പള്ളിക്കര: 11 വര്‍ഷം മുമ്പ് കര്‍ക്കടവാവുദിവസം നടന്ന കൊലപാതകത്തിന് ലോക്കല്‍ പോലീസ് മുതല്‍ സിബിഐ അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായില്ല. ഇപ്പോഴത്തെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന് ദീര്‍ഘകാലമായി പ്രസിഡണ്ടായ പനയാല്‍ സര്‍വ്വീസ് ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ വിനോദ് കുമാറാ(28)ണ് കൊലചെയ്യപ്പെട്ടത്. 5വര്‍ഷം ഇടതുഭരണമുണ്ടായിട്ടും കൊലപാതകിയെ കണ്ടെത്താന്‍ പാര്‍ട്ടി ചെറുവിരല്‍ പോലും അനക്കിയില്ല. 2൦൦൦ ജൂലൈ 3൦ന് രാത്രിയിലാണ് വിനോദ് ബാങ്കിലെ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടത്. പതിവുപോലെ ബാങ്കിലേക്ക് കാവല്‍ ഡ്യൂട്ടിക്കു പോയതായിരുന്നു വിനോദ് കുമാര്‍. പിറ്റേദിവസം രാവിലെ ബാങ്കിലെത്തിയ തൂപ്പുകാരിയാണ് വിനോദിനെ കാണാനില്ലെന്നും ബാങ്കില്‍ കവര്‍ച്ച നടത്തിയുമെന്ന വിവരം ആദ്യം അറിഞ്ഞത്. ബാങ്ക് കെട്ടിടത്തിണ്റ്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി അകത്തുകടന്ന അക്രമികള്‍ സ്ട്രോംഗ് റൂം തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഗ്യാസ്കട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം പുറത്തേക്കു കാണാതിരിക്കാന്‍ മേശവിരി റോഡിനു അഭിമുഖമായുള്ള ജനലില്‍ വിരിച്ച നിലയിലായിരുന്നു. വിനോദ് സ്ഥിരമായി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലത്തു പായ വിരിച്ച നിലയിലും ടോര്‍ച്ചും സമീപത്ത് ഉണ്ടായിരുന്നു. സമീപത്തുതന്നെ സിറിഞ്ചും ഉണ്ടായിരുന്നു. വിനോദിനെ മയക്കുമരുന്നു കുത്തി വച്ച് അബോധാവസ്ഥയിലാക്കിയശേഷം കവര്‍ച്ചക്കു ശ്രമിച്ചതായിരുക്കുമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. വിനോദിണ്റ്റെ ചെരുപ്പുകള്‍ ബാങ്കിനു മുന്നില്‍ അലക്ഷ്യമായും കാണപ്പെട്ടിരുന്നു. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനിടയില്‍ വൈകുന്നേരം പെരിയാട്ടടുക്കം ദേശീയപാതയിലെ മുനിക്കല്‍ വളവില്‍ കമിഴ്ന്നു കിടന്ന നിലയില്‍ കണ്ടെത്തി. പെരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ കഴുത്ത് ഞെരുക്കിയാണ് വിനോദിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ കുത്തിവച്ചതിണ്റ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൊസ്ദുര്‍ഗ്ഗ് ഡിവൈഎസ്പിയായിരുന്ന കൊയിലാണ്ടി ബാലകൃഷ്ണനാണ് കേസ് ആദ്യം അന്വേഷിച്ചത്. പ്രൊഫഷണല്‍ കൊലയാളികളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അന്വേഷണം. കൊലപാതകവും കവര്‍ച്ചയുമായി ബന്ധപ്പെട്ട് നൂറുകണക്കിനു പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ചിലെ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമുദായസംഘത്തിണ്റ്റെ സഹായത്തോടെ വിനോദിണ്റ്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്കു കൈമാറിയത്. സിബിഐ ഏറെക്കാലം കേസ് അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസ് തെളിയിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പുനരന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. അതിനുശേഷം സിബിഐ അന്വേഷണം നടന്നുവെങ്കിലും ഇപ്പോള്‍ കേസിണ്റ്റെ ഗതി എന്താണെന്നു ആര്‍ക്കും അറിയില്ലെന്നതാണ് അവസ്ഥ. ഇതിനിടെ സിബിഐ അന്വേഷണത്തിനായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന മലയ സമുദായോദ്ധാരണ സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പെരിയയിലെ ബി.എ.എം.ശശി കാഞ്ഞങ്ങാട്ട് റെയില്‍ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ശശിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തുടക്കത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് അതും കെട്ടടങ്ങി. അതേസമയം മകണ്റ്റെ കൊലയാളികളെ എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വിനോദ് കുമാറിണ്റ്റെ മാതാവ് പാറുഅമ്മ. കൊലയാളികളെ കണ്ടെത്തണമെന്ന പ്രാര്‍ത്ഥനയുമായി അരവത്തെ വീട്ടില്‍ മകണ്റ്റെ ഫോട്ടോയ്ക്കു മുന്നില്‍ കണ്ണീരുമായി കഴിയുകയാണ് വികലാംഗയായ മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: