പ്രമോദിനീ പ്രഹര്‍ഷിണീ പ്രഭഞ്ജനീപ്രസാരിണീ
പ്രസിദ്ധാപ്രസ്തുതാപ്രാജ്ഞാപ്രദീപ്താപ്രഥമാപ്രഥാ
പ്രമോദിനീ – സന്തോഷിപ്പിക്കുന്നവള്‍. ഭക്തരുടെ പാപവും ദുരിതവും ഇവയ്ക്ക് കാരണമായ അജ്ഞാനവും നശിപ്പിച്ച് അവര്‍ക്ക് ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം നല്കുന്നവള്.
പ്രഹര്‍ഷിണീ – ആനന്ദത്തിന്റെ തീരത്തുള്ളലാണ് പ്രഹര്‍ഷം. ദുഃഖസ്പര്ശമില്ലാത്തതും സര്‍വ്വേന്ദ്രിയങ്ങളെയും ഉണര്‍ത്തുന്നതുമായ അളവറ്റ ആനന്ദം. അതുതരുന്നവള്, ആനന്ദം രൂപമായവള്‍.
പ്രഭഞ്ജിനീ – ഒടിക്കുന്നവള്, നശിപ്പിക്കുന്നവള്‍, ലോകത്തിന് ദ്രോഹം ചെയ്യുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കുന്നവള്‍. പ്രഭഞ്ജനന്‍ വായു ഭഞ്ജിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. വായുവിന് പര്‍വതങ്ങളെ പോലു പിളര്‍ത്താനുള്ള ശക്തിയുണ്ട്. ആ ശക്തി ദേവീരൂപമാകയാല് പ്രഭജ്ഞിനി എന്നു പേര്.
പ്രസാരിണീ – പ്രസരിപ്പിക്കുന്നവള്‍. ചുറ്റുപാടും വ്യാപിക്കലാണ് പ്രസരണം. വ്യാപിക്കല്‍ പ്രസാരണം. തന്റെ വിഭൂതികളിലുടെ കാരുണ്യം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും രൂപത്തില്‍ ലോകമെങ്ങും ദേവി പ്രസരിപ്പിക്കുന്നു. ദേവിയുടെ ചൈതന്യപ്രസാരം പതിക്കാത്ത ഒരു വസ്തുവും ജീവിയും പ്രപഞ്ചത്തിലില്ല.
പ്രസിദ്ധാ – എല്ലാവരും അറിയുന്നവള്‍. ലക്ഷ്മീദേവിയെ അറിയാത്തവരായി ആരുമില്ല. ലളിതാ സഹസ്രനാമ സ്തോത്രത്തില്‍ ‘ആബാലഗോപവിദിതാ’ എന്നൊരുനാമമുണ്ട്. കുട്ടികളും ഇടയന്മാരും കൂടി അറിയുന്നവള്‍ എന്ന നാമത്തിനര്‍ത്ഥം. ആ ആശയം ഇവിടെയും യോജിക്കും.
‘ഞാന്‍’ എന്ന ബോധം എല്ലാവര്‍ക്കുമുണ്ട്. ആ ഞാന്‍ ആരാണെന്ന് അധികം പേരും ചിന്തിക്കാറില്ല. ശരീരമാണ് ഞാന്‍ എന്ന് ബോധപൂര്‍വമല്ലാത്ത ധാരണ എല്ലാവര്‍ക്കുമുണ്ട്. ശരീരമായും ജീവനായും വര്‍ത്തിക്കുന്ന ചൈതന്യം മഹാദേവിയാണെന്ന് ഏവര്‍ക്കുമറിയാം. ഓര്ക്കാറില്ലെന്നേയുള്ളൂ. എല്ലാവരും അറിയുന്നതിനാല്‍ പ്രസിദ്ധാ എന്നു നാമം.
പ്രസ്തുതാ – സ്തുതിക്കപ്പെട്ടവള്‍. ത്രിമൂര്‍ത്തികള്‍, ദേവന്മാര്, അസുരശ്രേഷ്ഠര്‍, ഋഷിമാര്‍, മനുഷ്യര്‍ തുടങ്ങി ഏതെങ്കിലും രൂപത്തിലുള്ള ഐശ്വര്യം ആഗ്രഹിക്കുന്ന എല്ലാവരാലും സ്തുതിക്കപ്പെട്ടവള്‍.
പ്രാജ്ഞാ – പ്രജ്ഞയുള്ളവള് എന്നു പദാര്‍ത്ഥം. എല്ലാം അറിയുന്നവള്‍. എല്ലാ ജ്ഞാനത്തിനും ആധാരമായവള്‍. സുഷുത്യവസ്ഥയില് സാക്ഷിയായി വര്‍ത്തിക്കുന്നവള്‍ എന്നും വ്യാഖ്യാനം ശരീരത്തില്‍ അകപ്പെടുന്ന ജീവാത്മാവിന് ജാഗ്രത്, സ്വപനം, സുഷുപ്തി എന്നു മൂന്നവസ്ഥകളുണ്ട്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ഉള്‍പ്പെടെയുള്ള ശരീരം പ്രവര്‍ത്തനം നിറുത്തി വിശ്രമിക്കുമ്പോള്‍ ശരീരത്തെ രക്ഷിക്കാനായി ദേവീചൈതന്യം സാക്ഷിയായി ഉണര്‍ന്നിരിക്കും. ശരീരത്തിന് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ സാക്ഷിയായ ദേവീശക്തി ജീവാത്മാവിലൂടെ ശരീരത്തെ ജാഗ്രതാവസ്ഥയിലേക്ക് ഉണര്‍ത്തിക്കൊണ്ടുവരും. സുഷുപ്തിയില്‍ ശരീരത്തെ രക്ഷിക്കുന്ന ദേവീചൈതന്യത്തെ ‘പ്രാജ്ഞാ’ എന്നുവിളിക്കുന്നു.
പ്രദീപ്താ – നല്ലവണ്ണം പ്രകാശിക്കുന്നവള്‍. സൂര്യചന്ദ്രാദികളായ പ്രകാശ സ്രോതസ്സുകള്‍ക്ക് പ്രകാശം നല്കി ശോഭിപ്പിക്കുന്നവള്. എല്ലാ പ്രകാശങ്ങള്‍ക്കും പ്രകാശമായവള്‍.
പ്രഥമാ – ഒന്നാമത്തവള്‍. ആദിശക്തി, ഉല്പ്പത്തിയില്ലാത്ത ശാശ്വതചൈതന്യമാണ് ദേവി. ദേവിയില്‍ നിന്നുണ്ടായതാണ് മേറ്റ്ല്ലാം. അതുകൊണ്ട് പ്രഥമാ എന്നുപേര്. ഏറ്റവും പ്രധാനപ്പെട്ടവള്‍ എന്നും വാക്കിനര്‍ത്ഥമുണ്ട്. എല്ലാ ശക്തികളെക്കാളും മുഖ്യതയുള്ളവള്.
പ്രഥാ – കീര്‍ത്തി രൂപമായവള്‍. തന്റെ ഭക്തര്‍ക്ക് കീര്‍ത്തി നല്കുന്നവള് എന്നും അര്‍ത്ഥം.
പ്രഥ കീഴ്വഴക്കത്തെയും കുറിക്കും. കീഴ്വഴക്കങ്ങളാണ് കാലക്രമത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമങ്ങളുമാകുന്നത്. മനുഷ്യര്‍ക്കുമാത്രമല്ല, പ്രകൃതിയും പ്രകൃതി ശക്തികളും കീഴ്വഴക്കങ്ങള് അനുസരിക്കുന്നു. സമൂഹത്തിന്റെയും ലോകത്തിന്റെയും സുസ്ഥിതിക്ക് ആവശ്യമായ കീഴ്വഴക്കങ്ങളായി ലോകരക്ഷ ചെയ്യുന്നവളാകയാല്‍ ദേവിക്ക് പ്രഥാ എന്നുനാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: