ന്യൂദല്‍ഹി: അതിര്‍ത്തിക്കടുത്ത് 12000 ഏക്കറിലേറെ പ്രതിരോധ സേനയുടെ സ്ഥലം അനധികൃതമായി കയ്യേറ്റം ചെയ്യപ്പെട്ടതായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ആകെ 12,326 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി കയ്യേറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ കോടതികളിലായി 862 കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നും എ.കെ. ആന്റണി ലോക്സഭയെ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് പ്രതിരോധസേനക്കാണ്. ഏകദേശം 17 ലക്ഷം ഏക്കറിലധികം. മധ്യപ്രദേശില്‍ 1,491 ഏക്കറോളം ഭൂമിയും ഉത്തര്‍പ്രദേശില്‍ 3,080 ഏക്കറോളം ഭൂമിയും അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതിരോധ വകുപ്പിന്റെ സ്ഥലങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഡിഫന്‍സ് എസ്റ്റേറ്റ് ഡിജി ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. സേനയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന് ഉദ്യോഗസ്ഥരെ സര്‍വ്വീസിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ള ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും എ.കെ. ആന്റണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: