Categories: Kasargod

ചീമേനിയിലെ അപൂര്‍വ്വ ചിത്രശലഭങ്ങളെ കടത്തി; സ്വകാര്യ കമ്പനിക്കെതിരെ ഷോക്കോസ്‌ നോട്ടീസ്‌

Published by

കാഞ്ഞങ്ങാട്‌: പഠനത്തിനെന്ന പേരില്‍ ചീമേനിയില്‍ നിന്ന്‌ അപൂര്‍വ ഇനം ചിത്രശലഭങ്ങളെ കടത്തിക്കൊണ്ടുപോയതായി പരാതി. 68 ഓളം അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളെയാണ്‌ അധികൃതരുടെ അനുമതി ഇല്ലാതെ കടത്തിക്കൊണ്ടുപോയതെന്നാണ്‌ പരാതി. ഇതു സംബന്ധിച്ച്‌ ഹൈദരാബാദിലെ റാംകി എന്‍ബയോ എഞ്ചിനീയറിംങ്ങ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിക്ക്‌ സംസ്ഥാന ചീഫ്‌ ലെന്‍സ്‌ ലൈഫ്‌ വാര്‍ഡന്‍ ഷോക്കോസ്‌ നോട്ടീസ്‌ അയച്ചു. വണ്‍ എര്‍ത്തവണ്‍ ലൈഫ്‌ എന്ന സംഘടനയുടെ ലീഗല്‍ സെല്‍ അംഗം നീലേശ്വരത്തെ വി.ഹരിയുടെ പരാതിയിലാണ്‌ നടപടി. ചീമേനി താപനിലയ പദ്ധതി പ്രദേശത്തുനിന്നാണ്‌ ചിത്രശലഭങ്ങളെ കടത്തിക്കൊണ്ടുപോയതെന്നാണ്‌ പരാതി. കഴിഞ്ഞ ഉടതുമുന്നണി സര്‍ക്കാറാണ്‌ ചീമേനി താപനിലയ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനായി പ്രസ്തുത സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയത്‌. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ എ പട്ടികയുടെ പരിധിയില്‍പ്പെടുന്നതാണ്‌ വംശനാശ ഭീഷണി നേരിടുന്ന അത്യപൂര്‍വ്വ ചിത്രശലഭങ്ങള്‍. ചട്ടപ്രകാരം ഇതു സംബന്ധിച്ച്‌ നിയമലംഘനം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്‌. ആഗസ്റ്റ്‌ 7 നകം നോട്ടീസിന്‌ മറുപടി നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി ആരംഭിക്കുമെന്ന്‌ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സംസ്ഥാന വ്യവസായ കോര്‍പ്പറേഷനാണ്‌ സംസ്ഥാന സര്‍ക്കാരിനുവേണ്ടി പഠനത്തിനായി ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്‌. സംസ്ഥാനത്തു തന്നെ പരിസ്ഥിതി വകുപ്പിനു കീഴിലുള്ള നിരവധി ഏജന്‍സികളെയും പീച്ചി കേരള റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനെയും പാടേ അവഗണിച്ചാണ്‌ മുന്‍ സര്‍ക്കാര്‍ ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്ക്‌ കരാര്‍ നല്‍കിയത്‌. മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ കമ്പനി ഉദ്യോഗസ്ഥര്‍ ചീമേനിയില്‍ ക്യാമ്പ്‌ ചെയ്ത്‌ പഠനം നടത്തിയത്‌. പഠനാവശ്യത്തിനാണെങ്കില്‍ സംസ്ഥാനത്തെ വനം, പരിസ്ഥിതി വകുപ്പുകളുടെ അനുമതി വാങ്ങണമെന്നാണ്‌ ചട്ടം. പഠന റിപ്പോര്‍ട്ടും അപൂര്‍വ്വ ഇനം പൂമ്പാറ്റകളുടെ ചിത്രങ്ങളും കമ്പനി വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ ഇത്‌ സംബന്ധിച്ചു പരാതി ഉയര്‍ന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts