലെ പെട്രോള്‍ വില താഴെ കൊടുത്തിരിക്കുന്നു. പാക്കിസ്ഥാന് 26 രൂപ, ബംഗ്ലാദേശ് 22 രൂപ, മ്യാന്മര് 30 രൂപ, അഫ്ഗാനിസ്ഥാന് 36 രൂപ, ഇന്ത്യ 68 രൂപ.
ഇതില്‍നിന്നും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഒരിടത്തും ഇത്രയധികം വില പെട്രോളിന് ഈടാക്കുന്നില്ല; സാമ്പത്തികമായി ഈ രാജ്യങ്ങള്‍ നമ്മെക്കാള്‍ വളരെ പിന്നാലായിട്ടും.
നമ്മള് പമ്പില്‍നിന്നും 68 രൂപയ്ക്ക് വാങ്ങിക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് ഉല്‍പ്പാദനച്ചെലവ് ആകെ 16രൂപാ 50 പൈസ മാത്രമാണ്. ബാക്കിയൊക്കെ കേന്ദ്രസര്‍ക്കാരുകളുടെ നികുതി മാത്രമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ കൂട്ടിച്ചേര്‍ക്കുന്ന വിവിധ നികുതികള്‍ വേണ്ട എന്ന് തീരുമാനിച്ചാല്‍ പെട്രോള്‍ വില ഏറ്റവും കൂടിയാല്‍ 25 രൂപയിലെത്തും.
പെട്രോളിന്റെ ഉല്‍പ്പാദനച്ചെലവ് ഞെ. 16.50, കേന്ദ്രസര്‍ക്കാരിന്റെ നികുതി 11.80, എക്സൈസ് നികുതി 9.70, സംസ്ഥാന സര്‍ക്കാരിന്റെ നികുതി 8.00, സംസ്ഥാന സര്‍ക്കാരിന്റെ സെസ്സ് 4.00, അടുത്തയിടെ വില കൂട്ടിയത് 18.00, ആകെ 68.00.
ഇപ്രകാരം നികുതികളും എണ്ണ കമ്പനികളുടെ കമ്മി നികത്തലും എല്ലാം കൂട്ടിച്ചേര്‍ത്ത് പെട്രോള്‍ വില 68 രൂപായിലെത്തിച്ചിരിക്കുന്നു. സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റമാണ് പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഈ അധിക വരുമാനം മുഴുവനും പെട്രോള്‍ കമ്പനികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് വീതിച്ചെടുക്കുന്നു. അധിക വരുമാനത്തില്‍ ഒരു നല്ല ഭാഗം വിദേശ ബാങ്കുകളിലെ ചില ബിനാമി അക്കൗണ്ടുകളില്‍ എത്തിച്ചേരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും പല രാജ്യങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളായി തകര്‍ന്നടിയുമ്പോള്‍ ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം അവരുടെ ബാങ്കുകളില്‍ എത്തുന്നത് അവര്‍ക്ക് ആശ്വാസകരമായിരിക്കും. യൂറോപ്യന്‍ യൂണിയനിലെ പോര്‍ച്ചുഗല്‍, സ്വീഡന്, ഗ്രീസ് തുടങ്ങി അഞ്ചുരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍നിന്നും രക്ഷനേടാന്‍, ലോകബാങ്കിന്റെ സഹായം തേടിയപ്പോള്‍, അടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത് ഇറ്റലിയിലൊ ഇംഗ്ലണ്ടിലോ ആയിരിക്കാം. ഈ രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിനായിരിക്കുമോ ഇന്ത്യന്‍ പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതെന്ന് സംശയിക്കുന്നവരും ഉണ്ട്. ഏതായാലും നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് നമുക്ക് ഉപകാരപ്പെടുന്നില്ലെങ്കിലും ആര്‍ക്കെങ്കിലും ഉപകാരപ്പെടുമല്ലോ എന്ന് ആശ്വസിക്കാം.
അഴിമതിയുടെ കറപുരളാത്തതെന്ന് കരുതപ്പെടുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ഇക്കാര്യങ്ങളില്‍ മൗനം ഭജിക്കുന്നുവെങ്കില്‍ അവരും അഴിമതിയില്‍ ഭാഗഭാക്കുകളാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ ഭീമമായ രാജ്യദ്രോഹം നടത്തുന്നത് എത്ര ഉന്നതര്‍ ആയാലും അവര്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഉള്ള ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും കാണിക്കുവാന്‍ ഭാരതജനത തയ്യാറാകേണ്ടിയിരിക്കുന്നു. അതിനായി രാഷ്ട്രീയ-മത-സാമുദായിക ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി പോരാടുവാന്‍ നമുക്ക് അണിചേരാം.
കെ.സി. ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: