ചെന്നൈ: സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നയിച്ച ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിനെയും നടി ഖുശ്ബുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇരുവരെയും പിന്നീട് വിട്ടയച്ചു.
ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെ ഭൂമി കൈയ്യേറ്റത്തിന് വ്യാപകമായി കേസെടുക്കുന്നുവെന്ന് ആരോപിച്ചാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനം നടത്തിയ 40,000 ത്തോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് അറസ്റ്റു ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആവശ്യം വന്നാല്‍ സര്‍ക്കാര്‍ നിരോധനം വകവയ്‌ക്കാതെ വീണ്ടും പ്രകടനം നടത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയും സ്റ്റാലിനെ അറസ്റ്റു ചെയ്തശേഷം വിട്ടയച്ചിരുന്നു. ജയലളിത സര്‍ക്കാര്‍ പ്രതികാര രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു ഡി.എം.കെ സംസ്ഥാനത്തെ ജില്ലാ പോലീസ് ആസ്ഥാനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധ ദിനം ആചരിക്കുകയാണ്.
സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുമെന്നു സ്റ്റാലിന്‍ പറഞ്ഞു. കേസുകളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി തട്ടിപ്പു കേസില്‍ രണ്ടു ഡി.എം.കെ എം.എല്‍.എമാരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കരുണാനിധിയുടെ മൂത്തമകന്‍ എം.കെ.അഴഗിരി സമരത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: