രാവണന് അനുനയസ്വരത്തില്‍ മാധുര്യമേറിയ വാക്കുകളോടെ സീതയോടിങ്ങനെ പറഞ്ഞു: അല്ലയോ സുന്ദരീ നീ കേട്ടാലും ഞാന്‍ നിന്റെ പാദപങ്കജങ്ങളുടെ ദാസനാണ്. എന്നില്‍ പ്രസാദിച്ചാലും. സകലലോകനാഥനും അസുരചക്രവര്‍ത്തിയമുമായ എന്നെ നീ ഒന്നു നോക്കുക. നിന്നെ മാത്രം ചിന്തിച്ച് നടക്കുന്ന എന്നെ ആഗ്രഹത്തോടെ നോക്കിയാലും.
ഭവതിയുടെ ഭര്‍ത്താവായ രാമന്റെ കാര്യം നോക്കൂ. ശ്രീരാമനെ ഓര്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് കാണാം. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും തിരഞ്ഞാലും ഭാഗ്യവാന്മാര്ക്കുപോലും ചിലപ്പോള്‍ നിന്റെ കാന്തനെ കണ്ട് കിട്ടുകയില്ല. ഹേ സുന്ദരി! ഒരിക്കലും ഒന്നിലും ആശയില്ലാത്ത അവനെക്കൊണ്ട് നിനക്ക് ഒരുപകാരവും ഉണ്ടാവുകയില്ല. അവന് യാതൊരു ഗുണവുമില്ലെന്ന് മനസ്സിലാക്കുക.
നീ അവനെ ആലിംഗനം ചെയ്തുകൊണ്ടിരുന്നാലും എപ്പോഴും അവന്റെ കൂടെ വസിച്ചാലും നിന്റെ എല്ലാ നന്മകളും അവന് ആസ്വദിച്ചുകൊണ്ടിരുന്നാല്‍ നിന്നില്‍ അവന് യാതൊരു താല്‍പ്പര്യവുമില്ല.
ശക്തിയില്ലാത്ത അവനെ ആശ്രയിച്ചിട്ട് യാതൊരു കാര്യവുമില്ല. ഇനി അവന് ദേവിയെ തേടി വരികയുമില്ല. അതിനാല്‍ അവനുവേണ്ടി ഭവതി ഒന്നും ചെയ്യേണ്ടതായിട്ടില്ല. അവന് കീര്‍ത്തിയില്ല, നന്ദിയില്ല, മമതയില്ല, അനുരാഗമില്ല, അഭിമാനം പോലുമില്ല. വലിയ ജ്ഞാനിയാണെന്നുമാണ് ഭാവം. കാട്ടാളന്മാരുടെയും വന്യജീവികളുടെയും കൂടെയാണ് താമസം. ദരിദ്രരോടാണ് സ്നേഹം. ഒന്നിലും യാതൊരു ഭേദചിന്തയുമില്ലാത്ത അവന് ചണ്ഡാളനും ബ്രാഹ്മണനും ഒരുപോലെയാണ്. പട്ടിയും പശുവും ഒരുപോലെയാണ്. (ഇതിന് ആരാധനാഭാവത്തിലും അര്‍ത്ഥമെടുക്കാം. കീര്‍ത്തി, മാനം, മമത, അഹങ്കാരം തുടങ്ങിയ ലൗകിക ഗുണങ്ങള്‍ക്കെല്ലാം അതീതനായ അവന് ദരിദ്രരെ സ്നേഹിക്കുന്നു. ചണ്ഡാളനെ ബ്രാഹ്മണന് തുല്യമായി കാണുന്നു. പട്ടികളെയും പശുക്കളെയും ഭേദമില്ലാതെ കാണുന്നു. മഹര്‍ഷിമാരുടെ ഇടയിലാണ് അവന്റെ സ്ഥാനം.ഭവതിയേയും കാട്ടാളയുവതിയേയും അവന് ഒരുപോലെയാണ് കാണുന്നത്. ദേവിയും അവന്റെ മനസ്സില്‍ നിന്ന് ഇപ്പോള്‍ മറഞ്ഞുപോയിട്ടുണ്ടാകാം. അതുകൊണ്ട് ഭര്‍ത്താവിനെ കാത്തിരുന്നത് ഇനി മതി.നിന്നോട് അവന് യാതൊരു സ്നേഹവുമില്ല എന്ന കാര്യത്തില്‍ എനിക്ക് ഒട്ടും സംശയമില്ല. ഞാന്‍ നിന്റെ ദാസനാണ്. അതിനാല്‍ എന്നെ നീ സ്വീകരിച്ചാലും. കൈയില്‍ കിട്ടിയ രത്നം ഉപേക്ഷിച്ച് കാക്കപ്പൊന്നിനെ കൊതുക്കുന്നത് എന്തിനാണ്?
ദേവന്മാര്, അസുരന്മാര്, രാക്ഷസന്മാര്, നാഗങ്ങള്‍, ഗന്ധര്വ്വന്മാര് എന്നിവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളും അപ്സരസുകളും നിന്നെ സന്തോഷത്തോടെ പരിചരിക്കും. വെറുതെ സമയം കളയാതെ നിന്റെ ഭയമെല്ലാം കളഞ്ഞ് എന്റെ ബാര്യയായി മാന്യതയോടെ നീ വാണാലും.
എന്നോടുള്ള പേടികൊണ്ട് സുന്ദരിമാര്‍ പലരും നിനക്ക് ദാസ്യവൃത്തിചെയ്യും. കാലനുപോലും എന്നെ ഭയമാണ്. ദേവേന്ദ്രനുപോലും ആദരണീയനായ അസുരചക്രവര്‍ത്തിയാണ് ഞാന്‍ എന്നറിഞ്ഞാലും. സൗഭാഗ്യത്തിന്റെയും സൗജന്യത്തിന്റെയും സാരസര്‍വ്വസ്വമായിട്ടുള്ളവളേ ശൃംഗാരഭാവത്തോടെ നീ എങ്ങനെ അനുസരിച്ചാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: